dhoni
dhoni

ന്യൂഡൽഹി : മറ്റുള്ളവരെപ്പോലെ ഒരു സാധാരണ മനുഷ്യൻ തന്നെയാണ് താനെന്നും എന്നാൽ വികാരങ്ങളെ നിയന്ത്രിക്കാൻ മറ്റുള്ളവരെക്കാൾ നന്നായി കഴിയുമെന്നതാകാം തന്നെ വ്യത്യസ്തനാക്കുന്നതെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്രസിംഗ് ധോണി. ഇന്നലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവേയാണ് ധോണി തന്റെ ജീവിത വിജയത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് വാചാലനായത്. ധോണിയുടെ വാക്കുകളിലേക്ക്...

'മറ്റ് മനുഷ്യരെപ്പോലെ തന്നെയാണ് ഞാനും. കളിക്കളത്തിൽ പലപ്പോഴും എനിക്ക് കടുത്ത ദേഷ്യവും നിരാശയും അലോസരവുമൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഇൗ വികാരങ്ങളൊക്കെ പുറത്ത് പ്രകടിപ്പിക്കുന്നത് ഗുണകരമല്ല എന്ന് എനിക്ക് നന്നായി അറിയാം."

'കളിക്കളത്തിൽ തിരിച്ചടികൾ ഉണ്ടാകുമ്പോൾ വികാരങ്ങൾ പുറത്തുകാണിക്കുന്നതിനെക്കാൾ നല്ലത് സംഭവിച്ചിരിക്കുന്ന തിരിച്ചടി മറികടക്കാനുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതാണ്. ഒരു ബൗളർ റൺ വഴങ്ങുകയാണെങ്കിൽ അയാളോട് ദേഷ്യപ്പെടുന്നതിന് പകരം ആരെ ഇനി ഉപയോഗിക്കാം എന്നതാണ് ഞാൻ ചിന്തിക്കുക. അതിനൊരു മറുപടി കിട്ടിക്കഴിഞ്ഞാൽ മനസിൽ തോന്നിയ ദേഷ്യം മാഞ്ഞുപോകും".

'ഒാരോ മത്സരത്തിലെയും അന്തിമഫലത്തെക്കാൾ ആ മത്സരത്തിൽ നമ്മൾ എങ്ങനെയാണ് കളിച്ചതെന്നും ഒാരോ ഘട്ടത്തിലും എങ്ങനെയാണ് തീരുമാനങ്ങൾ എടുത്തതെന്നുമാണ് പ്രധാനം. ഞാൻ ക്യാപ്ടനായിരുന്ന സമയത്ത് ഇതായിരുന്നു എന്റെ ഫിലോസഫി."

ഒാരോ മത്സരവും വ്യത്യസ്തങ്ങളാണ്. ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളുണ്ടാകും. ഒന്നിൽപിഴച്ചാൽ മറ്റൊന്നിൽ തിരുത്താം. ആലോചിക്കാൻ ഒരുപാട് സമയവും ഉണ്ടാകും. ട്വന്റി 20യിൽ പക്ഷേ എല്ലാം പെട്ടെന്നുവേണം. പക്ഷേ എല്ലാ സാഹചര്യങ്ങളിലും തീരുമാനമെടുക്കേണ്ടത് നമ്മൾ തന്നെയാണ്. സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായിരിക്കണം ആ തീരുമാനമെന്നുമാത്രം.

ഗ്രൗണ്ടിൽ പിഴവുകൾ വരുത്തുന്നത് ഒരു വ്യക്തിയായിരിക്കാം. ചിലപ്പോൾ ടീമിന് മൊത്തത്തിൽ പിഴവുകൾ സംഭവിക്കാം. ആലോചിച്ചിറങ്ങുന്ന ഗെയിം പ്ളാൻ നടപ്പിലാക്കാൻ ആർക്കും കഴിയാത്ത സ്ഥിതിയും ഉണ്ടായിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. അതിൽ നിരാശപ്പെട്ടിട്ട് കാര്യമില്ല.

ലോകകപ്പുപോലുള്ള വലിയ ടീമുകളിൽ വിജയം നേടാനായത് വക്തിപരമായ മികവുകൾ കൊണ്ടല്ല. അത് ടീമിന്റെ കൂട്ടായ്മയുടെ വിജയമാണ്. ദീർഘനാളായി ഒരേ ലക്ഷ്യമിട്ട് പരിശ്രമിച്ചാലേ ലോകകപ്പ് നേടാനാകൂ. പെട്ടെന്ന് ചില വ്യക്തിപ്രകടനങ്ങൾകൊണ്ട് നേടിയെടുക്കാനാവുന്നതല്ല.

വിജയവും തോൽവിയും ടീമിലെ എല്ലാവരെയും തുല്യമായി ബാധിക്കുന്നതാണ്. ടീം ഗെയിമുകളിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഒന്നോരണ്ടോ പേരുടെ മികവ് മാത്രമല്ല എല്ലാവരുടെയും ചെറിയ സംഭാവനകളും ആവശ്യമാണ്. ഒരു മനോഹരമായ ക്യാച്ചും റണ്ണൗട്ടും വിക്കറ്റുമൊക്കെ കളിയുടെ ഗതി തിരിക്കാം. 2007 ലെ ട്വന്റി 20 ലോകകപ്പിൽ ഇൗ ഒരു കൂട്ടായ പരിശ്രമമാണ് ഇന്ത്യയെ ജേതാക്കളാക്കിയത്.

2007 ലെ ലോകകപ്പിൽ മത്സരം 'ടൈ" ആയാൽ വിജയിയെ നിശ്ചയിക്കാൻ നിശ്ചയിച്ച ബൗൾഡ് ഒൗട്ട് ഞങ്ങൾ നേരത്തെ പരിശീലിച്ചിരുന്നു. ഒരു രസത്തിന് വേണ്ടിയായിരുന്നു ബൗൾഡ് ഒൗട്ട് പരിശീലനം. എന്നാൽ പാകിസ്ഥാനെതിരായ മത്സരത്തിൽ വിജയിക്കാൻ തുണച്ചത് ഇൗ പരിശീലനമാണ്.