നെയ്യാറ്റിൻകര: ആയിരക്കണക്കിന് നിർധനരായ രോഗികൾ ചികിത്സയ്ക്കായെത്തുന്ന നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സാ ഫീസ് വർദ്ധിപ്പിച്ചത് രോഗികളെ വല്ലാതെ കുഴക്കുന്നു. രോഗ ബാധിതരുടേയും എണ്ണം നാൾക്കുനാൾ വർദ്ധിക്കുമ്പോഴാണ്ക ഈ നിരക്ക് വർദ്ധന. ഇത് കാരണം ഡയാലിസിസ് രോഗികളാണ് ഏറെ ദുരിതത്തിലായത്. നേരത്തേ ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് നൽകിയിരുന്ന സൗജന്യം ഇപ്പോഴില്ലാതാക്കി.
നിരക്ക് വർദ്ധിപ്പിച്ചിട്ടും രോഗികൾക്ക് മതിയായ സൗകര്യം ലഭിക്കുന്നില്ല. അൾട്രാ സൗണ്ട് സ്കാനും എം.ആർ.എ സ്കാനിംഗുമൊക്കെ എടുക്കണമെങ്കിൽ രോഗികൾക്ക് ഇപ്പോഴും ആശ്രയം സ്വകാര്യ ലാബുകളെയാണ്.
സ്പെഷ്യലിസ്റ്റ് ഡോക്ടർ 100 പേരെ മാത്രമേ ഒരു ദിവസം ചികിത്സിക്കുകയുള്ളു. മറ്റുള്ളവർ കാശ് മുടക്കി ഒ.പി ടിക്കറ്റെടുത്താലും ടോക്കൺ കിട്ടിയില്ലെങ്കിൽ വീണ്ടും പിറ്റേന്ന് എത്തണം. ആധുനിക ചികിത്സാ ഉപകരണങ്ങളുടെ അഭാവം കാരണം രോഗികൾക്ക് മതിയായ പരിശോധനകൾ നടത്താനാകുന്നില്ലെന്നും രോഗികൾ പരാതിപ്പെടുന്നു.
എം.എൽ.എ ഫണ്ടും ജില്ലാ പഞ്ചായത്ത് വക ഫണ്ടും മറ്റും ചെലവിട്ട് ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചെങ്കിലും രോഗികളെ ചികിത്സിക്കാൻ മതിയായ ഡോക്ടർമാരും മറ്റ് ജീവനക്കാരും ഇല്ലാത്തത് കാരണം സാധുക്കളായ രോഗികളാണ് ബുദ്ധിമുട്ടുന്നത്.
ആശുപത്രിയിലെ മലിനജലം ഒഴുക്കിവിടുന്നത് നെയ്യാറിലേക്കാണ്. ആശുപത്രി വളപ്പിൽ നിന്നും പൊലീസ് സ്റ്റേഷൻ റോഡിന് സമീപത്തായി പണിത ഓടയിലൂടെ സമീപത്തെ കണ്ടൽകാട്ടിലെത്തുന്ന മലിന ജലം അവിടെ നിന്നും ഒഴുകി നേരെ നെയ്യാറിൽ പതിക്കും. ഇങ്ങനെ ജലം പുറത്തേക്ക് ഒഴുക്കിവിടരുതെന്ന് ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇവിടം സന്ദർശിച്ചപ്പോൾ നെയ്യാറ്റിൻകര ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയെങ്കിലും ബദൽ മാർഗം ആരാഞ്ഞിട്ടില്ല. ഇതിനെതിരെ സമരങ്ങൾ നിരവധി നടത്തിയിട്ടും പ്രയോജനമില്ലെന്ന് നാട്ടുകാർ പറയുന്നു.
പ്ലാസ്ടിക് ഉൾപ്പെടെയുള്ള മാലിന്യം വിലക്കുകൾ ലംഘിച്ച് തുറസായ സ്ഥലത്തിട്ട് കത്തിക്കുകയാണിപ്പോഴും.