1

കണ്ണമ്മൂല ജംഗ്ഷനിൽ നിന്ന്...

.............................

കണ്ണമ്മൂല ജംഗ്ഷനിലെ ഹോട്ടലിൽ വെള്ളയപ്പവും മുട്ടക്കറിയും ചേർന്ന പ്രാതലിന്റെ തിരക്കിലാണ് ഇടതുസ്ഥാനാർത്ഥി മേയർ വി.കെ. പ്രശാന്ത്. വട്ടിയൂർക്കാവിലെ പോരാട്ടച്ചൂടിനെ അനുസ്മരിപ്പിക്കുമാറ് ആവി പറക്കുന്നൊരു ചായയുമുണ്ട്. രാവിലെ ഒമ്പത് മണി.

അപ്പവും മുട്ടക്കറിയും ചായയും കഴിച്ചെഴുന്നേറ്റ സ്ഥാനാർത്ഥി, ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്നവരോടും കൗതുകത്തോടെ നോക്കിനിൽക്കുന്നവരോടുമെല്ലാം നിറഞ്ഞ ചിരിയോടെ കുശലം ചോദിച്ച് വീണ്ടും വന്നിരുന്നത് തീൻമേശയ്ക്ക് മുന്നിൽ! അപ്പത്തിനും മുട്ടക്കറിക്കും ഓർഡർ ചെയ്യുന്നു, സപ്ളൈയർ ശരവേഗത്തിൽ അത് വിളമ്പുന്നു. കുറച്ചുപേരിലെങ്കിലുമുണ്ടായ അമ്പരപ്പ് മാറ്റിയത് സ്ഥാനാർത്ഥി തന്നെ. തൊട്ടുമുന്നിൽ നിൽക്കുന്ന ചാനൽ കാമറാമാനോട്, 'മതിയോ' എന്ന് ചോദിച്ച് ഇനിയൊരു റീടേക്ക് ആവശ്യമുണ്ടാവില്ലെന്ന് പ്രശാന്ത് ഉറപ്പാക്കി. ചാനലിന് വേണ്ടി അഭിനയിച്ചതായിരുന്നു. മികച്ച അഭിനയത്തിന് പിന്തുണ നൽകിയ സപ്ലൈയർക്ക് കൈ കൊടുത്ത് വോട്ടുറപ്പാക്കി സ്ഥാനാർത്ഥി നേരേ ചട്ടമ്പിസ്വാമി പ്രതിമയുടെ അടുത്തേക്ക്. ഹാരാർപ്പണത്തിന് ശേഷം ചില വീടുകളിലേക്ക്.

'ഇവിടെ 10 - 15 വീടുകളിൽ പോകണം'- പ്രശാന്തിന്റെ പര്യടനകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സുന്ദരംപിള്ളയുടെ അടുത്തെത്തിയ പ്രവർത്തകൻ പറഞ്ഞു. ഗൃഹസന്ദർശനപരിപാടി ഇനി നിയന്ത്രിച്ച് പ്രമുഖവ്യക്തികളെ കാണുന്നതിലേക്കുകൂടി ശ്രദ്ധിക്കാൻ കടകംപള്ളി സഖാവ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് സുന്ദരംപിള്ള. ഇവിടെ കുറേ വീടുകൾ വിട്ടുപോയെന്ന് പ്രവർത്തകന്റെ മറുപടി.

പണ്ട് എം. വിജയകുമാർ തിരുവനന്തപുരം നോർത്തിൽ മത്സരിച്ചപ്പോഴുണ്ടായ ട്രെൻഡ് അനുഭവപ്പെടുന്നുവെന്നാണ് സി.പി.എം പ്രവർത്തകർ പറയുന്നത്. അപ്പോൾ, എൻ.എസ്.എസ് യു.ഡി.എഫിനായി പരസ്യമായി ഇറങ്ങുന്നതോ?- അതിന് ഞങ്ങളുടെ ആളുകളും പകരമിറങ്ങുന്നുണ്ടെന്ന് പ്രവർത്തകർ.

'പ്രചാരണത്തിൽ നല്ല മേൽക്കൈയുണ്ടാക്കാനായിട്ടുണ്ട്. എൻ.എസ്.എസ് നേതൃത്വം യു.ഡി.എഫിനായി ഇറങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ കൂടെയുള്ള ആളുകളും എൻ.എസ്.എസിലുണ്ടല്ലോ. എൻ.എസ്.എസിലെ തന്നെ ചിലർ പിന്തുണ അറിയിച്ചിട്ടുമുണ്ട്'- പ്രശാന്ത് കേരളകൗമുദിയോട് പറഞ്ഞു.

എൽ.ഡി.എഫിന്റെ രാഷ്ട്രീയവോട്ട് നാല്പതിനായിരത്തോളം വരുമെന്നും അതുറപ്പാക്കുന്നതിനൊപ്പം നിഷ്പക്ഷവോട്ടുകൾ പരമാവധി സമാഹരിച്ച് ജയമുറപ്പാക്കുകയെന്ന തന്ത്രമാണ് ഇടതുനേതാക്കൾ പയറ്റുന്നത്. സ്ഥാനാർത്ഥിയുടെ പര്യടനപരിപാടിയിലുണ്ടാകുന്ന സ്വീകാര്യത അവർക്ക് പ്രചോദനമേകുന്നുണ്ട്.

വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്ന്...

.........................................

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിലെ ഇട്ടാവട്ടത്തിൽ പതിവ് തിരക്കിനെ വെല്ലുന്ന വീർപ്പുമുട്ടൽ. ഒമ്പതേമുക്കാൽ മണിക്ക് പൊള്ളുന്ന വെയിൽ. കോൺഗ്രസ് പ്രവർത്തകർ വെള്ളയും നീലയും കലർന്ന ബലൂണുകൾ പറത്തി, ആഘോഷമൂഡിലാണ്. ഇവരുടെ തിക്കുംതിരക്കുമാണ് ജംഗ്ഷനെ വീർപ്പുമുട്ടിക്കുന്നത്. മിസ്റ്റർ ക്ലീൻ എന്ന് കെ. മോഹൻകുമാറിനെ വിശേഷിപ്പിച്ച് പൈലറ്റ് പ്രസംഗകന്റെ ആവേശപ്രകടനം.

അവിടേക്കെത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, 'നടക്കാതെ' തന്നെ പ്രവർത്തകരുടെ തള്ളലിൽ തുറന്ന ജീപ്പിനകത്തേക്ക് പറന്നെത്തി. തൊട്ടുപിന്നാലെ മോഹൻകുമാറും. തുറന്ന വാഹനത്തിനകത്ത് കെ. മുരളീധരൻ എം.പിയും വി.എസ്. ശിവകുമാർ എം.എൽ.എയും റെഡി. ഉമ്മൻചാണ്ടിയുടെ റോഡ് ഷോയുടെ തുടക്കമാണ്. പൈലറ്റുകാരന്റെ പ്രസംഗം നീണ്ടപ്പോൾ, ശിവകുമാർ നിയന്ത്രിച്ച് നിറുത്തി.

പേരൂർക്കട ഇന്ദിരാനഗറിലും കവടിയാറിലുമൊക്കെയായി 7 മണിക്കേ തുടങ്ങിയ ഗൃഹസന്ദർശനപരിപാടി പാതിവഴിയിൽ നിറുത്തിയാണ് മോഹൻകുമാറിന്റെ വരവ്. ഉമ്മൻചാണ്ടിയുടെ റോഡ് ഷോ നീങ്ങിത്തുടങ്ങിയതോടെ വട്ടിയൂർക്കാവ് ശരിക്കും സ്തംഭിച്ചു!

ഈ ജംഗ്ഷൻ വികസനമുൾപ്പെടെ വട്ടിയൂർക്കാവിൽ പൂർത്തിയാക്കാൻ ബാക്കിയുള്ള വികസനം തീർക്കാൻ മോഹൻകുമാറിനെ വിജയിപ്പിക്കണമെന്ന് മുരളീധരൻ. മുരളീധരൻ നടത്തിയ വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് മോഹൻകുമാറിനെ വിജയിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി.

'നല്ല പ്രതീക്ഷയുണ്ട്. സാധാരണ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പൊക്കെയാണ് കോൺഗ്രസ് പ്രവർത്തകർ ഉണരാറ്. ഇത്തവണ ഒരാഴ്ച മുമ്പേ അവർ ഉഷാറായി. എൻ.എസ്.എസ് കഴിഞ്ഞതവണയും തുണച്ചതാണ്. ഇപ്പോഴത്തെ അവരുടെ പിന്തുണയും എല്ലാത്തവണത്തെയും പോലെയേ ഉള്ളൂ'- മോഹൻകുമാർ കേരളകൗമുദിയോട് പറഞ്ഞു.

തുറന്ന് പറയുന്നില്ലെങ്കിലും എൻ.എസ്.എസ് വനിതാസമാജം പ്രവർത്തകരടക്കം പ്രചാരണവുമായി ഇറങ്ങുന്നത് തുണയാകുമെന്ന പ്രതീക്ഷ യു.ഡി.എഫ് ക്യാമ്പുകളിൽ സജീവമാണ്. മുന്നണിയുടേതായ കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളുമെല്ലാം ഉഷാർ. ലോക്‌സഭാതിരഞ്ഞെടുപ്പിൽ ശശി തരൂർ നേടിയതിനപ്പുറത്തേക്കാണവരുടെ പ്രതീക്ഷ വളരുന്നത്.

വേട്ടമുക്കിൽ നിന്ന്...

.........................................

അഞ്ച് വർഷത്തേക്ക് വോട്ടർമാർ നൽകിയ അംഗീകാരത്തെ പുറംകാൽ കൊണ്ട് തട്ടിക്കളഞ്ഞ് വേറെ മേച്ചിൽപ്പുറം തേടിപ്പോയി വട്ടിയൂർക്കാവിനെ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടയാൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് തേടി വരുന്നുണ്ടെന്ന്, വേട്ടമുക്ക് ജംഗ്ഷനിൽ നിന്നുകൊണ്ട് ബി.ജെ.പി സംസ്ഥാനസമിതിയംഗം എം.ആർ. ഗോപൻ പ്രസംഗിക്കുന്നു. കെ. മുരളീധരനിട്ടാണ് കുത്ത്. തിരുവനന്തപുരത്ത് പട്ടികടി കൊണ്ട് ഒരാൾ മരിക്കുന്ന സ്ഥിതിയുണ്ടായത് പ്രശാന്ത് മേയറായ കാലത്താണെന്ന് ഗോപന്റെ വക അടുത്ത പ്രഹരം. അപ്പോഴേക്കും വേട്ടമുക്ക് പരിസരത്തെ ഇളക്കിമറിച്ചുള്ള ബൈക്ക് റാലി കടന്നുവന്നു. തൊട്ടുപിന്നാലെ തുറന്ന വാഹനത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷും.

പ്രവർത്തകർ ആവേശത്തോടെ ഹാരാർപ്പണം നടത്തി. ഒരാൾ വന്ന് 'കൊട്, കൈ...' എന്ന മട്ടിൽ സ്ഥാനാർത്ഥിയുടെ കൈ പിടിച്ച് കുലുക്കി. ചുരുങ്ങിയ വാക്കുകളിൽ സുരേഷ് പറഞ്ഞുനിറുത്തുന്നത് ശബരിമല വിഷയവും വിശ്വാസിപ്രശ്നവും. വിശ്വാസികൾക്കൊപ്പം തങ്ങളാണെന്ന് സ്ഥാപിക്കാൻ ശ്രമം. വിശ്വാസികളെ പിന്നിൽ നിന്ന് കുത്തിയവർ കോൺഗ്രസുകാരെന്ന് പറയുന്നത്, അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് നേതാക്കൾ ശബരിമല യുവതീപ്രവേശനത്തെ പിന്തുണച്ചുവെന്ന വാദഗതി.

'പ്രചാരണത്തിൽ നല്ല മുന്നേറ്റമുണ്ടായിട്ടുണ്ട്. അതിവിടെ ഫീൽ ചെയ്യുന്നില്ലേ. തുടക്കത്തിലുണ്ടായ വേഗക്കുറവൊക്കെ മാറി... '- സുരേഷ് കേരളകൗമുദിയോട് പറഞ്ഞു. എൻ.എസ്.എസിന്റെ കാര്യമോ? - സുരേഷിന്റെ മറുപടി ഇങ്ങനെ: 'എൻ.എസ്.എസ് ശരിദൂരമാണ് പറഞ്ഞത്. അത് നീതിക്കും ധർമ്മത്തിനുമൊപ്പമാണെന്ന് ഞങ്ങൾ കരുതുന്നു. യു.ഡി.എഫിനായി ഇറങ്ങുന്നത് എൻ.എസ്.എസ് ആയിട്ടല്ല, കോൺഗ്രസുകാരാണത്.'

ക്രൈസ്തവവോട്ടുകളിൽ കുറേ സുരേഷ് നേടുമെന്നും 35,000- 38000 വരുന്ന അടിസ്ഥാനരാഷ്ട്രീയവോട്ടുകൾക്കൊപ്പം മറ്റ് വോട്ടുകളും നേടി ജയിച്ചുവരുമെന്നുമാണ് ബി.ജെ.പി നേതാക്കളുടെ വിശ്വാസപ്രകടനം.

വട്ടിയൂർക്കാവിൽ ലോക്‌സഭാതിരഞ്ഞെടുപ്പ് കാലത്തെക്കാൾ 1969 വോട്ടർമാർ പുതുതായെത്തിയിട്ടുണ്ട്. 1,97,570 വോട്ടർമാരാണ് ആകെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെക്കാൾ കോൺഗ്രസിന് കിട്ടിയത് 2836 വോട്ടിന്റെ ലീഡ്. അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് സാഹചര്യങ്ങളെന്ന് എല്ലാവരും പറയുന്നുണ്ട്. മുന്നണികളുടെ പ്രതീക്ഷ വാനോളം. 'വിശ്വാസം, അതല്ലേ എല്ലാം'.