kt-jaleel

തിരുവനന്തപുരം: എം.ജി സർവകലാശാലയിലെ മാർക്ക് ദാനവിവാദത്തിൽ താനോ തന്റെ ഓഫീസോ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീൽ. ഇടപെട്ടതിന് തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവ ഹാജരാക്കണമെന്നും മന്ത്രി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാങ്കേതിക സർവകലാശാലയുടെ അദാലത്തിൽ മന്ത്രിയുടെ പ്രൈവ​റ്റ് സെക്രട്ടറിയും അഡിഷനൽ പ്രൈവ​റ്റ് സെക്രട്ടറിയും മിനുട്‌​സിൽ ഒപ്പിട്ടു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഒപ്പിട്ട രേഖ പ്രതിപക്ഷ നേതാവ് കാണിച്ചു തരാമോ? പങ്കെടുത്തവരുടെ പട്ടികയിൽ പ്രൈവ​റ്റ് സെക്രട്ടറിയുടെ പേരുണ്ടെങ്കിലും രേഖയിൽ ഒപ്പിട്ടിട്ടില്ല. സർവകലാശാലകളിൽ വി.സിമാരുടെ നേതൃത്വത്തിൽ മൂന്നു മാസത്തിലൊരിക്കൽ നടത്തുന്ന അദാലത്തുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
സർവകലാശാലകളിൽ സർക്കാർ നടത്തുന്ന പരിഷ്​കാരങ്ങളിൽ വിറളിപിടിക്കുന്നവരാണ് ഇപ്പോൾ ദുഷ്പ്രചാരണം നടത്തുന്നത്. മോഡറേഷൻ കേരളത്തിൽ ആദ്യ സംഭവമല്ല. 2012 ജൂൺ 12ന് യു.ഡി.എഫ് ഭരണകാലത്ത് കലിക്ക​റ്റ് യൂണിവേഴ്‌​സി​റ്റി ബി.ടെക് പരീക്ഷയിൽ ഒരു വിഷയത്തിൽ തോ​റ്റ കുട്ടികളെ വിജയിപ്പിക്കാൻ 20 മാർക്ക് വരെ മോഡറേഷൻ നൽകാൻ തീരുമാനിച്ചിരുന്നു. എല്ലാ സർവകലാശാലകളും ഇങ്ങനെ മോഡറേഷൻ നൽകുന്നത് പതിവാണ്.
മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന അടിസ്ഥാന രഹിതമായ ആരോപണമാണ് ചെന്നിത്തല ഉന്നയിച്ചത്. മ​റ്റു വിഷയങ്ങളിലെല്ലാം 90 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥിയുടെ, തോ​റ്റ ഒരു പേപ്പർ വീണ്ടും മൂല്യനിർണയം നടത്താൻ വൈസ്ചാൻസലറുടെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. വിദ്യാർഥി 91 ശതമാനം മാർക്കും അഞ്ചാം റാങ്കും നേടിയാണ് വിജയിച്ചത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് മറച്ചുവയ്ക്കുകയാണ്.

എഴുതിയ ഉത്തരത്തിനുള്ള മാർക്കാണ് നൽകിയത്. അത് ഔദാര്യമല്ല. ആക്ഷേപമുന്നയിച്ച് പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ട സാഹചര്യത്തിൽ ചാൻസലറായ ഗവർണർ തീരുമാനമെടുക്കട്ടെ എന്നും മന്ത്രി കെ.ടി. ജലീൽ പ​റഞ്ഞു.