കിളിമാനൂർ: പ്ലാവില തോരൻ, ചീരപുട്ട്, പയറ്റിലതോരൻ, മരച്ചീനിയിലത്തോരൻ, ചേനത്തടത്തോരൻ, തുടങ്ങി കുഞ്ഞി പാചകക്കാർ ഒരുക്കിയ നാടൻ വിഭവങ്ങളുടെ വിരുന്ന് നാടിന് കൗതുകമായി. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് മടവൂർ സി.എൻ.പി.എസ്.ജി.എൽ.പി.എസ് പ്രീപ്രൈമറി സ്കൂളാണ് വേറിട്ട ഭക്ഷ്യമേള ഒരുക്കിയത്.
വിവിധ പഴങ്ങൾ, ധാന്യങ്ങൾ, കിഴങ്ങു വർഗങ്ങൾ, അവൽ എന്നിവ കൊണ്ടുള്ള പായസങ്ങളും രുചിമേളത്തിന് പകിട്ടേകി.
വിഭവങ്ങൾ തയ്യാറാക്കുന്നവിധം രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ കുട്ടികൾ സന്ദർശകർക്ക് വിവരിച്ച് നൽകി. വിരുന്നൊരുക്കിയ കുഞ്ഞുങ്ങൾക്ക് സമ്മാനമെന്നോണം മടവൂർ ഗ്രാമപഞ്ചായത്തിന്റെ ഡെസ്ക് ടോപ്പും പ്രൊജക്ടറും നൽകിക്കൊണ്ട് മറ്റൊരു ഹൈടെക് വിഭവംകൂടി സ്കൂളിന് സ്വന്തമായി. പി. ടി .എ പ്രസിഡന്റ് എൻ .കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ്. ഉഷാകുമാരി സ്വാഗതം ആശംസിച്ചു.
ഡെസ്ക്ടോപ്പിന്റെയും പ്രൊജക്ടറിന്റെയും ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ നിർവഹിച്ചു. ഭക്ഷ്യ മേള വൈസ് പ്രസിഡന്റ് ആർ.എസ് രജിത ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന മുഖ്യ പ്രഭാഷണം നടത്തി. പ്രൊജക്ടറിന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ സ്ലൈഡ്ഷോ സാങ്കേതിക സംവിധാനം അദ്ധ്യാപകൻ അരുൺ നിർവഹിച്ചു.