തിരുവനന്തപുരം: എം.ജി സർവകലാശാലയുടെ മാർക്ക് ദാന വിവാദത്തിന് ആസ്പദമായ അദാലത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പൂർണസമയം പങ്കെടുത്തുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നു. ഇതോടെ മന്ത്രിയുടെ വാദങ്ങൾ ദുർബലമാകുകയും വിവാദം കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നുവെന്നുമാണ് സൂചന.
അദാലത്തിൽ ഉദ്ഘാടന ചടങ്ങിനുശേഷം പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു മന്ത്രിയുടെ വാദം. അതാണ് ഇപ്പോൾ പൊളിഞ്ഞത്. ഇന്നുരാവിലെയാണ് ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവന്നത്. ഇതോടെ സംഭവം കൂടുതൽ വിവാദത്തിലേക്ക് നീങ്ങുകയാണ്.
മന്ത്രി പറയുന്നതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. മാർക്ക് ദാനത്തിൽ മന്ത്രിയുടെയും പ്രൈവറ്ര് സെക്രട്ടറിയുടെയും ഇടപെടൽ വ്യക്തമായിക്കഴിഞ്ഞു. ഇത് കേരളത്തിലെ ചരിത്രത്തിലേറ്രവും വലിയ മാർക്ക് കുംഭകോണമാണ്. തോൽക്കുന്ന ആളെ ജയിപ്പിക്കുക എന്ന നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത് കേരളത്തിലെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും രമേശ് പറഞ്ഞു.
മന്ത്രി വിഡീയോ കോൺഫറൻസ് വഴി അദാലത്ത് ഉദ്ഘാടനം ചെയ്തപ്പോൾ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡി. പ്രൈവറ്ര് സെക്രട്ടറിയും ഫെബ്രുവരി 22 ന് നടന്ന അദാലത്തിൽ ആദ്യാവസാനം പങ്കെടുത്തിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. മന്ത്രിയുടെ വാദങ്ങൾ പൊളിഞ്ഞതോടെ അദ്ദേഹത്തിനെതിരായ കുരുക്ക് മുറുകുകയാണ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കേ പ്രതിപക്ഷം ഇത് പ്രചരണായുധമാക്കും.
ചെന്നിത്തലയുടെ ആരോപണങ്ങൾ
എം.ജി യൂണിവേഴ്സിറ്രി ബി.ടെക് പരീക്ഷയിൽ ആറ് സപ്ലിമെന്ററി പരീക്ഷകളിൽ തോറ്ര വിദ്യാർത്ഥിയെ വരെ വിജയിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും സെമസ്റ്രറിൽ ഒരു വിഷയം മാത്രം ജയിക്കാനായി അഞ്ചുമാർക്ക് വരെ നൽകാനായിരുന്നു സിൻഡിക്കേറ്ര് തീരുമാനം. എന്നാൽ എല്ലാവിഷയങ്ങൾക്കും മാർക്ക് കൂട്ടി നൽകിയെന്ന് ചെന്നിത്തല ആരോപിച്ചു.
സർവകലാശാലയുടെ ദൈനം ദിന നടപടികളിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ല. അദാലത്ത് വിളിച്ചുകൂട്ടാനും മന്ത്രിക്ക് അധികാരമില്ല. പരീക്ഷയും മാർക്കുമൊക്കെ നോക്കാൻ സർവകലാശാലകളിൽ പ്രത്യേകം വിഭാഗമുണ്ട്. എൻ.എസ്. എസ് ഗ്രേസ് മാർക്ക് നേരത്തെ കിട്ടിയ ബി.ടെക് ആറാം സെമസ്റ്രർ വിദ്യാർത്ഥിനിക്ക് പാസ്സാവാൻ വേണ്ട മാർക്കില്ലാതിരുന്നപ്പോൾ വീണ്ടും എൻ.എസ്.എസ് ഗ്രേസ് മാർക്കിനായി സർവകലാശാല അധികൃതരെ സമീപിച്ചു. വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ നിരസിച്ച അപേക്ഷയാണ് പിന്നീട് മന്ത്രി ഇടപെട്ട് നടത്തിക്കൊടുത്തത്.
മന്ത്രിയുടെ പാർട്ടിക്കാർക്ക് ഭൂരിപക്ഷ മുള്ള സിൻഡിക്കേറ്രാണ് പിന്നീട് മാർക്ക് ദാനം നടത്തിയത്. എല്ലാവർക്കും അഞ്ച് മാർക്ക് വീതം ദാനം ചെയ്യാനായിരുന്നു സിൻഡിക്കേറ്ര് തീരുമാനം. റിസൾട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പ് യൂണിവേഴ്സിറ്ര് പാസ് ബോർഡിനും ബോർഡ് ഒഫ് എക്സാമിനേഷൻസിനും മോഡറേഷൻ മാർക്ക് നൽകാൻ അധികാരമുണ്ട്. റിസൾട്ട് പ്രഖ്യാപിച്ചതിന് ശേഷം മാർക്ക് ദാനം നൽകുന്നത് ക്രമക്കേടാണ്. തെറ്റായ അദാലത്ത് എടുത്ത തീരുമാനപ്രകാരം വിദ്യാർത്ഥിക്ക് മാർക്ക് ദാനം ചെയ്യാൻ സിൻഡിക്കേറ്രിനും അധികാരമില്ലെന്നും ചെന്നിത്തല പറഞ്ഞു.