വിതുര: കനത്തമഴയിൽ വിറങ്ങലിച്ച് ജില്ലയിലെ മലയോരമേഖല. പൊൻമുടി, ബോണക്കാട് വനമേഖലയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞൊഴുകി. എട്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. മരങ്ങളും പാറകളും ഒഴുകിയെത്തുകയും കല്ലാർ കലങ്ങി മറിഞ്ഞൊഴുകുകയും ചെയ്തതോടെ ഉരുൾ പൊട്ടിയെന്ന വാർത്ത പരക്കുകയും ജനം പരിഭ്രാന്തിയിലാകുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊൻമുടി, ബോണക്കാട് വനമേഖലയിൽ കനത്ത മഴ ആരംഭിച്ചത്. ഇതോടെ കല്ലാറിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. മഴ ശമിക്കാതെ വന്നതോടെ മണിക്കൂറുകളോളം നദി കരകവിഞ്ഞൊഴുകി.
കല്ലാർ, ആനപ്പാറ, താവയ്ക്കൽ, പൊന്നാംചുണ്ട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിലും വിളകളിലും വെള്ളം കയറി. വ്യാപകമായി കൃഷി നശിച്ചു. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് വാമനപുരം നദിയുടെ തീരങ്ങൾ വ്യാപകമായി ഇടിഞ്ഞു. ഏക്കർ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. വാമനപുരം നദിയിലെ പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ വെള്ളത്തിൽ മുങ്ങി. പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായതോടെ വിതുര - പൊന്നാംചുണ്ട് - തെന്നൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഉച്ചയ്ക്ക് ആരംഭിച്ച പേമാരി രാത്രിയോടെയാണ് ശമിച്ചത്. ഉരുൾ പൊട്ടിയെന്ന വാർത്ത പരന്നതിനെ തുടർന്ന് ധാരാളം പേർ കല്ലാറിലും ആനപ്പാറയിലും എത്തി.
ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി
പൊൻമുടി വനമേഖലയിൽ ശക്തമായ മഴ പെയ്യുമ്പോൾ കല്ലാറിലും വിതുരയിലും മഴയില്ലായിരുന്നു. ഇൗ സമയത്ത് കല്ലാർ നദിയിൽ നിരവധി ടൂറിസ്റ്റുകളുണ്ടായിരുന്നു. നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയും മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്നതും ശ്രദ്ധയിൽ പെട്ട നാട്ടുകാർ പെട്ടെന്ന് ടൂറിസ്റ്റുകളെ കരയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുൻപും സമാനമായ സംഭവമുണ്ടായി. പൊൻമുടി, ബോണക്കാട് വനമേഖലയിൽ മഴ ശക്തിപ്പെട്ടതിനാൽ കല്ലാർ നദിയിൽ കുളിക്കാനിറങ്ങുന്ന വിനോദസഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് പൊലീസും വനപാലകരും അറിയിച്ചു.
പടം
കല്ലാറിലെ വെള്ളപ്പൊക്കം
2-പൊന്നാംചുണ്ട് പാലം വെള്ളത്തിൽ മുങ്ങിയപ്പോൾ