parayathkoonam

മുടപുരം: മൂന്നേക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കിഴുവിലം പഞ്ചായത്തിലെ പറയത്തുകോണം കുളം നീന്തൽകുളം ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രകൃതി വരദാനമായി കിഴുവിലം ഗ്രാമ പഞ്ചായത്തിന് നൽകിയ ഒരു വേനലിലും വറ്റാത്ത ജല സമൃദ്ധമായ ഈ കുളത്തെ നീന്തൽ പരിശീലന കേന്ദ്രമാക്കി മാറ്റാൻ അധികൃതർക്ക് കഴിയുന്നതാണ്. നാഷണൽ ഹൈവേയിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഈ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കിയാൽ കിഴുവിലം പഞ്ചായത്തിന് മാത്രമല്ല മറ്റു പ്രദേശത്തുകാർക്കും പ്രയോജനപ്പെടുത്തുവാൻ കഴിയും.

ഇന്ന് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നിറഞ്ഞ് കുളത്തിലെ ജലം മലിനമായി കിടക്കുകയാണ്. വശങ്ങളിൽ ഉള്ള കരിങ്കൽ കെട്ട് തകർന്നു വീണിരിക്കുന്നതിനാൽ പറയത്തുകോണം യു.പി.എസിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ സഞ്ചരിക്കുന്ന കുളത്തിനരികിൽ ഉള്ള റോഡ് അപകടമായിരിക്കുകയാണ്. കുളം നവീകരിച്ച് നീന്തൽ കുളം ആക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പാക്കുവാനായില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതിനാൽ ഇനിയെങ്കിലും ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് ഇറിഗേഷൻ വകുപ്പ്, സ്പോർട്സ് കൗൺസിൽ എന്നിവയുമായും സഹകരിച്ച് ഈ കുളത്തെ നീന്തൽ പരിശീലന കേന്ദ്രമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.