കഴക്കൂട്ടം: ശരീരത്തിൽ ജീവന്റെ തുടിപ്പുണ്ടായിട്ടും മരിച്ചുവെന്ന് തെറ്റിദ്ധരിച്ച് പത്രങ്ങളിലെ ചരമപേജിൽ ഇടംപിടിച്ച കഴക്കൂട്ടം സജി ഭവനിൽ തുളസീധരൻ ചെട്ടിയാർ ഒരുദിവസംകൂടി ജീവിച്ചശേഷം ഇന്നലെ പുലർച്ചെ മരണത്തിനു കീഴടങ്ങി. അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരിക്കെയാണ് തിങ്കളാഴ്ച വൈകിട്ടോടെ തുളസീധരൻ ചെട്ടിയാർക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും, ഇക്കാര്യം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയും ചെയ്തത്. ഇത് മരണമെന്ന് തെറ്റിദ്ധരിച്ച വീട്ടുകാർ ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച ഇറങ്ങിയ മിക്ക പത്രങ്ങളിലും മരണവാർത്ത വരികയും ചെയ്തു. മൃതദേഹം ഇന്നലെ ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മഹേശ്വരി അമ്മാൾ. മക്കൾ: സജിൻ, സബിൻ, മഞ്ജു.