വർക്കല: ലോകപ്രസിദ്ധവും ചരിത്രപ്രാധാന്യമുള്ളതുമായ പാപനാശം കുന്നുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും യുനെസ്കോയുടെ പൈതൃക പട്ടികയിൽ കുന്നുകളെ ഉൾപ്പെടുത്താനുമുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹൈഡ്രോഗ്രാഫിക് സർവേ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടൊപ്പം പാപനാശം കുന്നിൽ രാജ്യത്തെ ആദ്യത്തെ ജിയോപാർക്കും ജിയോ മ്യൂസിയവും സ്ഥാപിക്കും. കാലാവസ്ഥ, ഭൗമശാസ്ത്രം, കാറ്റിന്റെ ദിശ, കടലിലെ തിരയുടെ വ്യതിയാനങ്ങൾ എന്നീ പഠനങ്ങൾ നടത്തി ഒരു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. തുടർന്ന് ക്ലിഫുകളെ സൗന്ദര്യവത്കരിച്ചുകൊണ്ട് ജിയോ പാർക്കും ജിയോ മ്യൂസിയവും നിലവിൽ വരും. കഴിഞ്ഞ കുറെ വർഷങ്ങളായി കടൽക്ഷോഭത്തെയും കാലവർഷത്തെയും അതിജീവിക്കാനാകാതെ പാപനാശം കുന്നുകൾ തകർച്ചയുടെ വക്കിലാണ്. ജിയോ പാർക്ക് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി പാപനാശം കുന്നുകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ജനുവരിയിൽ കേന്ദ്ര എർത്ത് സയൻസ് മന്ത്റാലയത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള സംഘം പാപനാശം കുന്നിലെത്തി പരിശോധനകൾ നടത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പഠനത്തിനായി തുക അനുവദിച്ചത്. കർണാടകയിലെ ഉള്ളാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ കടൽ തീരങ്ങൾ സംരക്ഷിച്ച മാതൃകയിലാണ് പാപനാശം കടൽത്തീരവും കുന്നുകളും സംരക്ഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വെട്ടൂർ മുതൽ ഇടവ വെറ്റക്കട വരെയുള്ള കടൽ തീരത്തെ കുന്നുകൾക്കാണ് സംരക്ഷണകവചം ഒരുക്കുന്നത്. ഇതിനായി തീരത്തു നിന്നും കടലിന്റെ അരക്കിലോമീറ്ററിനുള്ളിൽ ഓഫ് ഷോർ ബ്രേക്ക് വാട്ടർ (തീരസംരക്ഷണ വേലി) നിർമ്മിക്കും.
നടപ്പാക്കിയത്
-----------------------------
ഹെലിപ്പാഡിന് സമീപം കടലിൽ മൂന്ന് കിലോമീറ്ററുള്ളിൽ കടലിന്റെ തിര അളക്കുന്നതിനായി വൈബർബോയി മെഷിനറിയും സ്ഥാപിച്ചു. ചെന്നൈ കോസ്റ്റൽ നാഷണൽ റിസർച്ച് സെന്ററിന്റെ മേൽനോട്ടത്തിലാണ് മെഷീൻ സ്ഥാപിച്ചത്. ഇതുകൂടാതെ പാപനാശം പ്രകൃതി ചികിത്സാ ആശുപത്രിക്കു സമീപം കാറ്റിന്റെ ഗതി വിലയിരുത്തുന്നതിനായി ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിയെക്കുറിച്ച്
----------------------------------
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിഡ് കോർപറേഷൻ കേന്ദ്ര സർക്കാരിനു സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, സെസ്, കേരള യൂണിവേഴ്സിറ്റി ജിയോളജി വിഭാഗം, വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ സാങ്കേതിക സഹായത്തോടെ വിവിഡ് കോർപറേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്
പ്രതികരണം:
പാപനാശം കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാപനാശം കുന്നിൽ ജിയോ പാർക്കും സമീപത്ത് ജിയോ മ്യൂസിയവും നിലവിൽ വരുന്നതിനുള്ള പഠനങ്ങളും ആരംഭിച്ചു.
വി. ജോയി എം.എൽ.എ