rob

തിരുവനന്തപുരം: കരിക്കകത്ത് പട്ടാപ്പകൽ വീട് കുത്തി തുറന്ന് പണവും സ്വർണവും കവർന്നു. ഗുരുസാഗരം മാസിക എഡിറ്റർ സജീവ് കൃഷ്ണന്റെ വലിയകുളം റോഡിലെ വീടായ ഗുരുശ്രീയിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും നഷ്ടമായി. ഇന്നലെ രാവിലെ 9.30നാണ് സജീവ് കൃഷ്ണനും സെക്രട്ടേറിയറ്റിലെ നികുതി വകുപ്പ് സെക്ഷൻ ഓഫീസറായ ഭാര്യ ഷീനയും ജോലിക്ക് പോയത്. വൈകിട്ട് 6ഓടെ ഇരുവരും വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മുൻവശത്തെയും അടുക്കളവശത്തെയും വാതിലുകളുടെ പൂട്ട് തകർത്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ടത് മനസിലായത്. ഉടൻതന്നെ പേട്ട പൊലീസിൽ വിവരം അറിയിച്ചു. സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കേസെടുത്തു.