വിഴിഞ്ഞം: പ്രളയവും കാലാവസ്ഥാ വ്യതിയാനവും കോവളത്തെ ടൂറിസം സീസണ് ഇക്കുറി കാര്യമായ വെല്ലുവിളി സൃഷ്ടിച്ചില്ല. തീരത്തേക്ക് വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. തുലാവർഷ കാലമായതിനാൽ ഇവർ മഴ നന്നായി ആസ്വദിക്കുകയാണ്. ക്രിസ്മസ് ആഘോഷവും പുതുവർഷവും എല്ലാം കഴിഞ്ഞേ സീസൺ അവസാനിക്കുകയുള്ളൂ. ഏകദേശം 10000ൽ പരം ആൾക്കാരാണ് ടൂറിസം സീസണിനെ മാത്രം ആശ്രയിച്ചു കഴിയുന്നത്. കോവളം, വിഴിഞ്ഞം ഭാഗത്തുമാത്രം 180- 200 ഹോട്ടലുകളുണ്ട്. ഇതിൽ 100 ഓളം ഹോം സ്റ്റേകളും ഉൾപ്പെടുന്നു. ഇതിനു പുറമെ ആയിരത്തോളം കച്ചവടക്കാരും സീസൺ കച്ചവടം പ്രതീക്ഷിച്ച് എത്തുന്നുണ്ട്. സീസൺ തുടങ്ങുന്നതിനു ഒരുമാസം മുൻപുതന്നെ മറ്റു ജില്ലകളിൽ നിന്നുള്ള കച്ചവടസ്ഥാപനങ്ങളും ഏജൻസികളും കോവളത്ത് എത്തുന്നു. വിദേശികളെ മാത്രം ലക്ഷ്യമിട്ടു കോവളം, ചൊവ്വര ഭാഗത്തു ധാരാളം തയ്യൽ തൊഴിലാളികളും ഉപജീവനം നടത്തുകയാണ്. സീസണിൽ മാത്രം കച്ചവടത്തിന് സ്ഥിരമായി എത്തുന്ന അന്യ ജില്ലക്കാരും സംസ്ഥാനക്കാരുമുണ്ട്. മുൻകാലങ്ങളിൽ വർഷത്തിൽ 100 ദിവസം കിട്ടിയിരുന്ന സീസൺ കച്ചവടങ്ങൾ ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നും 60 ദിവസത്തോളമേ കച്ചവടം നടക്കുന്നുള്ളൂവെന്നും കച്ചവടക്കാർ പറയുന്നു. ഓൺലൈൻ ടൂറിസം വന്നതോടെ വിദേശികൾ കൂടുതലും ഗ്രാമാന്തരീക്ഷങ്ങളും പ്രകൃതി ഭംഗിയും തേടി പോകുകയാണ്. കോവളത്തെ അപേക്ഷിച്ച് ചൊവ്വര ഭാഗത്തു വിദേശികൾ കൂടുതലായുണ്ട്. ഇവിടെ കൂടുതലും ആയുർവേദ ചികിത്സയ്ക്കായി എത്തുന്നവരാണ്. മുൻപ് കോവളത്ത് 40 ഓളം റെസ്റ്റോറന്റുകൾ ഉണ്ടായിരുന്നു. ഇപ്പോൾ തീരത്തോട് ചേർന്ന് 24 ഉം പിറകിൽ 6 റെസ്റ്റോറന്റുകളുമാണുള്ളത്. സീസൺ ആരംഭിക്കുന്നതോടു കൂടി 3000ത്തോളം സ്ത്രീ തൊഴിലാളികൾ കോവളം ഭാഗത്തു വരുന്നുണ്ട്. ഇവയിൽ ഏറിയപങ്കും ക്ലീനിംഗ് തൊഴിലാളികളാണ്. ഇവിടത്തെ ടാക്സി ഡ്രൈവർമാർക്ക് ഓട്ടം ലഭിക്കുന്നത് സീസൺ സമയത്താണ്. ട്രാവൽസുകളുടെ വരവോടുകൂടി ഇവിടത്തെ ടാക്സികളുടെ എണ്ണം കുറഞ്ഞുതുടങ്ങി. ഇപ്പോൾ ലൈറ്റ് ഹൗസ് ബീച്ചിൽ 32 ടാക്സി കാറുകളും ഗ്രോവ് ബീച്ചിൽ 10 ടാക്സി കാറുകളുമാണുള്ളത്. കോവളം ടൂറിസ്റ്റ് മേഖലയ്ക്ക് സർക്കാർ കൂടുതൽ ശ്രദ്ധ നൽകിയാൽ ടൂറിസത്തിൽ നിന്ന് കൂടുതൽ വരുമാനം ലഭിക്കുമെന്നും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇത് ആശ്വാസമാകുമെന്നും തീരത്തെ ഹോട്ടൽ ഉടമകളും കച്ചവടക്കാരും പറയുന്നു.
സീസണിൽ പ്രതീക്ഷയർപ്പിക്കുന്നത് 10000 ൽ പരം കച്ചവടക്കാർ
ഇപ്പോഴത്തെ സീസൺ സമയം 60 ദിവസം
മുൻപ്-100