വിപുലവും വൈവിദ്ധ്യപൂർണവും സങ്കീർണവുമാണ് വള്ളത്തോളിന്റെ കാവ്യങ്ങൾ. ടാഗോറിനെ പോലെ ഒരേ സമയം കവിയും പരിഷ്കർത്താവും ചിന്തകനുമായിരുന്നു അദ്ദേഹം. ഇടതുപക്ഷ ചിന്തയോട് അദ്ദേഹത്തിനുണ്ടായിരുന്ന ചായ്വ് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
ഇടതുപക്ഷക്കാരനായിരിക്കുക അമാന്യവും ആപത്കരവുമായിരുന്ന ഒരു കാലത്താണ് ഒരു യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നും പുറപ്പെട്ടു വന്ന വള്ളത്തോൾ നാരായണമേനോൻ ഇടതുപക്ഷ ചിന്തയെ ശ്രദ്ധിക്കുകയും മനസിലാക്കാൻ ശ്രമിക്കുകയും അതിനോട് അടുക്കുകയും ചെയ്തത്. രണ്ട് മക്കൾ കമ്മ്യൂണിസ്റ്റുകാരായതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞവരുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ കുറിപ്പുകളിൽ നിന്നും കവിതകളിൽ നിന്നും വെളിവാകുന്നത് സത്യസന്ധവും വിപ്ളവത്തിന്റെ സാമൂഹിക പരിവർത്തന സാദ്ധ്യതകളെ കുറിച്ചുള്ള പ്രത്യാശയിൽ നിന്നുണ്ടായ ഒരു ആകർഷണമാണ്.
കമ്മ്യൂണിസ്റ്റ് റഷ്യയും കമ്മ്യൂണിസ്റ്റ് ചൈനയും സന്ദർശിച്ച മലയാളത്തിലെ ആദ്യ സാഹിത്യകാരൻ ഒരുപക്ഷേ, അദ്ദേഹമായിരിക്കും. 1951ൽ റഷ്യയും 53ൽ ചൈനയും സന്ദർശിച്ചു. മാവോയെ നേരിൽ കണ്ടു. ഇടതുപക്ഷ ചായ്വിന്റെ പേരിൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ യാഥാസ്ഥികത്വത്തിൽ നിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു അദ്ദേഹത്തിന്. കമ്മ്യൂണിസ്റ്റ് ലഘുലേഖകൾ അച്ചടിച്ചതിന്റെ പേരിൽ ചെറുതുരുത്തിയിലെ പ്രസ് 1950ൽ പൂട്ടി മുദ്രവച്ചു. വള്ളത്തോളിന്റെ വസതിയിൽ പരിശോധന നടത്തി. ഒരുദിവസം വീട്ടുതടങ്കലിൽ എന്ന പോലെ കഴിഞ്ഞു. വീടിനു പുറത്തായിരുന്നതിനാൽ കക്കൂസ് ഉപയോഗിക്കാൻ പോലും അദ്ദേഹത്തെ അനുവദിച്ചില്ല. പറവൂർ ടി..കെ.നാരായണപിള്ളയായിരുന്നു അന്നത്തെ മുഖ്യമന്ത്രി.
വള്ളത്തോളിനെപ്പോലെ ഒരു അസാമാന്യനായ അഭ്യുദയകാംക്ഷി കമ്മ്യൂണിസത്തിന് ഉണ്ടായിരുന്നു എന്ന വസ്തുത കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കാലപ്രവാഹത്തിൽ മറന്നുപോയിരിക്കണം. മറന്നില്ലായിരുന്നുവെങ്കിൽ ഇറക്കുമതി ചെയ്യപ്പെട്ടവരും ലക്ഷക്കണക്കിന് നിഷ്കളങ്കരുടെ രക്തക്കറ പുരണ്ടവരുമായ നേതാക്കളുടെ ഛായാചിത്രങ്ങൾക്കൊപ്പമെങ്കിലും കേരളത്തിന്റെ ഈ മഹാപുത്രനെ അവർ തങ്ങളുടേതായി ആഘോഷിക്കേണ്ടിയിരുന്നില്ലേ? ഒരു അമൂല്യമായ സ്വത്തെന്ന പോലെ അദ്ദേഹത്തെ സ്വന്തമാക്കേണ്ടതായിരുന്നില്ലേ? വാസ്തവത്തിൽ ആലോചിച്ചു നോക്കിയാൽ അദ്ദേഹത്തെ മാത്രമല്ല, മറ്റ് എത്രയോ മനുഷ്യസ്നേഹികളായ കേരള പുത്രന്മാരെയും...
(വള്ളത്തോൾ സാഹിത്യ സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ വള്ളത്തോൾ സമ്മാനം സ്വീകരിച്ചുകൊണ്ട് സക്കറിയ നടത്തിയ മറുപടി പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ)