വിതുര:വിതുര തള്ളച്ചിറയിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഭയപ്പെടുത്തിയ രണ്ട് പെരുമ്പാമ്പുകളിൽ ഒന്നിനെ വനംവകുപ്പിലെ താത്കാലിക ജീവനക്കാരനും പാമ്പുപിടിത്തക്കാരനുമായ മേമല സനൽരാജ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തള്ളച്ചിറ തോട്ടിന് സമീപം കാടുവെട്ടിക്കൊണ്ടുനിൽക്കുമ്പോഴാണ് കാട്ടിൽനിന്ന് രണ്ടുപെരുമ്പാമ്പുകൾ പുറത്തുചാടിയത്. കടിക്കാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ ഒാടി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഒാടിക്കൂടി സനൽരാജിനെ വിളിച്ചുവരുത്തുകയായിരുന്നു. പതിനഞ്ചടി നീളമുള്ള ആൺപെരുമ്പാമ്പും പെൺപെരുമ്പാമ്പുമായിരുന്നു. പെൺപെരുമ്പാമ്പ് തോട്ടിലെ വെള്ളത്തിൽ ചാടി രക്ഷപ്പെട്ടു. ഇൗ പ്രദേശത്തു നിന്ന് മുൻപും പെരുമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്. പിടികൂടിയ പെരുമ്പാമ്പിനെ ഉൾവനത്തിൽ തുറന്നുവിട്ടു.