jacob-thomas

തിരുവനന്തപുരം: സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ രണ്ടാമതും അപേക്ഷ നൽകിയിട്ടില്ലെന്നും കഴിഞ്ഞ മാർച്ചിൽ നൽകിയ അപേക്ഷ നിലനിൽക്കുന്നുണ്ടെന്നും ഡി.ജി.പി ഡോ.ജേക്കബ് തോമസ് പറഞ്ഞു.

താൻ രണ്ടാമതും വി.ആർ.എസ് അപേക്ഷ നൽകിയെന്ന വാർത്ത തെറ്റാണ്. കഴിഞ്ഞ മാർച്ചിൽ അപേക്ഷ നൽകിയപ്പോൾ സർക്കാർ തീരുമാനമെടുത്തില്ല. ഇതിനെതിരെ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് സർവീസിൽ തിരിച്ചെടുത്തത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ തന്നെ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിലാണ് നിയമിച്ചത്.ചുമതലയേറ്റ വിവരം അറിയിച്ച് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ, സ്വയം വിരമിക്കൽ അപേക്ഷ നിലനിൽക്കുന്നതായി സൂചിപ്പിച്ചിരുന്നു.

സ്വയം വിരമിക്കൽ അപേക്ഷയിൽ മൂന്ന് മാസത്തെ നോട്ടീസ് കാലാവധി പാലിച്ചിട്ടില്ലെന്ന് കാട്ടി സർക്കാർ മറുപടി നൽകിയിരുന്നു. അപേക്ഷിച്ച് ആറ് മാസത്തിനു ശേഷമാണ് മറുപടി ലഭിച്ചത്. സ്വയം വിരമിക്കൽ നേടിയെടുക്കാൻ കോടതിയിലെ പോരാട്ടം തുടരുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

അവധിക്കു ശേഷം 28നാണ് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പ്രവർത്തനം തുടങ്ങുന്നത്. അതിനു ശേഷം ജേക്കബ്തോമസിന്റെ ഹർജി പരിഗണിക്കും.