തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന മണ്ഡലങ്ങൾ നാലാംനാൾ ബൂത്തിലെത്താനിരിക്കെ അവസാനവട്ട തന്ത്രങ്ങളൊരുക്കി മുന്നണികൾ. മത്സരം നടക്കുന്ന അഞ്ചിൽ നാലു മണ്ഡലങ്ങളിലും തുടർ വിജയം നേടി തങ്ങളുടെ മേൽകൈ നിലനിറുത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. അതേസമയം, പാലാ വിജയത്തിന്റെ തിളക്കത്തിൽ പരമാവധി വിജയമാണ് എൽ.ഡി.എഫ് ശ്രമം. ബി.ജെ.പിയാകട്ടെ അഞ്ചിൽ മൂന്നിടത്ത് ജയിക്കുക എന്ന ലക്ഷ്യവുമായാണ് പ്രചാരണ യന്ത്രം നീക്കുന്നത്.
ശബരിമല വിഷയത്തിന്റെ ചുവടുപിടിച്ച് എൻ.എസ്.എസ് വോട്ട് നേടാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. വട്ടിയൂർക്കാവിൽ എൻ.എസ്.എസ് യു.ഡി.എഫിനായി പരസ്യമായി രംഗത്തുവരികയും ചെയ്തു. അതേസമയം, എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ ബി.ജെ.പി അവസാന ശ്രമം നടത്തുകയാണ്. ശബരിമല പ്രക്ഷോഭസമയത്ത് ബി.ജെ.പി, ആർ.എസ്.എസ് സംഘടനകൾ പ്രത്യക്ഷമായ സമരത്തിനിറങ്ങിയപ്പോൾ അവരോടൊപ്പം കൈകോർത്തിരുന്ന എൻ.എസ്.എസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനോടാണ് കൂടുതൽ ആഭിമുഖ്യം കാട്ടിയത്.
എന്നാൽ, ഇപ്പോൾ വട്ടിയൂർക്കാവിലുള്ളതുപോലെ പരസ്യനിലപാട് എടുത്തിരുന്നില്ല. എൻ.എസ്.എസ് പരസ്യമായി യു.ഡി.എഫിനെ അനുകൂലിച്ചിട്ടും അവരെ പരസ്യമായി എതിർക്കാതെയും പ്രകോപിപ്പിക്കാതെയുമിരിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. എൻ.എസ്.എസിന്റെ പരസ്യനിലപാട് മൂലം എൻ.എസ്.എസ് ഇതര സാമുദായിക സംഘടനകളുടെ വോട്ട് തങ്ങൾക്ക് കിട്ടാനുള്ള അണിയറ ശ്രമങ്ങൾ എൽ.ഡി.എഫും നടത്തുന്നുണ്ട്.
അതേസമയം, മുന്നാക്കക്കാർക്ക് ഗുണംചെയ്യുന്ന പത്ത് ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവന്നത് കേന്ദ്രസർക്കാരാണെന്ന കാര്യം എടുത്തുപറയാൻ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. കോൺഗ്രസ് ഇത്രകാലം അധികാരത്തിലിരുന്നിട്ടും അത് ചെയ്തില്ലെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കവും വോട്ടാക്കി മാറ്രാൻ മൂന്നുമുന്നണികളും ശ്രമിക്കുന്നുണ്ട്. ഓർത്തഡോക്സിൽ ചെറിയ വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിൽ ബി.ജെ.പി ജയിച്ചിട്ടുണ്ട്.
പി.എസ്.സി പരീക്ഷാതട്ടിപ്പും എം.ജി.യൂണിവേഴ്സിറ്രിയിലെ മാർക്ക് ദാനവുമായ ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണങ്ങളും യു.ഡി.എഫ് പ്രചാരണായുധമാക്കുന്നുണ്ട്. അതേസമയം പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാനാണ് എൽ.ഡി.എഫ് ശ്രമം.