university-college

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ കഴിഞ്ഞദിവസമുണ്ടായ സംഘർഷത്തിൽ പ്രതികളായ നാല് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. ഇവരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ ഉച്ചയോടെ കന്റോൺമെന്റ് പൊലീസ് പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു. തുടർന്നാണ് നടപടി. ബോട്ടണി രണ്ടാം വർഷ വിദ്യാർത്ഥിയായ അഖിലിനെ മർദ്ദിച്ച കേസിലാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ അനന്തു ഷാജി, നിതിൻ, ആര്യൻ, സിദ്ധാർത്ഥ് എന്നിവരെ സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ കഴിഞ്ഞദിവസം പട്ടികജാതി പീഡന നിയമപ്രകാരം കേസെടുത്തിരുന്നു. ആദ്യം മർദ്ദനം,​ റാഗിംഗ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്. പട്ടികജാതിക്കാരനായ തന്നെ ഒരു വർഷമായി സീനിയർ വിദ്യാർത്ഥികൾ ജാതിപ്പേര് വിളിച്ച് കളിയാക്കിയിരുന്നതായും വിവേചനപൂർവമാണ് പെരുമാറിയതെന്നും അഖിൽ പൊലീസിന് മൊഴി നൽകിയിരുന്നു. പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഖിൽ ആശുപത്രി വിട്ടു.

രണ്ടാം വർഷ വിദ്യാർത്ഥികൾ ക്ലാസിന് പുറത്ത് നിൽക്കുന്നത് സീനിയർ വിദ്യാർത്ഥികൾ ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചത്. എന്നാൽ ബാച്ചുകൾ തമ്മിലുള്ള തർക്കം മാത്രമേയുള്ളൂ എന്നാണ് എസ്.എഫ്‌.ഐയുടെ വിശദീകരണം. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ബോട്ടണി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ കോളേജ് സ്റ്റാഫ് കൗൺസിൽ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.