sarasu-ganaeshan

കുഴിത്തുറ: ഓർമ്മകളിൽ പലതും വാർദ്ധക്യത്തിന്റെ പിടിയിൽപ്പെട്ട് മാഞ്ഞുപോയെങ്കിലും തങ്ങളുടെ മക്കളുടെ ഓർമ്മകളുമായി തെരുവിൽ കഴിയുകയാണ് ഈ വൃദ്ധ ദമ്പതികൾ. വാർദ്ധക്യ കാലത്ത് താങ്ങും തണലുമാകുമെന്ന് കരുതിയ മക്കൾ ഉപേക്ഷിച്ചതോടെ ഇവർ മക്കളെയും കാത്ത് ഇന്ന് തെരുവുകൾ തോറും അലയുകയാണ്. കന്യാകുമാരി കോട്ടാർ സ്വദേശി ഗണേശൻ (70), ഭാര്യ സരസു (65) എന്നിവരാണ് ആ ദമ്പതികൾ. വർഷങ്ങൾക്ക് മുൻപ് നാഗർകോവിൽ റെയിൽവേ നിർമ്മാണത്തിനായി ഇവർ താമസിച്ചിരുന്ന സ്ഥലം എടുത്തു. അതോടെ രണ്ടു മക്കളടക്കമുള്ള കുടുംബത്തിന്റെ താമസം പുറമ്പോക്ക് ഭൂമിയിലായി. ഏഴ് വർഷങ്ങൾക്ക് മുൻപ് മകൾ ലക്ഷ്മി എറണാകുളം സ്വദേശിയായ യുവാവിനൊപ്പവും മകൻ സത്യരാജ് കേരള സ്വദേശിയായ യുവതിയോടൊപ്പവും വിവാഹം കഴിഞ്ഞ് താമസമായി.

ഇതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായി. തുടർന്ന് ഇവർ കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ പലഭാഗങ്ങളിൽ വീടുതോറും കുട നന്നാക്കുന്ന ജോലിയുമായി ഇറങ്ങി. തുച്ഛമായ വരുമാനത്തിൽ നിന്ന് ആഹാരം കഴിച്ച് തേരുവോരങ്ങളിൽ അന്തിയുറങ്ങാറാണ് പതിവ്. ഇതിനിടെ ഭാര്യ സരസുവിന് രോഗം ബാധിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ ഈ വൃദ്ധ ദമ്പതികൾ കുഴഞ്ഞു. തുടർന്ന് കുഴിത്തുറ ഗവ. ആശുപത്രിയുടെ മുന്നിലെ ഫ്ലൈഓവറിന്റെ അടിവശത്ത് താമസിച്ചുപോന്നു. വിവരമറിഞ്ഞെത്തിയ സാമൂഹിക പ്രവർത്തകർ ചികിത്സക്കായി ആശുപത്രിയിൽ എത്തിക്കാമെന്നും വൃദ്ധസദനത്തിൽ ഏർപ്പാട് ചെയ്യാമെന്നും വാഗ്ദാനം ചെയ്തെങ്കിലും അതൊന്നും അവർ കൈക്കൊള്ളാൻ തയാറായില്ല. തങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ മക്കൾ വരുമെന്നും മരിക്കുന്നതിനു മുൻപ് മക്കളെ ഒന്ന് കാണണമെന്നും പറഞ്ഞ് അവർ പൊട്ടി കരയുകയായിരുന്നു.