വെള്ളറട: മലയോരത്ത് വാനരപ്പടയുടെ ശല്യം കാരണം കൃഷിചെയ്ത് ജീവിക്കാൻ കഴിയാതെ കർഷകർ. വെള്ളറട, അമ്പൂരി, കള്ളിക്കാട്, ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കൃഷിചെയ്യാനോ,​ ആദായങ്ങൾ കർഷകന് എടുക്കുവാനോ സാധിക്കാതെയായിട്ട് മാസങ്ങൾ പലതു കഴിഞ്ഞു. പ്രധാന കർഷക മേഖലയായ അമ്പൂരിയിൽ വാനരപ്പടയുടെ ശല്യം കർഷക കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നാണ്യവിളകൾ ഒന്നും തന്നെ കർഷകന് ലഭിക്കുന്നില്ല. പുളി, ചക്ക, വാഴ, പപ്പായ, അത്യാവശ്യം വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ എന്നുവേണ്ട എല്ലാം നശിപ്പിക്കുകയാണ്. കാർഷിക വിളകൾ ഒന്നും തന്നെ ലഭിക്കില്ലെന്ന് കണ്ടതോടെ ഹെക്ടർ കണക്ക് കൃഷി ഭൂമികൾ തരിശിട്ടിരിക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപെട്ട് നിവേദനങ്ങളും നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ല.

കഴിഞ്ഞ വേനൽകാലത്തെ അത്യുഷ്ണവും ഭക്ഷമില്ലായിമയും കുടിവെള്ള ക്ഷാമവും വരുത്തിയ കൊടും വറുതിയോടെ കാട്ടിൽ നിന്നും വാനരപ്പടകൾ നാട്ടിലേക്കിറങ്ങി. നാട്ടിലിറങ്ങിയ ഇവർ അലക്കിയിട്ടിരുന്ന തുണികളും വീട്ടുസാധനങ്ങളും പാചകം ചെയ്ത ഭക്ഷണമുൾപ്പടെ കൈക്കലാക്കുകയും വീടുകൾക്ക് കേടുപാടുകളും വരുത്തി. വാനരന്മാരുടെ പരാക്രമണത്തിൽ നിരവധിപേർക്കാണ് നാഷ്ടങ്ങൾ സംഭവിച്ചത്.

പൊറുതിമുട്ടിയ ജനം തങ്ങളുടെ സൗര്യജീവിതത്തിനായി വാനരന്മാരെ തളയ്ക്കാൻ വനം വകുപ്പിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. ഇതോടെ അമ്പൂരിയിലും കത്തിപ്പാറയിലും വാനരന്മാരെ പിടികൂടാൻ വനം വകുപ്പ് നിരവധി കൂടുകൾ സ്ഥാപിച്ചു. പക്ഷേ ഒന്നിൽപോലും ഇതുവരെ കുരങ്ങുകൾ വീണിട്ടില്ല. കൂടുകളിരുന്ന് നശിക്കുന്നതല്ലാതെ ഇതുകൊണ്ട് ഒരുകാര്യവുമുണ്ടായില്ല.

നാളികേരമാണെങ്കിൽ വെള്ളയ്ക്ക പരിവത്തിൽ തന്നെ വലിച്ച് വെളളം കുടിച്ചിട്ട് ഉപേക്ഷിക്കുകയാണ്. ആദ്യമൊക്കെ കർഷകർ നാളികേരത്തിൽ ചാക്കുകൾ കൊണ്ട് മൂടി വച്ചിരുന്നു. എന്നാൽ അതും നശിപ്പിക്കാൻ തുടങ്ങി. ചക്കകൾക്കും വാഴക്കുലകൾക്കും കൂടകൾ ഇട്ടുവെങ്കിലും ഇവയുടെ ശല്യത്തിൽ നിന്നും രക്ഷിക്കാൻ കർഷകർക്ക് കഴിയുന്നില്ല.

കർഷകരെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ ഇല്ലാത്തതു കാരണം ദിവസങ്ങൾ കഴിയും തോറും കർഷക കുടുംബങ്ങൾ കട ബാധ്യതയിലേക്ക് കൂപ്പുകുത്തുകയാണ്. കൃഷിക്കായി ബാങ്കുകളിൽ നിന്നും മറ്റും വായ്പയായി എടുത്ത പണം യഥാസമയം അടച്ചു തീർക്കാനും കഴിയാതെ പലിശ വർദ്ധിക്കുകയാണ്. ഏറ്റവും കൂടുതൽ കുടിയേറ്റ കർഷകർ തിങ്ങിപ്പാർക്കുന്ന പ്രദേശമായ അമ്പൂരിയിൽ നിന്നും വാനരൻ മാരെ പിടികൂടാൻ വനം വകുപ്പ് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വസ്തു വകകൾ ഉപേക്ഷിച്ച് സ്ഥലം വിടേണ്ട അവസ്ഥയിലാണ് കർഷർ.