bhakshya-dinacharanam

കല്ലമ്പലം: 'വാഴക്ക് ഒരു കൂട്ട്' എന്ന സന്ദേശമുയർത്തി പുല്ലൂർമുക്ക് ഗവ.എം.എൽ.പി.എസിലെ കൂട്ടുകാർ ലോക ഭക്ഷ്യ ദിനം ആചരിച്ചു. കുരുന്നുകളുടെ ലോക ഭക്ഷ്യ ദിനാചരണത്തിലാണ് വാഴ പ്രധാന കഥാപാത്രമായത്. വാഴയുടെ വിവിധ ഭാഗങ്ങളുപയോഗിച്ച് തയ്യാറാക്കപ്പെട്ട അമ്പതിൽപരം നാടൻ വിഭവങ്ങളൊരുക്കി ഭക്ഷ്യമേള സംഘടിപ്പിച്ചാണ് പുല്ലൂർമുക്ക് ഗവ.എം.എൽ.പി.എസ് വാഴയുമായി ചങ്ങാത്തം കൂടിയത്. വാഴയിൽ നിന്നും പോഷകസമൃദ്ധമായ ഇത്രയധികം വിഭവങ്ങളുണ്ടാക്കാൻ കഴിയുമെന്ന കാര്യം പലരിലും ആശ്ചര്യമുണർത്തി. വിവിധയിനം വാഴപ്പഴങ്ങളുടെ പ്രദർശനവും നടന്നു. പ്രാദേശികമായി ലഭ്യമാവുന്നതും ആരോഗ്യദായകവുമായ ഇത്രയധികം ഭക്ഷ്യ വിഭവങ്ങൾക്കുള്ള സാധ്യതകൾ നില നിൽക്കെ അനാരോഗ്യകരമായ ഫാസ്റ്റ്ഫുഡിന് പിന്നാലെ പായുന്നതിലെ അനൗചിത്യം ഇനിയെങ്കിലും നാം തിരിച്ചറിയണമെന്ന് പ്രഥമാദ്ധ്യാപിക ഗംഗ ടീച്ചർ പറഞ്ഞു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ കപ്പ വാഴ നട്ട് പി.ടി.എ വൈസ് പ്രസിഡന്റ് പ്രിയങ്ക ഭക്ഷ്യമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് സഫീർ,സന്ധ്യ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. ഭക്ഷ്യമേളക്ക് പുറമേ വാഴച്ചുമർ, എത്ര തരം വാഴകൾ, വാഴപ്പതിപ്പ് പ്രകാശനം, കടങ്കഥാ ശേഖരണ മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു.