2

വിഴിഞ്ഞം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്തെ പുലിമുട്ട് നിർമ്മാണം തുടങ്ങി. ഇന്നലെ രാവിലെ തുറമുഖ നിർമ്മാണ സ്ഥലത്തെ പൂജാകർമ്മങ്ങൾക്ക് ശേഷമാണ് പുലിമുട്ട് നിർമാണത്തിനുള്ള കല്ലുകൾ നിക്ഷേപിച്ചു തുടങ്ങിയത്. രാവിലെ മുതൽ കല്ലുമായി ലോറി എത്തി. തുടക്കമായതിനാൽ ഏതാനും ലോഡ് കല്ലുകളാണ് എത്തിച്ചത്. അടുത്ത മാസം മുതൽ തിരുനെൽവേലിയിൽ നിന്നു കല്ലെത്തിക്കും. നിർമ്മാണ സ്ഥലത്ത് ശേഖരിച്ചിരിക്കുന്ന 20 ലക്ഷം ടൺ ചെറിയ കരിങ്കല്ലുകളാണ് ഇന്നലെ മുതൽ നിക്ഷേപിച്ച് തുടങ്ങിയത്. ഇതിനു മുകളിലായി വലിയ കരിങ്കല്ലുകൾ നിക്ഷേപിക്കുന്ന ജോലികൾ ആരംഭിക്കും. ഇതിനായി 10 ട്രക്കുകൾ നിർമ്മാണ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 675 മീറ്ററോളം പുലിമുട്ട് നിർമ്മിച്ച ശേഷമാണ് കരിങ്കൽ ക്ഷാമം നേരിട്ടത്. കടൽക്ഷോഭത്തിലും ഓഖിയിലും നിർമ്മിച്ച പുലിമുട്ടിന്റെ 150 മീറ്ററോളം തകർന്നതും പദ്ധതിക്ക് തിരിച്ചടിയായിരുന്നു. പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കിയാലേ മറ്റ് നിർമ്മാണങ്ങൾ നടക്കൂ. 20 ഓളം ക്വാറികളിൽ നിന്നു കല്ലുകൾ പൊട്ടിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇവ ബാർജ് മുഖാന്തരം വിഴിഞ്ഞത്തെത്തിക്കും. അടിയിൽ ചെറിയ കല്ലുകൾ നിക്ഷേപിച്ച് മുകളിലേക്ക് വീതി കുറഞ്ഞാണ് നിർമ്മാണ രീതി. മുകളിൽ എത്തുമ്പോൾ വലിയ കല്ലുകൾ നിക്ഷേപിക്കും. കടലിനോട് ചേർന്ന പുലിമുട്ടിന്റെ വശങ്ങളിൽ അക്രോപോഡ് നിക്ഷേപിച്ച് സംരക്ഷിക്കും. ബാർജ് വഴിയുള്ള കരിങ്കല്ലുകൾ അടുത്ത മാസം ആദ്യവാരമെത്തിക്കും. നവംബർ ആദ്യവാരം ശേഷിക്കുന്ന ഡ്രഡ്‌ജിംഗ് പണികൾ ആരംഭിക്കും.