തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകളുണ്ടെന്നും, 15,000 ത്തോളം വോട്ടർമാരുടെ പേരുകളിൽ ഇരട്ടിപ്പു വന്നിട്ടുണ്ടെന്നും കെ.മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതേക്കുറിച്ച് മുഖ്യതിരഞ്ഞെെടുപ്പ് ഓഫീസർക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.

ഇരട്ടിപ്പ് വന്ന പത്തോളം പേരുകളിൽ ബി.ജെ.പിക്കാരും സി.പി.എമ്മുകാരുമുണ്ട്. കൂടുതൽ പേർ ബി.ജെ.പിക്കാരാണ്. പേരും വിലാസവും ഒന്നാണെങ്കിലും തിരിച്ചറിയൽ കാർഡ് രണ്ടാണ്. പേര് ചേർത്തവരും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റക്കാരാണ്. സാമുദായിക നേതാക്കളെ പിടികൂടാൻ നടക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തന്റെ വകുപ്പിൽ നടക്കുന്ന ഇത്തരം പ്രവൃത്തികൾ കാണുന്നില്ല. .മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഒരു പരിധി വരെ നിഷ്പക്ഷനാണ്. അദ്ദേഹം തങ്ങളുടെ പരാതി ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

ലോക് സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ഇടതു സ്ഥാനാർത്ഥിയെ തോല്പിച്ചത് ചില ചാനലുകാരുടെ സർവെയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം മോശമായിപ്പോയി.ഒരു ചാനലുകാരുടെയും സർവെയിൽ പാലക്കാട്ട് ശ്രീകണ്ഠൻ ജയിക്കുമെന്ന് പറഞ്ഞില്ല. വടകരയിൽ തനിക്കെതിരെയും സർവെ വന്നല്ലോ.സാമുദായിക നേതാക്കൾ ചിലപ്പോൾ മുന്നണികൾക്ക് അനുകൂലമായും പ്രതികൂലമായും പറയും. പാലായിൽ മാണി.സി.കാപ്പന് വെള്ളാപ്പള്ളി പരസ്യ പിന്തുണ പ്രഖ്യാപിച്ചില്ലേ.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി കടകംപള്ളിക്ക് അനുകൂല നിലപാട് എൻ.എസ്.എസ് എടുത്തല്ലോ. എസ്.എൻ.ഡി.പി യോഗം ബി.ജെ.പിക്ക് ഒപ്പമായിരുന്നു.പക്ഷെ യു.ഡി.എഫ് ഒരു പരാതിയും പറഞ്ഞില്ല. .2011 ലെ തിരഞ്ഞെടുപ്പിന്റെ ആവർത്തനമാവും വട്ടിയൂർക്കാവിൽ .എൽ.ഡി.എഫ് രണ്ടാം സ്ഥാനത്ത് വരണമെന്നാണ് തങ്ങളുടെയും ആഗ്രഹം. 30,000 ത്തിൽ താഴെയാവും ബി.ജെ.പിക്ക് കിട്ടുന്ന വോട്ട്.

മാലിന്യസംസ്കരണത്തിലെ പാളിച്ചകൾക്ക് ഫൈനടിച്ച സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് പിണറായി വോട്ടു ചോദിക്കുന്നതെന്ന് മുരളീധരൻ പരിഹസിച്ചു.മികച്ച മലിനീകരണ നിയന്ത്രണ സംവിധാനത്തിന് തിരുവനന്തപുരം കോർപ്പറേഷന് മലേഷ്യയിൽ അംഗീകാരം കിട്ടിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരാണ് നഗരസഭയ്ക്ക് പിഴ ചുമത്തിയത്.അപ്പോൾ അവിടെ കിട്ടിയ അംഗീകാരം തട്ടിക്കൂട്ടിയതാണോയെന്ന് സംശയിച്ചാലും തെറ്റുപറയാനാവില്ല- മുരളീധരൻ പറഞ്ഞു.