mala
തൊഴിയൂർ സുനിൽ വധക്കേസിൽ പിടിയിലായ പ്രതികൾ.

മലപ്പുറം: ആർ.എസ്.എസ് കാര്യവാഹകായിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ പ്രതികൾക്ക് തീവ്രവാദ സ്വഭാവത്തിലുള്ള ആറ് കൊലപാതകക്കേസുകളിൽകൂടി പങ്കുള്ളതായി സംശയം. തൃശൂർ കൊളത്തൂരിലെ മോഹനചന്ദ്രൻ വധക്കേസിലെ ബന്ധം പുറത്തായതിന് പുറമേ മതിലകം സന്തോഷ്, കൊല്ലങ്കോട് മണി, വളാഞ്ചേരി താമി തുടങ്ങിയ കേസുകളിലാണ് ഇവരുടെ പങ്കിനെപ്പറ്റി തിരൂർ ‌ഡിവൈ.എസ്.പി കെ.എ സുരേഷ്ബാബുവിന്റെ സംഘം അന്വേഷിക്കുന്നത്.

1992ൽ തൃശൂരിൽ രൂപംകൊണ്ട ജംഇയ്യത്തുൽ ഇഹ്സാനിയ എന്ന സംഘടനയുടെ ജില്ലാ ഭാരവാഹിയായിരുന്ന കൊളത്തൂർ മേലേകൊളമ്പ് പിലാക്കാട്ടുപടിയിൽ സെയ്തലവി അൻവരിയാണ് (54) കൊലപാതകങ്ങളുടെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. പാസ്പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേക്ക് കടന്ന ഇയാളെ കണ്ടെത്തിയാലേ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടൂ എന്ന് പൊലീസ് പറയുന്നു. തൊഴിയൂർ കേസടക്കം കോളിളക്കം സൃഷ്ടിച്ച അര‌ഡസനോളം കേസുകളിൽ സെയ്തലവിക്കും ജംഇയ്യത്തുൽ ഇഹ്സാനിയയ്ക്കും പങ്കുണ്ടെന്ന സൂചന പുറത്തുവന്നതോടെ സെയ്തലവിയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തി. ഗൾഫിലേക്ക് കടന്നതായി കരുതപ്പെടുന്ന ഇയാളെ പിടികൂടാനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു. കാസർകോട് സ്വദേശി ഷേഖ് അബ്ബയെന്നയാളുടെ പാസ്‌‌പോർട്ടിൽ ഫോട്ടോ വെട്ടിയൊട്ടിച്ചാണ് സെയ്തലവി നാടുവിട്ടതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷത്തിനു ശേഷം യഥാർത്ഥ പ്രതികളിലൊരാളായ മുഹ്‌‌യുദ്ദീനെ പിടികൂടിയതോടെയാണ് സെയ്തലവി അൻവരിയുൾപ്പെടെ കൂടുതൽ പ്രതികളെപ്പറ്റിയുളള വിവരങ്ങൾ പുറത്തായത്. കേസിൽ ജംഇയ്യത്തുൽ ഇഹ്സാനിയയുടെ സ്ഥാപകനേതാവ് കൊളത്തൂർ ചെമ്മലശേരി പൊതുവകത്ത് വീട്ടിൽ ഉസ്മാൻ (51), തൃശൂർ അഞ്ചങ്ങടി സ്വദേശി യൂസഫെന്ന യൂസഫലി (52) എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ, മലപ്പുറം സ്വദേശികളായ നാലുപേർ കൂടി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കൊലപാതകത്തിനായി ജംഇയ്യത്തുൽ ഇഹ്സാനി എന്ന സംഘടനയ്ക്ക് രാജ്യത്തിനകത്തോ പുറത്തുനിന്നോ സാമ്പത്തികമുൾപ്പെടെയുള്ള സഹായങ്ങൾ ലഭിക്കാൻ സാദ്ധ്യതയുള്ളതായി പൊലീസ് കണക്കുകൂട്ടുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. 1992 മുതൽ പാലക്കാട്, തൃശൂർ, മലപ്പുറം മേഖലകളിലെ സിനിമാ തിയേറ്ററുകൾ, മദ്യഷാപ്പുകൾ എന്നിവ കത്തിച്ചതിനും നോമ്പ് കാലത്ത് തുറക്കുന്ന ഹോട്ടലുകൾ അക്രമിച്ചതിനും യൂസഫലിയും ഉസ്മാനും നേതൃത്വം നൽകിയിട്ടുണ്ട്. 1995ൽ വാടനപ്പള്ളി രാജീവ് വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഉസ്മാൻ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയശേഷം ഗൾഫിലേക്ക് കടക്കുകയായിരുന്നു. രണ്ട് വർഷത്തിനുശേഷം കോടതിയിൽ കീഴടങ്ങിയശേഷമാണ് വിചാരണ നേരിട്ടത്. സംഘടനയുടെ സജീവ പ്രവർത്തകനായ യൂസഫലിയും കൊലപാതകക്കേസിൽ പ്രതിയായ ശേഷം ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. ഒരു വർഷം മുമ്പ് മുംബയ് വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.