രണ്ട് വലിയ കാര്യങ്ങളുടെ സംഗമത്താൽ തിളക്കമേറുന്നതാണ് ഇൗ വർഷത്തെ സാമ്പത്തിക ശാസ്ത്ര നോബൽ പുരസ്കാര പ്രഖ്യാപനം. ഒന്ന്, കണ്ണഞ്ചിപ്പിക്കുന്ന സമ്പന്നതയിലും സുഖസമൃദ്ധിയിലും അഭിരമിക്കുന്നതാണ് ഇന്നത്തെ മുഖ്യധാരാ ലോകമെങ്കിലും ഒപ്പംതന്നെയുള്ള 70 കോടി പാവങ്ങളുടെ ഇല്ലായ്മകളെ അവഗണിക്കാനാവില്ലെന്ന നിലപാടാണ് നോബൽ അക്കാഡമി സ്വീകരിച്ചത്. രണ്ട്, ശാസ്ത്രങ്ങളിലെ മഹത്തായ കണ്ടുപിടിത്തങ്ങൾക്കാണ് നോബൽ സമ്മാനം നൽകുന്നതെന്ന പൊതുവിലുള്ള വിശ്വാസവും കാത്തുസൂക്ഷിച്ചിരിക്കുന്നു. നിസ്വരുടെ ലോകത്തെ ദുരിതങ്ങൾക്ക് ശമനമേകാൻ പാകത്തിലുള്ള ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്തിയ അഭിജിത് വിനായക ബാനർജി, എസ്തർ ഡുഫ്ളൊ, മൈക്കിൾ ക്രെമർ എന്നിവർ നോബൽ പുരസ്കാരത്താൽ വാഴ്ത്തപ്പെട്ടിരിക്കുന്നു.
കുട്ടിക്കാലത്തെ നല്ല സ്വഭാവഗുണങ്ങളിൽ പലതും വലുതാകുമ്പോൾ നമുക്ക് നഷ്ടപ്പെടാറുണ്ടെന്നും എന്നാൽ അവ നിലനിറുത്താനായാൽ പ്രതിഭാശാലികളായിത്തീരാൻ കഴിയുമെന്നുമാണ് ഒരു വലിയ പണ്ഡിതന്റെ പ്രവചനം. ബാനർജിയുടെയും ഡുഫ്ളൊയുടെയും ജീവിതം ഇൗ നിരീക്ഷണത്തെ ശരിവയ്ക്കുന്നതാണ്. തന്റെ ആറാംവയസിൽ മദർ തെരേസയെന്ന പാവങ്ങളുടെ അമ്മയെക്കുറിച്ചുള്ള ചിത്രകഥ വായിക്കുക വഴി, ആ മാതാവിന്റെ അനുകമ്പാമാർഗത്തിൽ ആകൃഷ്ടയായിത്തീർന്നവളാണ് എസ്തർ ഡുഫ്ളൊയെന്ന പെൺകുട്ടി. മനസിലെ ആ വെളിച്ചം കെടാതെ സൂക്ഷിക്കുകയും, തന്റെ പഠനത്തിനിടയിൽ 23-ാം വയസിൽ, കൊൽക്കത്തയിലെത്തുകയും ഇല്ലായ്മക്കാരുമായി സംവദിക്കുകയും അവരെ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീടങ്ങോട്ടും ഡുഫ്ളൊ അതുതന്നെ തുടർന്നു. അതിന് അവരെത്തേടി ഇപ്പോൾ അത്യുന്നത പ്രതിഭാപുരസ്കാരവും വന്നെത്തിയിരിക്കുന്നു. കൊൽക്കത്തയിലെ തന്റെ ഭവനത്തിന് ചുറ്റുമുള്ള ചേരിയിലെ കുട്ടികളുമായി കളിച്ചുവളർന്ന അഭിജിത്തിന്റെ മനസിലും പാവങ്ങളെക്കുറിച്ചുള്ള പാഠങ്ങളിൽ പലതും ബാല്യത്തിൽത്തന്നെ പതിഞ്ഞിരുന്നു. പഠിച്ച് ഉയർന്ന നിലയിലെത്തിയപ്പോഴും പാവങ്ങളുടെ പഠനങ്ങൾക്കായാണ് അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്. അദ്ദേഹത്തിന്റെ ബൗദ്ധിക സമ്പത്തിനെത്തേടി ഇപ്പോൾ സമ്പദ് ശാസ്ത്രത്തിന്റെ നോബലെത്തിയിരിക്കുന്നു.
ശാസ്ത്രമെന്ന ടാഗ് പേരിനോടൊപ്പമുണ്ടെങ്കിലും സാമ്പത്തികശാസ്ത്രമെന്ന വിജ്ഞാനശാഖയുടെ ശാസ്ത്രീയത എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ചിലരെങ്കിലും സംശയം പ്രകടിപ്പിക്കാറുണ്ട്. അത്തരം പരാതികൾ മറികടക്കും വിധമുള്ള രീതി ശാസ്ത്രമാണ് തങ്ങളുടെ കണ്ടുപിടിത്തങ്ങൾക്കായി സമ്മാനാർഹരയായ, മൂവരും വിനിയോഗിച്ചിട്ടുള്ളത്. ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയുള്ള കൃത്യതയാർന്ന പഠനശാഖകളുടെ സങ്കേതങ്ങളായ ലബോറട്ടറിയിലൂടെയും നിരീക്ഷണ - പരീക്ഷണങ്ങളിലൂടെയുമാണ്, ഇവർ തങ്ങളുടെ കണ്ടെത്തലുകളിൽ എത്തിച്ചേർന്നത്. പല പരിഹാരമാർഗങ്ങൾ പരീക്ഷിച്ച് ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക, അഥവാ, തെറ്റുകളിൽനിന്ന് ശരി ചികഞ്ഞെടുക്കുക എന്ന വൈദ്യശാസ്ത്രരംഗത്തെ ക്ളിനിക്കൽ ട്രയൽ എന്ന സങ്കേതത്തിന് സമാനമായ രീതിമാർഗത്തിലൂടെയാണ് പുരസ്കാര ജേതാക്കൾ ദാരിദ്ര്യ -ശുശ്രൂഷയ്ക്കുള്ള ഏറ്റവും മെച്ചപ്പെട്ട കണ്ടുപിടിത്തങ്ങളിലെത്തിയത്. ഉദാഹരണമായി, വികസ്വര രാജ്യങ്ങളിലെ സ്കൂൾ കുട്ടികളുടെ മോശപ്പെട്ട പഠനഫലത്തെക്കുറിച്ച്, ഇവർ നടത്തിയ പരീക്ഷണങ്ങളുടെ കാര്യം നോക്കാം. ആദ്യം, പ്രദേശത്തെ സ്കൂൾ കുട്ടികളിൽ, പഠനനിലവാരത്തിൽ പിന്നാക്കം നിൽക്കുന്നവരിൽ നിന്നും കുറേപ്പേരെ, പ്രത്യേക മമതയൊന്നും കാട്ടാതെ മനഃപൂർവമല്ലാത്ത രീതിയിൽ തിരഞ്ഞെടുക്കുന്നു. അതിനുശേഷം വിദ്യാർത്ഥികളുടെ പഠനഫലം നിശ്ചയിക്കുന്ന ഒരുകൂട്ടം ഘടകങ്ങളിൽ ഒാരോന്നായി എടുത്ത് അതിൽ മാറ്റം വരുത്തി നൽകിയശേഷം, തത്ഫലമായി പഠന നിലവാരത്തിലുണ്ടാകുന്ന മാറ്റം എത്രയെന്ന് രേഖപ്പെടുത്തുന്നു. ആദ്യം അദ്ധ്യാപന രീതിയിൽ മാത്രം മാറ്റം വരുത്തുകയും അതിനെത്തുടർന്ന് പഠനഫലത്തിൽ എത്രത്തോളം വ്യത്യാസം വന്നുവെന്ന വിവരം രേഖപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് സ്കൂൾ സമയക്രമം എന്ന ഘടകത്തിൽ മാത്രം മാറ്റം വരുത്തിക്കൊണ്ട് പഠനഫലം പരിശോധിക്കുന്നു. അടുത്തതായി പാഠപുസ്തകങ്ങളിൽ മാത്രം മാറ്റം വരുത്തിക്കൊണ്ട് പരീക്ഷണം ആവർത്തിക്കുന്നു. നിരീക്ഷണങ്ങൾക്ക് ശേഷം ഏറ്റവും നിർണായക മാർഗം കണ്ടെത്തുന്നു. തങ്ങളുടെ പരീക്ഷണങ്ങളിലൂടെ നോബൽ ജേതാക്കൾ എത്തിച്ചേർന്ന നിഗമനം ഇതായിരുന്നു. പഠനഫലത്തിന്റെ കാര്യത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഗ്രഹിക്കാൻ കഴിയാതെ പോയ പാഠഭാഗങ്ങൾ മനസിലാക്കിയെടുക്കാൻ കൂടുതൽ സമയം അനുവദിക്കേണ്ടിയിരിക്കുന്നു. അതിനവരെ സഹായിക്കാൻ കെല്പുള്ളവരുടെ സേവനവും നൽകേണ്ടിയിരിക്കുന്നു.
മുകളിൽ വിവരിച്ച രീതി സമ്പ്രദായം, നോബൽ ജേതാക്കൾ, പൊതുവായി പ്രയോഗിച്ച ഒരു സത്യാന്വേഷണ മാർഗത്തിന്റെ അനുബന്ധമായിരുന്നു. ദാരിദ്ര്യമെന്നത് പല തലങ്ങളും വ്യത്യസ്ത മാനങ്ങളുമുള്ള വലിയ പ്രഹേളികയാണ്; പലപ്പോഴുമത് ദുർഗ്രാഹ്യമായ മഹാമേരുവായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ, ദാരിദ്ര്യമെന്ന വലിയ പ്രശ്നത്തെ, ഗ്രഹിക്കാൻ പാകത്തിലുള്ള ചെറുതും സൂക്ഷ്മവുമായ ഘടകങ്ങളാക്കി വിഭജിച്ചുകൊണ്ട് പഠനം നടത്തുന്ന രീതിയാണ് ഇപ്പോഴത്തെ പുരസ്കാര ജേതാക്കൾ അവലംബിച്ചത്, അതിലവർ വിജയശ്രീലാളിതരാവുകയും ചെയ്തു. വിദ്യാഭ്യാസ കടമ്പകൾ, ആരോഗ്യകാര്യങ്ങളിലെ ആകുലതകൾ, ഭക്ഷ്യലഭ്യതക്കുറവ്, വായ്പയിലെ അയിത്തം എന്നിങ്ങനെയുള്ള യൂണിറ്റുകളായി, ദാരിദ്ര്യദുഃഖത്തെ വിഭജിച്ചുകൊണ്ട് അവ ഓരോന്നും വിശദവും സൂക്ഷ്മവുമായ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ട് സത്യം കണ്ടെത്തുന്ന മാർഗമാണ് അവർ അവലംബിച്ചത്.
ഇല്ലായ്മകൾ ഇല്ലാതാക്കാനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പരിപാടികളുടെ ഗുണഭോക്താക്കളായി പ്രത്യക്ഷപ്പെടേണ്ട, താഴേത്തട്ടിലുള്ളവർ, ചിലപ്പോഴൊക്കെ അതിനായി എത്താറില്ലെന്നതാണ് ഒരു കണ്ടെത്തൽ. ഈ പ്രതിസന്ധി തരണം ചെയ്യാനായി പാവങ്ങളെ ഇതിലേക്ക് ആകർഷിക്കാൻ പോന്ന മറ്റ് പ്രോത്സാഹനങ്ങളും കൂടി ഒപ്പം നൽകണമെന്ന് ഈ പണ്ഡിതർ നിർദ്ദേശിക്കുന്നു. ഉദാഹരണമായി, ഇവർ നടത്തിയ ഒരു പരീക്ഷണത്തിന്റെ അനുഭവം പറയാം. കുഞ്ഞുങ്ങൾക്ക് സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നൽകുന്ന പരിപാടിയിൽ സ്വന്തം കുട്ടികളുമായി എത്തുന്നതിൽ സ്ത്രീകൾ, പൊതുവിൽ വലിയ താത്പര്യം കാട്ടിയില്ല. എന്നാൽ, കുട്ടികളുമായി കുത്തിവയ്പിന് എത്തുന്ന അമ്മമാർക്ക് ഒരു ധാന്യക്കിറ്റ് കൂടി സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം നടത്തിയപ്പോൾ ഇക്കൂട്ടർ, വലിയ ഉത്സാഹത്തോടെ തങ്ങളുടെ മക്കളുടെ കുത്തിവയ്പിനായി ഹാജരാവുകയും ചെയ്തു.
സാധുക്കളായ ജനം, അവർക്ക് തിന്നാൻ കഴിയുന്നിടത്തോളം ആഹാരം കഴിക്കുന്നവരാണെന്ന പൊതുധാരണ, തികച്ചും തെറ്റാണെന്നാണ് നോബൽ ജേതാക്കളുടെ മറ്റൊരു കണ്ടെത്തൽ. ഇക്കൂട്ടർ തങ്ങളുടെ വരുമാനത്തിന്റെ 36-70 ശതമാനത്തിന് ഇടയിൽ വരുന്ന സംഖ്യ മാത്രമേ ഭക്ഷണത്തിനായി വിനിയോഗിക്കുന്നുള്ളൂ എന്നതാണ് പഠനങ്ങളുടെ കണ്ടെത്തൽ. ജീവിതത്തിന്റെ വിരസത കുറയ്ക്കാൻ ഉതകുന്ന ചെലവിനങ്ങൾക്കാണ് വരുമാനത്തിന്റെ ബാക്കി ഭാഗം ചെലവഴിക്കുന്നത്. ടെലിവിഷൻ, ഉത്സവാഘോഷങ്ങൾ, രുചിയേറിയ ഭക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ പട്ടികയിൽ വരുന്നത്. അതുപോലെ തന്നെ, പോഷക മൂല്യമുള്ള ഭക്ഷണങ്ങളെക്കാൾ, നാവിന് രുചിയുള്ള ഭോജ്യങ്ങൾ വാങ്ങാനാണവർക്ക് താത്പര്യം. അതുകൊണ്ടുതന്നെ, ഭക്ഷ്യസുരക്ഷയുടെ പേരിൽ സാധുജനങ്ങൾക്ക് ഏതെങ്കിലും (ചവറ് ) ധാന്യം എത്തിക്കുകയെന്ന പതിവ് പരിപാടി നിറുത്തലാക്കി, അതിനു പകരം പോഷകഗുണമുള്ളതും രുചിയേറിയതുമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കണമെന്നുമാണ് ഈ പണ്ഡിതരുടെ നിർദ്ദേശം. ബീഹാറിലും കർണാടകയിലും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് നടത്തിയ പഠനങ്ങളിൽ നല്ല സംരംഭമായ ഇതിന്റെ ഗുണഫലം അർഹരായവർക്ക് പൂർണമായും എത്തുന്നില്ല എന്നാണ് തെളിഞ്ഞത്. നടത്തിപ്പുകാരായ പഞ്ചായത്തുകൾ ഈ പദ്ധതി വഴിയുള്ള നേട്ടം, തട്ടിപ്പിലൂടെ സ്വന്തമാക്കുന്നുവെന്നാണ് കണ്ടെത്തിയത്. പരീക്ഷണങ്ങളിലൂടെ തെളിഞ്ഞ സത്യം, ഗുണഭോക്താക്കൾക്ക് തുക കൈമാറുന്ന ദൗത്യം പഞ്ചായത്ത് അധികാരികളിൽ നിന്ന് മാറ്റി, ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി തൊഴിലെടുക്കുന്നവർക്ക് നേരിട്ട് എത്തിക്കുന്ന രീതി അവലംബിക്കുന്നതാണ് ഉത്തമമെന്നതാണ്. ചുരുക്കത്തിൽ പുതിയ പന്ഥാവിലൂടെ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രായോഗിക പ്രസക്തി വർദ്ധിപ്പിക്കുക വഴി, നോബൽ സമ്മാനാർഹരായ, അഭിജിത് ബാനർജി, എസ്തർ ഡുഫ്ളൊ, മൈക്കിൾ ക്രെമർ എന്നീ പ്രതിഭകൾക്ക് പ്രണാമം.