പരമ്പരാഗതമായി പിന്തുടരുന്ന പ്രവർത്തന ശൈലിയിൽ നിന്ന് അണുവിട മാറാൻ തയ്യാറല്ലാത്തവർ ജീവിതത്തിന്റെ ഏതു തുറകളിലും കാണും. സദുദ്ദേശ്യത്തോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാര നടപടികൾക്കെതിരെ ഭരണപക്ഷ യൂണിയനിൽ നിന്ന് അതിശക്തമായ എതിർപ്പുയരുന്നതിനു പിന്നിലും കാണാം ഈ രസക്കേടും അസഹിഷ്ണുതയും. തുടങ്ങിവച്ച പരിഷ്കാരങ്ങൾ തുടരാനാണു ഭാവമെങ്കിൽ അതിനു നേതൃത്വം നൽകുന്ന മേലാളന്മാരുടെ മുട്ടുകാല് തല്ലിയൊടിക്കുമെന്നാണ് ഭരണപക്ഷ യൂണിയൻ നേതാവ് പേരുവച്ചു പ്രസിദ്ധപ്പെടുത്തിയ നോട്ടീസിൽ മുന്നറിയിപ്പു നൽകുന്നത്. നേതാവിന്റെ വിരട്ടലിൽ ആരും പേടിക്കുമെന്നു തോന്നുന്നില്ല. കാരണം സാക്ഷാൽ മുഖ്യമന്ത്രി തന്നെ ഇടപെട്ടാണ് ഇപ്പോഴത്തെ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. യൂണിയനിൽ പെട്ട ജീവനക്കാർക്ക് പരിഷ്കാരം നടപ്പാക്കുന്നതു കൊണ്ടുണ്ടാകുന്ന അസൗകര്യവും ബുദ്ധിമുട്ടും കണ്ടില്ലെന്നു നടിക്കാൻ തങ്ങൾക്കാവില്ലെന്നു അവരെ ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യമേ നോട്ടീസിനു പിന്നിലുള്ളൂ എന്നു വ്യക്തം. അതിനപ്പുറം ഈ പ്രതിഷേധത്തിന് ആയുസുണ്ടാകുമെന്ന് ആരും കരുതുന്നില്ല.
സെക്രട്ടേറിയറ്റിൽ തീർപ്പാകാതെ കിടക്കുന്ന ഫയൽ കൂമ്പാരത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിട്ട് അധിക നാളായില്ല. ഫയലുകളിൽ സമയബന്ധിതമായി തീർപ്പുണ്ടാക്കാനുള്ള അദാലത്തും തുടങ്ങിയിരുന്നു. അതിന്റെ പുരോഗതി എത്രത്തോളമായെന്നതു സംബന്ധിച്ച് വിവരമൊന്നുമില്ല. വലിയ നേട്ടമൊന്നും ഉണ്ടായിക്കാണില്ല. അതുകൊണ്ടാവുമല്ലോ ഇതുസംബന്ധിച്ച് അവകാശവാദങ്ങളൊന്നും പുറത്തുവരാത്തത്. സുഖസുഷുപ്തിയിൽ കഴിയുന്ന ഫയലുകൾ അതേനിലയിൽ തുടരുന്നതിൽ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പ്രത്യേകിച്ച് ദണ്ഡമൊന്നും തോന്നുകയില്ല. എന്നാൽ ഓരോ ആവശ്യവുമായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ കാര്യം അങ്ങനെയല്ല. സെക്രട്ടേറിയറ്റിന്റെ പടിക്കെട്ടുകൾ കയറിയിറങ്ങി നിരാശയോടെ ഭരണസംവിധാനത്തെ പഴിച്ചു കഴിയുന്നവർ അനേകമുണ്ട്. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ മനുഷ്യന്റെ ജീവിതമാണെന്ന യാഥാർത്ഥ്യം ജീവനക്കാർ എപ്പോഴും ഓർമ്മിക്കണമെന്ന് മുഖ്യമന്ത്രി കൂടക്കൂടെ ഓർമ്മിപ്പിക്കാറുണ്ട്. അപേക്ഷകളിലെ ആവശ്യം അനുവദിക്കാൻ ചട്ടവും നിയമവും എതിരാണെങ്കിൽ ആ വിവരം കാലതാമസം കൂടാതെ അപേക്ഷകനെ അറിയിക്കാനുള്ള സൗമനസ്യമെങ്കിലും ജീവനക്കാർ കാണിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടു വച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനകൾക്കോ പൊതുജനങ്ങളിൽ നിന്നുയരാറുള്ള പരാതികൾക്കോ അർഹമായ പരിഗണന കിട്ടിയതായി തോന്നുന്നില്ല. പൊതുജനങ്ങളോടുള്ള സമീപനത്തിൽ ഉദ്യോഗസ്ഥന്മാർ കാതലായ മാറ്റം വരുത്താത്തിടത്തോളം ഇപ്പോഴത്തെ നില തുടരുക തന്നെ ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശമനുസരിച്ചാണ് പൊതുഭരണവകുപ്പ് സെക്രട്ടേറിയറ്റിൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവരാനൊരുങ്ങിയത്. സംഘടനാ ഭാരവാഹികളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയിരുന്നു. വരുന്നതിനും പോകുന്നതിനും ക്ളിപ്ത സമയം പാലിക്കാൻ ജീവനക്കാരെ നിർബന്ധിക്കുന്നത് അന്യായമെന്നു ആരും പറയില്ല. പലതവണ ഏർപ്പെടുത്തുകയും ജീവനക്കാർ അട്ടിമറിക്കുകയും ചെയ്ത പഞ്ചിംഗ് സംവിധാനം കർക്കശമാക്കിയതാണ് ഭരണപക്ഷ യൂണിയനെ ചൊടിപ്പിച്ചതത്രേ. കെ.എ.എസ് നടപ്പാക്കൽ, ഇ. ഫയൽ സംവിധാനം വന്നതോടെ പല വകുപ്പുകളിലും അധികം വരുന്ന ജീവനക്കാരുടെ പുനർവിന്യാസം, വിവിധ വകുപ്പുകളിൽ ജോലിഭാരം ഏകീകരിക്കുക, അനാവശ്യ സ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക തുടങ്ങിയ നടപടികൾ പരിഷ്കാരത്തിന്റെ ഭാഗമായി നടപ്പാക്കിയതോടെയാണ് അതിനു ചുക്കാൻ പിടിച്ചവർക്കു നേരെ ഭീഷണിയും ഒളിയമ്പുകളും ഉയരാൻ തുടങ്ങിയത്. സംഘടനാ സ്വാതന്ത്ര്യം സർക്കാരിനെത്തന്നെ ഭീഷണിപ്പെടുത്തുന്ന നിലയിലേക്കു വളർന്നതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണിത്. ഭരണപക്ഷ സംഘടനയുടെ നിലപാട് ഇത്തരത്തിലാണെങ്കിൽ പ്രതിപക്ഷക്കാരുടെ സംഘടനകൾ ഏതറ്റംവരെ പോകുമെന്ന് ഊഹിച്ചാൽ മതി.
സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ ഭീഷണി നോട്ടീസിനോടുള്ള ജീവനക്കാരുടെ പ്രതികരണം അറിവായിട്ടില്ല. സംഘടനയുടെ വാർഷിക യോഗത്തിൽ ജനങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ചും സേവന മനോഭാവം ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചും പ്രസംഗിക്കുന്നവർ ഈ മട്ടിൽ പ്രകോപിതരാകുന്നതിനു ന്യായീകരണമൊന്നുമില്ല. മാത്രമല്ല പരിഷ്കാരം നടപ്പാക്കാൻ ചുമതലപ്പെട്ടവരല്ല ഇവിടെ ഇരകളാകുന്നത്. സംഘടനയുടെ ഇത്തരം നിഷേധാത്മക നിലപാടുകൾ ആത്യന്തികമായി ബാധിക്കുന്നത് പൗരസമൂഹത്തെയാണ്. സെക്രട്ടേറിയറ്റിലെ ഭരണനിർവഹണം ചടുലവും കാര്യക്ഷമവുമായാൽ അതിന്റെ ഗുണം ലഭിക്കുക സമൂഹത്തിനാണ്. പൊതുഭരണ സെക്രട്ടറിക്കോ സമിതിയിലെ മറ്റ് ഉദ്യോഗസ്ഥർക്കോ വ്യക്തിഗത നേട്ടമൊന്നും ലഭിക്കാൻ പോകുന്നില്ല. തല്ലിയൊടിക്കാനായി മുട്ടുകാൽ നീട്ടിവച്ചു കൊടുക്കാൻ അവരിലാരെങ്കിലും മുന്നോട്ടുവരുമോ എന്നും നിശ്ചയമില്ല. കാലഹരണപ്പെട്ട സംഘടനാശൈലിയാണ് ഇതൊക്കെ.