kottamam

പാറശാല: കാൽനട യാത്രക്കാർക്ക് ഭീഷണിയായി ദേശീയപാതയിലൂടെ മലിനജലം ഒഴുകിയിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. ഉദിയൻകുളങ്ങരക്കും കൊറ്റാമത്തിനും ഇടയിൽ റോഡിനിരുവശവും കാർഷിക ഭൂമിയായുള്ള പ്രദേശത്തെ റോഡിലൂടെയാണ് മലിനജലം ഒഴുകുന്നത്. കയറ്റിറക്കവും കൊടുംവളവുമുള്ള ഈ പ്രദേശത്തെ മഴവെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാതിരിക്കുമ്പോഴാണ്

കൂനിന്മേൽ കുരുവെന്നപോലെ റോഡിലൂടെ ഒാടയിലെ വെള്ളം ഒഴുകുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ മലിനജലം ഇരുചക്ര വാഹന യാത്രക്കാരുടെയും സമീപത്തെ എൽ.പി.സ്‌കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാൽനടയായി എത്തുന്ന വിദ്യാർത്ഥികളുടെയും പുറത്തേക്ക് തെറിക്കുകയാണ്. കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തെ ഓട കഴിഞ്ഞ മഴയിൽ അടഞ്ഞതാണ് ഇത്തരത്തിൽ അഴുക്ക് വെള്ളം റോഡിലൂടെ ഒഴുകുന്നതിന് കാരണം. ഇരുവശവും കാടുപിടിച്ച പ്രദേശത്തെ റോഡിൽ കാൽനടയാത്രക്കായി വേണ്ടത്ര സ്ഥലമില്ലാത്തതും അഴുക്ക് വെള്ളക്കെട്ടിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ദേശീയപാത അധികൃതരോ പഞ്ചായത്ത് അധികൃതരോ ഇടപെട്ട് ഓട വൃത്തിയാക്കി പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.