കോപ്പൻഹേഗൻ: ബിയർ കുടിച്ചുകഴിഞ്ഞ് കുപ്പി എന്തുചെയ്യണമെന്ന് ആലോചിച്ച് തലപുകയ്ക്കേണ്ട. ഉപയോഗശേഷം ചുരുട്ടിക്കൂട്ടി ദൂരേക്ക് എറിഞ്ഞോളൂ. നോപ്രോബ്ളം. കോപ്പൻഹേഗിൽ അടുത്തിടെ നടന്ന സി 40 ഉച്ചകോടിയിൽ അന്തർദേശീയ മദ്യ നിർമ്മാതാക്കളായ കാൾസ്ബെർഗാണ് പേപ്പർ ബിയർ ബോട്ടിലുകളെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
ഗ്രീൻ ഫൈബർ ബോട്ടിൽ എന്നാണ് പുതിയ ബിയർബോട്ടിലുകൾക്ക് പേരുനൽകിയിരിക്കുന്നത്. തടിയിൽ നിന്നുണ്ടാക്കുന്ന ഫൈബറുകളായിരിക്കും ഇവയുടെ നിർമ്മാണത്തിലെ പ്രധാന ഘടകം. അതിനാൽത്തന്നെ എളുപ്പത്തിൽ മണ്ണിൽ ലയിച്ചുചേരും.
2015 മുതലുള്ള ഗവേഷണത്തിനൊടുവിലാണ് പേപ്പർബോട്ടിൽ നിർമ്മിച്ചത്.
രണ്ട് മോഡലുകളാണ് ഇപ്പോൾ കമ്പനി അവതരിപ്പിക്കുന്നത്.
കാർബൺ എമിഷൻ കുറക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. കുപ്പി നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക പേപ്പറുകൾ ബിയറിന്റെ രുചിയെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്.മറ്റുചില കമ്പനികളും ഇൗ നിലയിൽ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം പുതിയബോട്ടിലിന്റെ നിർമ്മാണം മരങ്ങളുടെ നാശത്തിന് കാരണമാകുമോ എന്ന ആശങ്കയും പരിസ്ഥിതി പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്.