euro-cup-qualification
euro cup qualification

# സ്വീഡനുമായി സമനിലയിൽ പിരിഞ്ഞ സ്‌പെയിൻ യോഗ്യത സ്വന്തമാക്കി.

സ്റ്റോക്ക്‌ഹോം : ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ റോഡ്രിഗോ മൊറേനോ നേടിയ ഗോളിന് സമനിലമാത്രമായിരുന്ന സ്‌പെയ‌ിനിനെ തേടിയെത്തിയത്, 2020 യൂറോ കപ്പിലേക്കുള്ള ബർത്തും കൂടിയായിരുന്നു.

കഴിഞ്ഞ രാത്രി സ്റ്റോക്ഹോമിൽ നടന്ന യോഗ്യതാ മത്സരത്തിൽ സ്വീഡനെ 1-1ന് സമനിലയിൽ പിടിച്ച സ്‌പെയിൻ ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരായാണ് യൂറോ കപ്പിലേക്ക് ടിക്കറ്റെടുത്തത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 50-ാം മിനിട്ടിൽ മാർക്കസ് ബർഗിന്റെ ഗോളിലൂടെ മുന്നിലെത്തിയിരുന്ന സ്വീഡനെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിലാണ് മൊറേനോ തളച്ചത്. പകരക്കാരനായിറങ്ങിയാണ് മൊറേനോ ടീമിന്റെ മാനം കാത്ത ഗോൾ നേടിയത്.

കഴിഞ്ഞ യോഗ്യതാ മത്സരത്തിൽ നോർവേയോട് സമനിലയിൽ പിരിഞ്ഞിരുന്ന സ്‌പെയിനിന് ഗ്രൂപ്പ് ചാമ്പ്യൻമാരായി ബർത്ത് ഉറപ്പിക്കാൻ സമനിലയെങ്കിലും അനിവാര്യമായിരുന്നു. എന്നാൽ മുൻ യൂറോ കപ്പ് ചാമ്പ്യൻമാരെ ശരിക്കും വിരട്ടുകയായിരുന്നു സ്വീഡൻ. സ്വീഡിഷ് ഗോളി റോബിൻ ഓൾസന്റെ മിന്നുന്ന സേവുകളാണ് സ്പാനിഷ് ടീമിന് വലിയ വെല്ലുവിളിയായത്. സ്വന്തം ഗോൾ കീപ്പർ ഡേവിഡ് ഡിഗിയയ്ക്ക് പരിക്കേറ്റ് മടങ്ങേണ്ടി വരിക കൂടി ചെയ്തതോടെ സ്‌പെയ്‌നിന് സമ്മർദ്ദമായി.

50-ാം മിനിട്ടിൽ ലാർസന്റെ പാസിൽ നിന്നാണ് മാർക്ക് ബർഗ് സ്പാനിഷ് വലയിൽ പന്ത് നിക്ഷേപിച്ചത്. 60-ാം മിനിട്ടിൽ ഡിഗിയ പരിക്കുമൂലം മടങ്ങിയപ്പോൾ സ്പാനിഷ് വല കാക്കാൻ കെപ എത്തി. മത്സരം അവസാനിക്കുന്നതുവരെ തിരിച്ചടിക്കാനുള്ള ഒാരോ ശ്രമവും സ്വീഡിഷ് പ്രതിരോധം തകർക്കുകയായിരുന്നു. എന്നാൽ ഒടുവിൽ മിഡ് ഫീൽഡർ ഫാബിയൻ റൂയിസിന്റെ ഇടതു വിംഗിൽ നിന്നുള്ള ക്രോസ് ക്ളോസ് റേഞ്ചിൽ നിന്ന് മൊറേനോ വലയിലാക്കുകയായിരുന്നു.

യോഗ്യതാ റൗണ്ടിൽ രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കവേയാണ് സ്‌പെയിൻ ടിക്കറ്റെടുത്തിരിക്കുന്നത്. ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാൽ സ്വീഡനും യോഗ്യത നേടാനാകും.

ഗ്രൂപ്പ് എഫിൽ എട്ട് മത്സങ്ങളിൽ നിന്ന് 20 പോയിന്റാണ് സ്‌പെയിനിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള സ്വീഡന് 15 പോയിന്റും 14 പോയിന്റുമായി റൊമേനിയയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനക്കാരായി നോർവേ 11 പോയിന്റുമായുണ്ട്. കഴിഞ്ഞ രാത്രി നടന്ന ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരിൽ റൊമേനിയയും നോർവേയും 1-1 ന് സമനിലയിൽ പിരിഞ്ഞിരുന്നു. 62-ാം മിനിട്ടിൽ മിട്രിയയിലൂടെ മുന്നിലെത്തിയിരുന്ന റൊമേനിയയെ ഇൻജുറി ടൈമിൽ സൊലോത്ത് നേടിയ ഗോളിനാണ് നോർവേ തളച്ചത്.

അഞ്ചടിച്ച അസൂറികൾക്ക് എട്ടാം ജയം

യൂറോ കപ്പിന് നേരത്തേ തന്നെ ബർത്ത് ഉറപ്പിച്ച ഇറ്റലി യോഗ്യതാ റൗണ്ടിലെ എട്ടാം മത്സരത്തിലും വിജയിച്ച് ഗ്രൂപ്പ് ജെയിലെ ഒന്നാം സ്ഥാനക്കാരെന്ന പട്ടം സുരക്ഷിതമാക്കി. ഇന്നലെ ദുർബലരായ ലിച്ചെൻസ്റ്റീനിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അസൂറിപ്പട കീഴടക്കിയത്. കഴിഞ്ഞ ആഴ്ച ഗ്രീസിനെ 2-0ത്തിന് കീഴടക്കിയാണ് ഇറ്റലി യോഗ്യത ഉറപ്പിച്ചത്.

രണ്ട് ഗോൾ നേടിയ ബെലോട്ടിയും ഓരോഗോൾ വീതം നേടിയ ഫ്രെഡറിക്കോ ബെർണോദേഷിയും റൊമാഗ്‌നോളിയും എൽഷറാവിയും ചേർന്നാണ് ഇറ്റലിയുടെ എട്ടാം വിജയം തട്ടുപൊളിപ്പനാക്കിയത്. മത്സരം തുടങ്ങി ഒരു മിനിട്ടും 48 സെക്കൻഡുമായപ്പോൾ ബർണാദേഷി ഇറ്റലിയുടെ സ്കോർ ബോർഡ് തുറന്നിരുന്നു. ഇറ്റലിക്കായി ഏറ്റവും വേഗത്തിൽ സ്കോർ ചെയ്യുന്ന താരമെന്ന റെക്കാഡും ബർണാദേഷി സ്വന്തമാക്കി.

68 മിനിട്ടുകൾക്ക് ശേഷമാണ് പക്ഷേ രണ്ടാം ഗോൾ പിറന്നത്. 70-ാം മിനിട്ടിൽ ബെലോട്ടിയുടെ വകയായിരുന്നു ഈ ഗോൾ. 77-ാം മിനിട്ടിൽ എൽഷറാവിയും സ്കോർ ചെയ്തു. ഇൻജുറി ടൈമിൽ ബെലോട്ടി പട്ടിക പൂർത്തിയാക്കി. എട്ട് മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായാണ് ഇറ്റലി ഗ്രൂപ്പ് ജെയിൽ ഒന്നാമതുള്ളത്. കഴിഞ്ഞ രാത്രി നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബോസ്‌നിയ ഹെഴ്സഗോവിനയെ 2-1 ന് കീഴടക്കിയെങ്കിലും 2004ലെ യൂറോ കപ്പ് ചാമ്പ്യൻമാരായ ഗ്രീസിന്റെ ഇത്തവണത്തെ യൂറോ കപ്പ് സ്വപ്നങ്ങൾ സഫലമാകില്ല. ജെ ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഗ്രീസ് ഇപ്പോൾ.

കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ഐറിഷ് റിപ്പബ്ളിക്കിനെ 2-0 ത്തിന് തോൽപ്പിച്ച സ്വിറ്റ്‌സർലാൻഡ് യോഗ്യതയ്ക്കുള്ള സാദ്ധ്യത നിലനിറുത്തി. ഗ്രൂപ്പ് ഡിയിൽ അയർലാൻഡാണ് (ഏഴു മത്സരത്തിൽ 12 പോയിന്റ്) മുന്നിൽ. ആറ് മത്സരങ്ങൾ വീതം കളിച്ച ഡെൻമാർക്ക് (12 പോയിന്റ്), സ്വിറ്റ്സർലൻഡ് (11 പോയിന്റ്) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

മത്സര ഫലങ്ങൾ

സ്‌പെയ്‌ൻ 1 - സ്വീഡൻ 1

സ്വിറ്റ്‌സർലൻഡ് 2 - അയർലൻഡ് 0

ഇറ്റലി 5 - ലിച്ചെൻസ്റ്റീൻ

ഇസ്രയേൽ 3 - ലാത്വിയ 1

ഗ്രീസ് 2 - ബോസ്‌നിയ1

ജോർജിയ 3 - ജിബ്രാൾട്ടർ 2

മാൾട്ട 0 - ഫറോ ഐലൻഡ് 0

റൊമാനിയ 1 - നോർവേ 1