തൃശൂർ: തൃശൂർ കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമ മനോഹരൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണം മറ്റൊരു ദിശയിലേക്കും. കേസിൽ അറസ്റ്റിലായ പ്രതികൾ മറ്റാരുടേയെങ്കിലും നിർദ്ദേശ പ്രകാരം നടത്തിയ കൊലപാതമാണോയെന്ന് പൊലീസ് സംശയിക്കുന്നു. നാല് ദിവസത്തെ നിരീക്ഷത്തിനൊടുവിലാണ് പ്രതികൾ പദ്ധതി നടപ്പാക്കിയത്. അങ്ങനെ എങ്കിൽ മനോഹരൻ പതിവായി പണം കൊണ്ടുപോകാറില്ലെന്ന് ഇവർ അറിഞ്ഞിരിക്കണം. പിന്നെ എന്തിനാണ് കൊലപാതകം നടത്തിയതെന്നാണ് സംശയത്തിന് വഴിവച്ചിരിക്കുന്നത്. മനോഹരൻ പണം കൊണ്ടുപോകുമെന്ന ധാരണയിലാണ് പദ്ധതി ആവിഷ്‌കരിച്ചതും കൃത്യം നടത്തിയതെന്നുമുള്ള പ്രതികളുടെ മൊഴിയാണ് പൊലീസ് ആധികാരികമായി എടുത്തിട്ടുള്ളത്. സംശയം ബാക്കി നൽക്കുന്നതിനാലാണ് പിന്നിൽ മറ്റാരുടേയെങ്കിൽ നിർദ്ദേശം ഉണ്ടോയെന്ന് കൂടി അന്വേഷിക്കുന്നത്.
അതേസമയം, കേസിൽ അറസ്റ്റിലായ പ്രതികളെ രാവിലെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പായിരുന്നു തെളിവെടുപ്പ്. മുഖ്യ ആസൂത്രകൻ ഉൾപ്പടെ മൂവരെയും എത്തിച്ചിരുന്നു. എന്നാൽ, ജനം തടിച്ച് കൂടിയതോടെ ഒരാളെ മാത്രമേ ജീപ്പിൽ നിന്നും പുറത്തിറക്കിയുള്ളൂ. പ്രതികളെ പിന്നീട് തൃശൂരിലെ ഫോറൻസിക്ക് ഓഫീസിലും എത്തിച്ചിരുന്നു. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടും. കസ്റ്റഡിയിൽ കിട്ടിയ ശേഷമായിരിക്കും കൂടുതൽ തെളിവെടുപ്പ് നടത്തുക. കേസിൽ കയ്പമംഗലം സ്വദേശികളായ അനസ്, അൻസാർ, സ്റ്റിയോ എന്നിവരാണ് അറസ്റ്റിലായത്. അപകട നാടകം നടത്തിയാണ് പ്രതികൾ മനോഹരനെ കൊലപ്പെടുത്തിയത്. മനോഹരൻ സ്ഥിരമായി പോകുന്ന വഴി നിരീക്ഷിച്ച് പിന്നാലെ കൂടുകയായിരുന്നു.
ബൈക്കിൽ വേഗത്തിൽ എത്തിയ സംഘം കാറിന്റെ പിന്നിൽ ഇടിച്ചു. ശബ്ദംകേട്ട് മനോഹരൻ പുറത്തിറങ്ങിയപ്പോൾ അപകടംപറ്റിയ രീതിയിൽ ഒന്നാം പ്രതി അനസ് നിലത്തുകിടന്നു. എന്തുപറ്റിയെന്ന് ചോദിച്ച് സഹായിക്കാനെത്തിയ മനോഹരനെ സ്റ്റിയോ, അൻസാർ എന്നിവർ ചേർന്ന് കീഴ്‌പ്പെടുത്തി കാറിന്റെ പിൻസീറ്റിലേക്ക് ഇട്ടു. രണ്ട് പ്രതികൾ കാറിൽ കയറി. മറ്റെയാൾ ബൈക്കിൽ മുന്നിൽപോയി. ശബ്ദമുണ്ടാക്കാതിരിക്കാൻ മനോഹരന്റെ വായ് സെലോടേപ്പുകൊണ്ട് കെട്ടിയിരുന്നു. കൈകൾ പിന്നിൽ ചേർത്തും കെട്ടി. ബൈക്ക് ഒരിടത്ത് സുരക്ഷിതമായി വെച്ച് മൂന്നാമനും കാറിൽ കയറി. കാറിൽ പറവൂർ വഴി കൊച്ചി ഭാഗത്തേക്കാണ് പോയത്. പണം എവിടെയെന്ന് ചോദിച്ച് മർദിച്ചു. പണം ഇല്ലെന്ന് പറഞ്ഞത് നുണയാണെന്ന് കരുതി രണ്ടു മണിക്കൂറോളം മർദനം തുടർന്നു. ഇതോടെ മനോഹരൻ അവശനായി. സംഘത്തിലൊരാൾ കൈയിലുണ്ടായിരുന്ന കൈത്തോക്കുകൊണ്ട് വെടിവെച്ചു. വെടിയൊച്ച കേട്ട് മനോഹരൻ ബോധരഹിതനായി. വായും മൂക്കും ചേർത്ത് സെലോടേപ്പുകൊണ്ട് മുറുക്കിക്കെട്ടിയതോടെയാണ് മനോഹരൻ മരിച്ചത്. മനോഹരന്റെ മൃതദേഹം കായലിലോ കടലിലോ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ചാലക്കുടി വഴി ടോൾപ്ലാസയിലെത്താതെ കുറുക്കുവഴിയിലൂടെ തൃശൂർ എത്തി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. പുലർച്ചയോടെ ഗുരുവായൂരിലെത്തിയ സംഘം ആളൊഴിഞ്ഞയിടത്ത് റോഡിൽ മൃതദേഹം ഉപേക്ഷിച്ച് പെരിന്തൽമണ്ണയിലേക്ക് കടക്കുകയായിരുന്നു.