ബാലരാമപുരം: ചുരുങ്ങിയ കാലയളവിൽ വൃദ്ധർക്ക് കൈത്താങ്ങായ സിസിലിപുരം പുനർജനി സേവാകേന്ദ്രത്തിന് വീണ്ടുമൊരു അഭയകേന്ദ്രമൊരുങ്ങി.
ഒരു വർഷം മുമ്പ് സിസിലിപുരത്ത് വൃദ്ധർക്കായി ആരംഭിച്ച പുനർജനി വൃദ്ധസദനത്തിൽ ഇന്ന് 22 അന്തേവാസികളുണ്ട്. സാമ്പത്തിക പരാധീനതയുണ്ടെങ്കിലും സുമനസുകളുടെ സഹായത്താൽ ബുദ്ധിമുട്ടില്ലാതെ കഴിയുകയാണിവർ. പ്രമേഹം, കൊളസ്ട്രോൾ, കാഴ്ചവൈകല്യം, എല്ലുകളുടെ തേയ്മാനം തുടങ്ങി പലവിധ രോഗങ്ങൾ ബാധിച്ച് എത്തുന്നവരും ഉപേക്ഷിക്കപ്പെട്ടവരുമാണ് അന്തേവാസികളിൽ ഭൂരിഭാഗവും. ഇവർക്ക് മരുന്നിനും ചികിത്സക്കും പ്രത്യേക തുക കണ്ടെത്തുകയെന്ന ദൗത്യവും പുനർജനിക്കുണ്ട്. നാടിന് കൈത്താങ്ങായ പുനർജനി സേവാകേന്ദ്രത്തിന്റെ പുതിയ അഭയകേന്ദ്രം ഇന്ന് രാവിലെ 10 ന് കട്ടച്ചൽക്കുഴി ആട്ടറമ്മൂല ചാവടിനടയിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബാലരാമപുരം സി.ഐ ജി.ബിനു മുഖ്യപ്രഭാഷണം നടത്തും. വാർഡ് മെമ്പർ നന്നംകുഴി രാജൻ, ബാലരാമപുരം എസ്.ഐ വിനോദ് കുമാർ, പി.ആർ.ഒ എ.വി സജീവ്, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, നേതാജി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ആർ.വി.ഉദയൻ, പെരിങ്ങമല ചന്ദ്രപ്രഭ സീനിയർ സിറ്റിസൺസ് അസോസിയേഷൻ പ്രസിഡന്റ് കെ.രവീന്ദ്രൻ, കോട്ടുകാൽക്കോണം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എസ്.കൃഷ്ണയ്യർ, ഫ്രാബ്സ് വൈസ് പ്രസിഡന്റ് എച്ച്.എ നൗഷാദ് എന്നിവർ സംസാരിക്കും. പുനർജനി പ്രസിഡന്റ് ഷാസോമസുന്ദരം സ്വാഗതവും ലിജോ ജോർജ് നന്ദിയും പറയും. ചാവടിനടയിൽ വാടക കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന അഭയകേന്ദ്രത്തിൽ 10 മുറികളുണ്ട്. പുനർജനിയിൽ നിന്നും 10 പേരെ ഇങ്ങോട്ട് മാറ്റിപ്പാർപ്പിക്കും.