വിതുര : പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ ആനപ്പാറയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. ആനപ്പാറയിൽ പ്രവർത്തിക്കുന്ന മഹാത്മ കലാ - സാംസ്കാരിക വേദിയുടെ ഏഴാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് നാല് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. ആനപ്പാറ മേഖലയിൽ അടുത്തിടെയായി അനവധി മോഷണങ്ങൾ നടന്നിരുന്നു. തുടർന്ന് അപകടങ്ങളും,അക്രമവും,മോഷണവും,ലഹരി വിൽപ്പനയ്ക്കും തടയിടുന്നതിനായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ മഹാത്മ ക്ലബ് തീരുമാനിക്കുകയായിരുന്നു. മഹാത്മയുടെ ഏഴാമത് വാർഷികവും സുരക്ഷ കാമറ ഉദ്ഘാടനവും തിരുവനന്തപുരം റൂറൽ എസ്.പി ബി.അശോകൻ നിർവഹിച്ചു. മഹാത്മ കലാ സാംസ്കാരിക വേദി പ്രസിഡന്റ് വിഷ്ണു ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ നായർ, പ്രേം ഗോപകുമാർ, മഞ്ജുഷ ആനന്ദ്, വിതുര എസ്.ഐ ഷിബു,ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ഷാജി, മുതിർന്ന പൊതുപ്രവർത്തകരായ ആനപ്പാറ രവി,പി.സി ജനാർദ്ദനൻ, രക്ഷാധികാരി എസ്.ഉദയകുമാർ,അബിജിത് എം.എസ്,ശ്യാം സതീഷ് തുടങ്ങിയവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന വാർഷിക ആഘോഷ പരിപാടികളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ആനപ്പാറ ഗവ. ഹൈസ്‌കൂളിനെയും കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ മുൻ വിതുര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി.ജി. നായരെയും അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ആനപ്പാറ മേഖലയിലെ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി. കലാ - കായിക മത്സരങ്ങളും സംഘടിപ്പിച്ചു.