തിരുവനന്തപുരം: ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് തിരുവനന്തപുരത്തു നിന്ന് സർവീസ് ആരംഭിക്കുന്നു. ഡൽഹിക്കുള്ള പ്രതിദിന സർവീസ് നവംബർ 9ന് തുടങ്ങും. ഇക്കോണമി ക്ലാസിൽ 5299 രൂപയും ബിസിനസ് ക്ലാസിൽ 21,999 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്കും, ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കും ബുക്കിംഗ് ആരംഭിച്ചതായി ചീഫ് സ്ട്റാറ്റജി ഓഫീസർ വിനോദ് കണ്ണൻ അറിയിച്ചു. വിസ്താരയുടെ വെബ്സൈറ്റ് വഴിയും ഐ.ഒ.എസ്, ആൻഡ്റോയ്ഡ് മൊബൈൽ ആപ്പുകൾ വഴിയും ഓൺലൈൻ ട്റാവൽ ഏജൻസികളും ട്റാവൽ ഏജന്റുകൾ വഴിയും ടിക്കറ്റ് ബുക്കിംഗ് നടത്താം. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ വിസ്താരയ്ക്ക് സർവീസുള്ളത്.
മുഖ്യമന്ത്രി വിളിച്ചുചേർത്ത വിമാനക്കമ്പനി മേധാവികളുടെ യോഗത്തിലാണ് വിസ്താര തിരുവനന്തപുരത്തു നിന്ന് ആഭ്യന്തര സർവീസ് തുടങ്ങാൻ സന്നദ്ധതയറിയിച്ചത്. ഡൽഹിയിലേക്കുണ്ടായിരുന്ന നാല് സർവീസുകൾ രണ്ടായി കുറഞ്ഞ ഘട്ടത്തിലാണ് നാല് കമ്പനികൾ തിരുവനന്തപുരം- ഡൽഹി സർവീസിന് സന്നദ്ധതയറിയിച്ചത്. എയർഇന്ത്യ, സ്പൈസ്ജെറ്റ്, എയർഏഷ്യ, വിസ്‌താര, ഗോഎയർ കമ്പനികളാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ഇതിൽ വിസ്താര, എയർഏഷ്യ, ഗോ എയർ എന്നിവയ്ക്ക് നിലവിൽ തലസ്ഥാനത്ത് നിന്ന് സർവീസില്ല. ഇൻഡിഗോ ഡൽഹിയിലേക്ക് ഒരു നോൺസ്റ്റോപ്പ് സർവീസ് കൂടി തുടങ്ങുന്നുണ്ട്.