pooja

തിരുവനന്തപുരം: ജയിലുകൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ സുരക്ഷയൊരുക്കുന്ന അത്യാധുനിക സ്‌കാനറും ലോഹഭാഗങ്ങൾ കണ്ടെത്തുന്ന ഡിറ്റക്ടറുകളും സ്ഥാപിക്കാൻ ഡി.ജി.പി ഋഷിരാജ് സിംഗ് തയ്യാറെടുക്കുന്നു. കഞ്ചാവും ലഹരിവസ്‌തുക്കളും സ്‌മാർട്ട്ഫോണുകളും ആയുധങ്ങളും ശരീരഭാഗങ്ങളിലൊളിപ്പിച്ച് ജയിലിലേക്ക് കടത്തുന്നത് തടയുകയാണ് ലക്ഷ്യം. സിംഗിന്റെ ശുപാർശ അംഗീകരിച്ച് ജയിലുകളിൽ 5.48 കോടി ചെലവിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകി. ഡോർഫ്രെയിം മൾട്ടിപർപ്പസ് മെറ്റൽഡിറ്റക്‌ടർ, എക്സ്‌റേ ബാഗേജ് ഇൻസ്‌പെക്‌ഷൻസിസ്റ്റം, മൊബൈൽ ഫോണുകളും ആയുധങ്ങളും കണ്ടെത്താനുള്ള സെക്യൂരിറ്റിപോൾ എന്നിവയാണ് വരുന്നത്.

തടവുകാരൻ ജയിൽ കവാടത്തിലെത്തുമ്പോൾ ഡോർഫ്രെയിം മൾട്ടി പർപ്പസ് മെറ്റൽ ഡിറ്റക്‌ടർ ശരീരത്തെ മൂന്നായി തിരിച്ച് സ്‌കാൻ ചെയ്യും. ശരീരത്തിൽ എന്തെങ്കിലും രഹസ്യമായി ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ സ്ക്രീനിൽ തെളിയും. ചിത്രത്തിന്റെ പ്രിന്റൗട്ട് ഫയലിൽ സൂക്ഷിക്കേണ്ടതിനാൽ ഉദ്യോഗസ്ഥർക്ക് കണ്ണടയ്‌ക്കാനാവില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുപയോഗിക്കുന്ന ഈ സംവിധാനത്തിന് രണ്ടര കോടിയാണ് വില.

മൊബൈൽ ഫോൺ ജാമറുകൾ തടവുകാർ ഉപ്പിട്ട് കേടാക്കുന്നതിനാലാണ് സെക്യൂരിറ്റി പോൾഫോർ സെൽഫോൺ ആൻഡ് ഫെറസ് മെറ്റൽ ഡിറ്റക്‌ഷൻ സിസ്റ്റം സ്ഥാപിക്കുന്നത്. നാലടിക്കുള്ളിൽ മൊബൈൽഫോൺ പ്രവർത്തിച്ചാൽ ഈ ഉപകരണം ശബ്ദമുണ്ടാക്കും. സെല്ലുകളിൽ ആയുധങ്ങളും ലോഹഭാഗങ്ങളും കണ്ടെത്താനും കഴിയും. മൊബൈൽഫോൺ ചാർജ് ചെയ്യുന്നതും പവർ ബാങ്കുകൾ ഉപയോഗിക്കുന്നതും കണ്ടെത്താനാണ് ജംഗ്ഷൻ ഡിറ്റക്ടർ. വൈദ്യുതി കേബിളുകൾ മുറിച്ച് ഫോൺചാർജ് ചെയ്യുന്നതും കണ്ടെത്താം. ജീവനക്കാരുടെ ആശയവിനിമയത്തിന് പൊലീസിലേതുപോലെ ടെട്രാവയർലെസ് സംവിധാനവുമൊരുക്കും.

സുരക്ഷാസംവിധാനം ഇങ്ങനെ

 എക്സ്‌റേ ബാഗേജ് ഇൻസ്പെക്‌ഷൻ സിസ്റ്റം ‌(തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ)

 ഡോർ ഫ്രെയിം മൾട്ടിപർപ്പസ് മെറ്റൽഡിറ്റക്ടർ (മൂന്ന് സെൻട്രൽ ജയിലുകളിലും രണ്ട് ജില്ലാ ജയിലുകളിലും)

 നോൺലീനിയർ ജംഗ്ഷൻ ഡിറ്റക്ടർ (സെൻട്രൽ ജയിലുകളിലും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലും)

 സെക്യൂരിറ്റിപോൾ ഫോർ സെൽഫോൺ ആൻഡ് ഫെറസ്‌മെറ്റൽ ഡിറ്റക്‌ഷൻസിസ്റ്റം (സെൻട്രൽ ജയിലുകളിലും അതിസുരക്ഷാ ജയിലിലും)

'അത്യാധുനിക ഉപകരണങ്ങൾ ഇക്കൊല്ലം തന്നെ സ്ഥാപിക്കും. ഇതോടെ ജയിലുകളിലെ സുരക്ഷാപഴുതുകൾ പൂർണമായി ഇല്ലാതാവും. ജയിലുകൾ ക്ലീൻ ആക്കുകയാണ് ലക്ഷ്യം. ജാമറുകൾ പരാജയപ്പെട്ടതിനാലാണ് അത്യാധുനിക സംവിധാനം കൊണ്ടുവരുന്നത്".

-ഋഷിരാജ് സിംഗ്, ജയിൽ മേധാവി

ചെലവ് ഇങ്ങനെ

 സുരക്ഷാ സംവിധാനങ്ങൾക്കായി ആഭ്യന്തരവകുപ്പ് അനുമതി നൽകിയത് - 5.48 കോടി

 ഡോർഫ്രെയിം മൾട്ടി പർപ്പസ് മെറ്റൽ ഡിറ്റക്‌ടറിന്റെ ചെലവ് - 2.5 കോടി

വരുന്ന അത്യാധുനിക ഉപകരണങ്ങൾ

ഡോർഫ്രെയിം മൾട്ടിപർപ്പസ് മെറ്റൽഡിറ്റക്‌ടർ, എക്സ്‌റേ ബാഗേജ് ഇൻസ്‌പെക്‌ഷൻസിസ്റ്റം, സെക്യൂരിറ്റിപോൾ

നിലവിൽ ഇങ്ങനെ

 ജയിൽകവാടത്തിൽ ദേഹപരിശോധനയ്‌ക്ക് ആളുകുറവ്

 സെൻട്രൽ ജയിലുകളിലടക്കം കാമറാ നിരീക്ഷണമില്ല

 ദേഹപരിശോധനയ്‌ക്ക് സ്‌കാനറോ എക്സ്‌റേ സംവിധാനമോ ഇല്ല

 ഫോണുകളും ബാറ്ററികളും ലഹരിവസ്തുക്കളും ആയുധങ്ങളും കടത്തുന്നു