. മുംബയ് താരം യശ്വസി ജയ്‌സ്വളിന്
വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി
. ലിസ്റ്റ് എ മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന
ഏറ്റവും പ്രായംകുറഞ്ഞ താരം
ബംഗളുരുവിൽ നടക്കുന്ന വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ വീണ്ടുമൊരു ഇരട്ട സെഞ്ച്വറിയുടെ തിളക്കം ജാർഖണ്ഡിനെതിരായ മത്സരത്തിൽ മുംബയ്ക്ക് വേണ്ടി ഇടംകയ്യൻ ഒാപ്പണർ യശ്വസി ജയ്‌സ്വാളാണ് മിന്നൽ ഇന്നിംഗ്സ് പുറത്തെടുത്ത് ചരിത്രം കുറിച്ചത്.
203
റൺസാണ് ഇന്നലെ ജാർഖണ്ഡിനെതിരായ മത്സരത്തിൽ യശസ്വി നേടിയത്.
154
പന്തുകളിൽ നിന്നാണ് യശ്വസി ഇരട്ട സെഞ്ച്വറി നേടിയത്. 17 ഫോറുകളും 12 സിക്സുകളും യശസ്വി പറത്തി.
140
റൺസും ബൗണ്ടറികളിലൂടെയാണ് നേടിയെടുത്തത്.
17
വർഷവും 292 ദിവസവുമാണ് യശ്വസിയുടെ പ്രായം.
3
സെഞ്ച്വറികളാണ് ഇൗ വിജയ് ഹസാരെ ടൂർണമെന്റിൽ ഇതുവരെ യശസ്വി നേടിയിരിക്കുന്നത്. കേരളത്തിനും ഗോവയ്ക്കുമെതിരെയാണ് മറ്റു സെഞ്ച്വറികൾ.
ഇന്ത്യൻ അണ്ടർ-19 ടീം അംഗമാണ് യശ്വസി ജയ്സ്വാൾ.
സഞ്ജുവിന് ശേഷം
കഴിഞ്ഞദിവസം മലയാളി താരം സഞ്ജു സാംസൺ ഗോവയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. പുറത്താകാതെ 212 റൺസ് നേടിയ സഞ്ജു ലിസ്റ്റ് എ മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറുമായി.
യശസ്വിയുടെ മികവിൽ മത്സരം മുംബയ് 39 റൺസിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബയ് 358/3 എന്ന സ്കോർ ഉയർത്തിയപ്പോൾ ജാർഖണ്ഡ് 46.4 ഒാവറിൽ 319 ന് ആൾ ഒൗട്ടായി.
വിഷ്ണുവിന് സെഞ്ച്വറി
കേരളത്തിന് ജയം
ബംഗളുരു : വിജയ് ഹസാരേ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരളം ആറ് വിക്കറ്റിന് ആന്ധ്രയെ തകർത്തു. ഒാപ്പണറായിറങ്ങിയ വിഷ്ണുവിനോദിന്റെ തകർപ്പൻ സെഞ്ച്വറിയാണ് (139) കേരളത്തിന് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര നിശ്ചിത 50 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. മറുപടിക്കിറങ്ങിയ കേരളം 39.4 ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 83 പന്തുകൾ നേരിട്ട വിഷ്ണു 13 ഫോറുകളും ഒൻപത് സിക്സുകളും പറത്തിയാണ് സെഞ്ച്വറി ആഘോഷിച്ചത്. ജലജ് സക്‌സേന പുറത്താകാതെ 46 റൺസ് നേടി.