വിദേശ മെഡിക്കൽ വിദ്യാഭ്യാസ അവസരങ്ങളെ പ്രമോട്ട് ചെയ്യുന്ന എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാർ നമ്മെ അവർ ഉദ്ദേശിക്കുന്ന രാജ്യത്തെത്തിക്കാനുള്ള വിവരങ്ങളാണ് (പലപ്പോഴും അർദ്ധസത്യങ്ങൾ) നൽകുന്നത്. ഓരോ രാജ്യങ്ങൾക്കും മെഡിക്കൽ പ്രാക്ടീസ് സംബന്ധിച്ച് കർശന നിബന്ധനകളുണ്ട്. ഇന്ത്യയിൽ പഠിച്ച ഡോക്ടർക്ക് നേരിട്ട് ഗൾഫിലോ ജർമ്മനിയിലോ അമേരിക്കയിലോ പോയി പ്രാക്ടീസ് ചെയ്യാനാവില്ല. ഇതറിയാതെ വിദേശത്ത് പോകുന്ന കുട്ടിയുടെ ഭാവി കുഴപ്പത്തിലാകും. വലിയ സാമ്പത്തിക ബാദ്ധ്യതയുമുണ്ടാകും.
എന്തുകൊണ്ട് മറ്റു രാജ്യങ്ങൾ ?
വിദേശ മെഡിസിൻ പഠനത്തിന് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത് പ്രധാനമായും ചില കാരണങ്ങളാണ്.
1. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 539 കോളേജുകളിലായി ഏകദേശം എഴുപതിനായിരത്തിനു മുകളിൽ എം.ബി.ബി.എസ്. സീറ്റുകളാണ് ഇന്ത്യയിലുള്ളത്. 270 തോളം ഗവൺമെന്റ് മെഡിക്കൽ കോളേജുകളും 260 തോളം പ്രൈവറ്റ് മെഡിക്കൽ കോളേജുകളും. എന്നാൽ ആകെ മെഡിക്കൽ സീറ്റുകൾക്ക് ആനുപാതികമല്ലാത്ത വിധത്തിൽ, പതിനഞ്ചുലക്ഷത്തോളം വിദ്യാർത്ഥികൾ ഓരോ വർഷവും പ്രവേശനത്തിന് ശ്രമിക്കുന്നു. പഠിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മിലുള്ള അന്തരമാണ് വിദേശത്തുപോകാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.
2.മെഡിക്കൽ പ്രവേശന പരീക്ഷ പാസാകാൻ പറ്റാത്തവരാണ് മറ്റൊരു കൂട്ടർ. 2018 ന് മുൻപ് വിദേശത്തു മെഡിസിൻ പഠിക്കണമെങ്കിൽ നീറ്റ് പരീക്ഷ പാസാകേണ്ടതില്ലായിരുന്നു. ഇപ്പോഴും, വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് മറ്റൊരു നാട്ടിലേക്ക് പോകാനുള്ള സാദ്ധ്യതയുണ്ടെങ്കിൽ, നമ്മുടെ പ്രവേശന പരീക്ഷ പാസാകണമെന്ന നിബന്ധന വിദേശരാജ്യങ്ങളിലെ മെഡിക്കൽ കോളേജുകൾക്കില്ല.
3. നീറ്റ് പാസായാലും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് താങ്ങാനാവാത്ത സാഹചര്യമാണ്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ എം.ബി.ബി.എസ് പൂർത്തിയാക്കാൻ അറുപതുലക്ഷം മുതൽ ഒരുകോടി വരെ ചെലവാകാം. എന്നാൽ മുപ്പതുലക്ഷം രൂപ ചെലവിൽ എം.ബി.ബി.എസ് പൂർത്തിയാക്കാൻ കഴിയുന്ന രാജ്യങ്ങളുണ്ട്.
ഏതൊക്കെ രാജ്യങ്ങൾ?
നമ്മുടെ വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ ചൈന, റഷ്യ, ഉക്രൈൻ, ജോർജിയ, യു.എ.ഇ, താജികിസ്ഥാൻ, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ് , നേപ്പാൾ, കരീബിയൻ രാജ്യങ്ങൾ, പോളണ്ട്, ബലാറുസ് എന്നിവയാണ്.
മെഡിക്കൽ വിദ്യാഭ്യാസത്തിന് ചെലവു കുറഞ്ഞതും ഏറ്റവും ഡിമാൻഡുള്ളതുമായ രാജ്യങ്ങളിലൊന്നാണ് ചൈന. നിലവിൽ 23,000 ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനീസ് സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. 20,000 പേർ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ്. സാദ്ധ്യതകൾ മുന്നിൽക്കണ്ട് ചൈനീസ് വിദ്യാഭ്യാസമന്ത്രാലയം 45 കോളേജുകൾക്ക് എം.ബി.ബി.എസ് കോഴ്സുകൾ ഇംഗ്ലീഷിൽ പഠിപ്പിക്കാനുള്ള അംഗീകാരം നൽകി. ഇവയ്ക്ക് മാത്രമേ ഇനി മുതൽ വിദേശവിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാനാവൂ. റഷ്യ, ഉക്രൈൻ, തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്രതലത്തിൽ കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നുണ്ട്. ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് എക്സാമിനേഷൻ നേരത്തെ പറഞ്ഞതുപോലെ, മെഡിസിൻ ഒരു പോർട്ടബിൾ ഡിഗ്രി അല്ലാത്തതിനാൽ, ഇന്ത്യയിലേക്ക് മടങ്ങിവന്നാൽ നിബന്ധനകളനുസരിച്ചേ പ്രാക്ടീസ് ചെയ്യാനാവൂ.
യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ്, യു.കെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരൊഴികെ മറ്റെല്ലാ മെഡിക്കൽ ബിരുദധാരികളും ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ പാസാകണം.ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ എഫ്.എം.ജി.ഇ ജയിച്ചാൽ മാത്രം പോരാ. അംഗീകാരമുള്ള ഏതെങ്കിലും ഇന്ത്യൻ മെഡിക്കൽ കോളേജിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പു കൂടി ചെയ്താലേ രജിസ്ട്രേഷൻ പൂർത്തീകരിക്കാനാവൂ.
ചില ഏജൻസികൾ, എഫ്.എം.ജി.ഇ പാസാവുക നിസാരമാണെന്നും പാസായാലുടൻ ഇന്ത്യയിൽ ജോലി ചെയ്യാമെന്നും തെറ്റിദ്ധരിപ്പിച്ചേക്കാം. യാഥാർത്ഥ്യം ഇതല്ല! ഇന്ത്യയിൽ ഒരു വർഷം ഏകദേശം പന്ത്രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ അറ്റൻഡ് ചെയ്യുന്നുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം, കുറേ വർഷങ്ങളായി എഫ്.എം.ജി.ഇ എക്സാമിലെ ശരാശരി വിജയശതമാനം 20 ശതമാനത്തിൽ കൂടിയിട്ടില്ലെന്നതാണ് . 2018 വരെയുള്ള കണക്കുകളിൽ എഫ്.എം.ജി.ഇ എഴുതിയിരിക്കുന്ന വിദ്യാർത്ഥികളിൽ കൂടുതലും ചൈന, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ബിരുദമെടുത്തവരാണ്. ഉക്രൈൻ, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ധാരാളം അപേക്ഷകരുണ്ട്. പക്ഷേ, ഇവരിൽ ഏകദേശം 15 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. അതേവർഷങ്ങളിൽ താരതമ്യേന കൂടുതൽ വിജയശതമാനം യു.എ.ഇ (ഏകദേശം 36 ശതമാനം), ബംഗ്ലാദേശ് (ഏകദേശം 27 ശതമാനം) എന്നീ രാജ്യങ്ങളിൽ പഠിച്ചവർക്കാണ്.
എഫ് .എം. ജി. ഇ
പാസായില്ലെങ്കിലെന്ത്?
മെഡിക്കൽ കൗൺസിലിന്റെ പരീക്ഷ ബുദ്ധിമുട്ടാണെങ്കിലും അത് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ മാത്രമുള്ള പ്രശ്നമാണല്ലോ. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് FMGE നിർബന്ധമല്ല. പഠിച്ച രാജ്യത്തു തന്നെ ജോലി ചെയ്യാനുദ്ദേശിക്കുന്നെങ്കിൽ ജോലി സാദ്ധ്യത, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കണം. ബംഗ്ലാദേശിലോ ചൈനയിലോ ഉക്രൈനിലോ പ്രാക്ടീസിന് അനുമതി കിട്ടിയാൽത്തന്നെ വരുമാനം നാട്ടിലെ ബാങ്ക് ലോൺ അടയ്ക്കാൻ പര്യാപ്തമാകുമോ എന്നറിയണം. ഇന്ത്യയിൽ FMGE പരീക്ഷ പാസായില്ലെങ്കിലും മറ്റു രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാമല്ലോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇതും പ്രായോഗികമല്ല. ഫിലിപ്പൈൻസിലെ ബിരുദവുമായി അമേരിക്കയിലും, ഉക്രൈയിനിലെ ബിരുദവുമായി ജർമ്മനിയിലും നേരിട്ട് പ്രാക്ടീസ് ചെയ്യാനാവില്ല. വർഷങ്ങൾ നീളുന്ന പ്രവേശന പരീക്ഷകൾ, തുടർപഠനങ്ങൾ, തുടർപരിശീലനം, ഭാഷാ പ്രാവീണ്യം ഒക്കെ വേണ്ടിവരും.
വിദേശ പഠനത്തിന് മുൻപ്
1. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ മനസിലാക്കുക. വിദേശത്തേക്ക് വിദ്യാർത്ഥികളെ അയയ്ക്കുന്ന ഒരു ഏജൻസിക്കും എം.സി.ഐ അംഗീകാരം നൽകിയിട്ടില്ല. എം.സി.ഐ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന സർവകലാശാലകളെക്കുറിച്ചും കോളേജുകളെക്കുറിച്ചും മനസിലാക്കുക.
2. എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാർ പറയുന്ന കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്നോ അറിവുള്ളവരോടൊ അന്വേഷിച്ചോ കൃത്യത വരുത്തുക. കൺസൾട്ടൻസി ഏതെങ്കിലും രാജ്യത്തേക്ക് പോകാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ അവരിലൂടെ ആ രാജ്യത്ത് പരിശീലനം നടത്തിയവരുടെ വിവരങ്ങൾ ചോദിക്കുക. അവരിൽ നിന്ന് കാര്യങ്ങൾ ഉറപ്പുവരുത്തുക.
3. പഠനത്തിന്റെ ഫീസ് കൂടാതെയുള്ള ചെലവുകളെക്കുറിച്ചും മനസിലാക്കണം. യാത്ര, താമസം, ഭക്ഷണം, ഇൻഷ്വറൻസ്, മെഡിക്കൽ സേവനങ്ങൾ ഇതൊക്കെ ഭാരിച്ച ചെലവായേക്കാം.
4. വിദേശ യൂണിവേഴ്സിറ്റികൾ എല്ലാം മികച്ചവയാണെന്നു കരുതരുത്. പഠിക്കാനാഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര റാങ്കിങ് നിലവാരം അറിഞ്ഞിരിക്കണം. ഇതിനായി ഒരു അന്താരാഷ്ട്ര റാങ്കിംഗ് ഏജൻസിയുടെ പഠനങ്ങൾ പരിശോധിക്കാം. ടൈം ഹയർ എഡ്യൂക്കേഷൻ റാങ്കിംഗ്, ഷാങ്ഹായ് റാങ്കിംഗ് എന്നിവ ഉദാഹരണങ്ങളാണ്. പാഠ്യവിഷയങ്ങൾ, പഠനമികവ്, അദ്ധ്യാപനം, തുടങ്ങി പല കാര്യങ്ങളിലുമുള്ള യൂണിവേഴ്സിറ്റിയുടെ പ്രകടനം അറിയുക, ഗൂഗിൾ ചെയ്ത് പ്രത്യേകതകളും പ്രശ്നങ്ങളും മനസിലാക്കണം.
5. ലോകാരോഗ്യ സംഘടന ഇപ്പോൾ മെഡിക്കൽ കോളേജുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല. World Federation for Medical Education (WFME), Foundation for Advancement of International Medical Education and Research (FAIMER) എന്നീ സംഘടനകൾ സംയുക്തമായി World Directory of Medical Schools പ്രസിദ്ധീകരിക്കുന്നുണ്ട്. പോകാനുദ്ദേശിക്കുന്ന സ്ഥാപനം ഈ ലിസ്റ്റിലുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കണം. (കൂടുതൽ അറിയാൻ https://www.wdoms.org/ സന്ദർശിക്കൂ).
6. ഒരു രാജ്യത്തെ മെഡിക്കൽ ഡിഗ്രി മറ്റേതൊക്കെ രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നറിയുക. സാമ്പത്തികമായി ഉന്നതിയും തൊഴിൽ സാദ്ധ്യതയുമുള്ള മറ്റേതെങ്കിലും രാജ്യത്ത് ബിരുദങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതൊരു നല്ല ഓപ്ഷനാണ്.
മെഡിക്കൽ പരിശീലനത്തിന് ആളുകൾ കുറുക്കുവഴികൾ തേടുന്നതിനെപ്പറ്റി അടുത്ത കാലത്ത് അതിശയകരമായ ഒരു കാര്യം വായിച്ചു. അഞ്ചുവർഷം വിദേശത്ത് പഠിച്ചു എന്ന് പറഞ്ഞ ചില കുട്ടികളുടെ പാസ്പോർട്ടിൽ അക്കാലത്ത് രാജ്യത്തിന് പുറത്തായിരുന്നതിന്റെ രേഖകളില്ലായിരുന്നു. അതായത് ചില ‘വിദേശ"മെഡിക്കൽ കോളേജുകളിലെ പരിശീലനം നടക്കുന്നത് ഇന്ത്യയിലെ കേന്ദ്രങ്ങളിൽ ആണത്രേ. ഇത്തരം വ്യാജപ്രസ്ഥാനങ്ങളിലൂടെ മക്കളെ ഡോക്ടറാക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭാവിയെ വലിയ കുഴപ്പത്തിലാക്കുകയാണ് . എന്നെങ്കിലും ഇക്കാര്യം പിടിക്കപ്പെട്ടാൽ വ്യാജഡോക്ടർ എന്ന പേരായിരിക്കും അവർക്ക് ലഭിക്കുന്നത്. പണം മാത്രമല്ല മാനവും നഷ്ടപ്പെടും.