kaumudi-follow-up

തിരുവനന്തപുരം: ലോൺ കാലാവധി അവസാനിച്ചതിനാൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ തലസ്ഥാനത്തെ പ്രോജക്ട് ഓഫീസ് എ.ഡി.ബി പദ്ധതിയുടെ ഓഫീസാക്കി 2018 ഒക്ടോബർ 5ന് എം.ഡി ഇറക്കിയ ഉത്തരവ് കടലാസിൽ മാത്രം. ഇതുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായ സ്ഥലംമാറ്റ ഉത്തരവുകളിലെല്ലാം ജിക്കയുടെ ഓഫീസിലേക്കാണ് ജീവനക്കാരെ മാറ്റിയതെന്നാണുള്ളത്. ഉത്തരവിന്റെ പകർപ്പ് കേരളകൗമുദിക്ക് ലഭിച്ചു.

2017ലാണ് എ.ഡി.ബിയുമായി ചേർന്ന് തിരുവനന്തപുരം,കൊച്ചി നഗരങ്ങളിൽ 24 മണിക്കൂറും തടസമില്ലാതെ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് വാട്ടർ അതോറിട്ടി നടപടികൾ തുടങ്ങിയത്. 2018 ജനുവരിയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ എ.ഡി.ബി സ്വന്തം നിലയിൽ സൗജന്യ കൺസൾട്ടൻസി സർവേ നടത്തി ഒരു റിപ്പോർട്ട് വാട്ടർ അതോറിട്ടിക്ക് സമർപ്പിച്ചു. ഇത് പഠിച്ചശേഷമാണ് എഡി.ബിയുടെ ആവശ്യാനുസരണം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് തുടങ്ങാൻ വാട്ടർ അതോറിട്ടി തീരുമാനിച്ചത്.

സ്ഥലംമാറ്റം ഇങ്ങനെ

2019 ജൂലായ് 20ന് ഇറക്കിയ ഉത്തരവ് (13814 / E4 (A) / 2014) പ്രകാരം അസിസ്റ്റന്റ് എൻജിനിയറെ ജിക്കയിൽ നിന്ന് മാറ്റി മറ്റൊരാളെ ജിക്കയിലേക്ക് നിയമിച്ചിരുന്നു.എന്നാൽ 25ന്, സ്ഥലംമാറ്റപ്പെട്ട എ.ഇയെ വർക്ക് അറേഞ്ച്മെന്റിൽ വീണ്ടും ജിക്കയിൽ നിയമിച്ചു. പുതിയതായി നിയമിക്കപ്പെട്ടയാളിന് പ്രോജക്ട് പരിചയപ്പെടുത്താനാണെന്നാണ് കാരണമായി പറഞ്ഞത്. എന്നാൽ പുതിയ എ.ഇക്ക് ഇതുവരെ എ.ഡി.ബിയുടെ ഒരുചുമതലയും നൽകിയിട്ടില്ല. എ.ഡി.ബി പ്രോജക്ട് ഓഫീസ് രൂപീകരിച്ചതിന് ശേഷം ഇതുവരെയുള്ള സ്ഥലംമാറ്റ ഉത്തരവുകൾ പരിശോധിച്ചാൽ അതെല്ലാം ജിക്കയിൽ നിന്ന് പുറത്തേക്കും തിരിച്ചുമാണെന്ന് മനസിലാകും. മാത്രമല്ല കഴിഞ്ഞമാസം വരെയുള്ള ജീവനക്കാരുടെ ശമ്പളവും ജിക്ക ഹെഡിൽ നിന്നാണ് മാറിയിട്ടുള്ളത്.


എ.ഡി.ബി ഓഫീസിനായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനവും വാഹനം അനുവദിച്ചതും വിവാദമായിരുന്നു. പ്രവർത്തനം തുടങ്ങാത്ത ഓഫീസിനായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കേണ്ടതില്ല. സെക്യൂരിറ്റിയെ നിയമിക്കണമെങ്കിൽ തന്നെ കെക്‌സ്കോൺ എന്ന സ്ഥാപനത്തിൽ നിന്നു മാത്രമേ നിയമിക്കാവൂവെന്നാണ് ചട്ടം. തുടങ്ങാത്ത പദ്ധതിക്കായി വാടകയ്‌ക്ക് വാഹനം എടുക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.

വാട്ടർ അതോറിട്ടിയുടെ അവകാശവാദം

അതേസമയം,​ ജിക്ക ഓഫീസിനെ എ.ഡി.ബി ഓഫീസാക്കി മാറ്റിയെന്ന നിലപാടിൽ വാട്ടർ അതോറിട്ടി ഉറച്ചുനിൽക്കുകയാണ്. ജിക്കയിൽ ശേഷിക്കുന്ന പ്രവൃത്തികളുടെ അവലോകനവും ബില്ലുകളും കേസുകളുമാണ് യൂണിറ്റിൽ ഇപ്പോൾ നിർവഹിക്കുന്നതെന്നും 2020ൽ എ.ഡി.ബി പദ്ധതി പൂർണമായി ഏറ്റെടുക്കുമ്പോൾ കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി യൂണിറ്റ് വിപുലീകരിക്കുമെന്നും അവർ പറയുന്നു.