accident

തിരുവനന്തപുരം : മദ്യലഹരിയിലായിരുന്ന ഡോക്ടറുടെ കാറിടിച്ച് ഊബർ ഈസ്റ്റ് ഡെലിവറി ജീവനക്കാരന് പരിക്കേറ്റ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശിയായ ഡോ. വി.ആർ. ജയറാമിനെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്ത്. മണക്കാട് സ്വദേശി ആർദർശിനാണ് (24) പരിക്കേറ്റത്. ബുധനാഴ്‌ച രാത്രി 11.30ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായിരുന്നു സംഭവം. ചന്ദ്രശേഖരൻ നായർ സ്റ്രേഡിയത്തിന് മുന്നിൽ നിന്ന് റോഡു മുറിച്ചു കടന്ന കാർ പി.എം.ജി ഭാഗത്തേക്ക് പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. പ്രധാന റോഡിലേക്ക് കാർ കടക്കുന്നതിനിടെയാണ് ബൈക്കിലിടിച്ചത്. അപകട ശേഷം നിറുത്താതെ പോയ കാർ ബേക്കറി ജംഗ്‌ഷനിൽവച്ച്‌ ബൈക്ക് യാത്രക്കാരുടെ സഹായത്തോടെ കന്റോൺമെന്റ്‌ പൊലീസ് പിടികൂടുകയായിരുന്നു. ഡോക്ടർ മദ്യപിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പരിശോധനയ്ക്ക് ശേഷം വാഹനം വിട്ടു നൽകുമെന്ന് മ്യൂസിയം സി.ഐ അറിയിച്ചു.