കാട്ടാക്കട: സ്കൂളിലെ കുട്ടികൾക്ക് ധാരാളം വെള്ളം നൽകി രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെ വെള്ളനാട് പഞ്ചായത്തിലെ ചാങ്ങ ഗവ. എൽ.പി.എസിൽ ജലമണി എന്ന പുതിയ പരിപാടിക്ക് രൂപം നൽകി. ഇതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എം.വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.ആർ. ഉഷാദേവി, സ്റ്റാഫ് സെക്രട്ടറി ഇ. ജോളി എന്നിവർ സംസാരിച്ചു. ഈ പദ്ധതിയിലൂടെയുള്ള ആരോഗ്യസംരക്ഷണത്തെക്കറിച്ചും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മെഡിക്കൽ കോളേജിലെ ഡോക്ടറും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഡോ. മനോജ് വെള്ളനാട് ക്ലാസ് നയിച്ചു. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11.15 നും ഉച്ചക്ക് ശേഷം 2. 45 നും പ്രത്യേക മണിയടിച്ച് അദ്ധ്യാപകർക്ക് മുന്നിൽ വച്ചുതന്നെ കുട്ടികൾ വെള്ളം കുടിക്കുക എന്നതാണ് ജലമണിയുടെ ലക്ഷ്യമെന്ന് ഹെഡ്മിസ്ട്രസ് എസ്.ആർ. ഉഷാദേവി പറഞ്ഞു.