വിതുര:തെരുവ് നായ്ക്കളുടെ ശല്യം നിമിത്തം ഒരു ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവിതം ദുരിതപൂണമായതായി പരാതി.തൊളിക്കോട്,വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചായം കൈതക്കുഴി മേഖലകളിലാണ് തെരുവ്നായ്ക്കൾ പ്രദേശവാസികൾക്ക് ഭീഷണിയായി മാറിയത്.കൂട്ടാമായെത്തുന്ന നായകൾ കാട്ടികൂട്ടുന്ന വിക്രീയകൾ വിവരണാതീതമാണ്.നായകളുടെ ശല്യം മൂലം പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയായെന്നാണ് നാട്ടുകാരുടെ പരാതി.അനവധി പേർ നായകളുടെ ആക്രമണത്തിന് വിധേയരായി. നിരവധി തവണ വീടുകളിൽ വരെ കയറി ആക്രമണം നടത്തി.നിരവധി കോഴികളെ നായകൾ കൊന്നു തിന്നു.കോഴികളെ തുറന്ന് വിടുവാൻ കഴിയാത്ത സ്ഥിതിയിലുമാണ്. ആടുകളെയും ആക്രമിച്ചു.പൂച്ചകളെ വരെ കടിച്ചു കൊന്ന് തിന്നതായി നാട്ടുകാർ പറയുന്നു. സ്കൂളിലേക്ക്സ പുറപ്പെട്ട വിദ്യാർത്ഥികൾ വരെ നായകളുടെ ആക്രമണത്തിന് വിധേയരായി.സന്ധ്യമയങ്ങിയാൽ വീട് തുറന്ന് പുറത്തിറങ്ങുവാൻ കഴിയാത്ത സ്ഥിതി വിശേഷമാണ്.ഒരാഴ്ചയായി ഇതാണ് അവസ്ഥയെന്നാണ് നാട്ടുകാർ അറിയിച്ചത്.സന്ധ്യമയങ്ങിയാൽ നായകളുടെ ഒാരിയിടൽ ആരംഭിക്കും.പരസ്പരം കടിക്കുകയും,ഒാരിയിടുകയും ചെയ്യുന്നത് മൂലമുണ്ടാകുന്ന ശബ്ദം നിമിത്തം ഉറങ്ങുവാൻ കഴിയാത്ത അവസ്ഥയിലായെന്ന് പ്രദേശവാസികൾ പറയുന്നു.പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരിക്കുകയാണ്.നായ ശല്യം തടയുവാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകൾ..