തിരുവനന്തപുരം: അടിയന്തര സഹായമായി കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട 50 കോടി രൂപ അനുവദിക്കാൻ ധനവകുപ്പ് വിസമ്മതിച്ചതോടെ വീണ്ടും സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ആലോചിക്കുകയാണ് കെ.എസ്.ആർ.ടി.സി. ടയർ, സ്പെയർപാർട്സ് കുടിശിക, പുതിയ ടിക്കറ്റ് മെഷീനുകൾ വാങ്ങൽ, ശമ്പള വിതരണത്തിനുള്ള സഹായം എന്നിവയ്ക്കാണ് കെ.എസ്.ആർ.ടി.സി 50 കോടി ആവശ്യപ്പെട്ടത്.
ടയർ വാങ്ങിയ വകയിലും റീ ത്രെഡിംഗ് നടത്തിയ വകയിലുമായി 16 കോടി രൂപയാണ് കമ്പനികൾക്ക് നൽകാനുള്ളത്. കുടിശിക കൂടിയതോടെ ടയർ വിതരണം കമ്പനികൾ നിറുത്തി വച്ചു. തേഞ്ഞ് കമ്പിവരെ പുറത്തായ ടയറുകളുമായാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ശബരിമല സീസണിന് ഇനി ഒരു മാസം മാത്രമാണുള്ളത്. കൂടുതൽ ബസ് സർവീസുകൾ നടത്തിയേ കഴിയൂ. സുരക്ഷിതയാത്രയ്ക്ക് പുതിയ ടയറും സ്‌പെയർപാർട്സുമൊക്കെ വേണം. സ്പെയർപാർട്സ് വാങ്ങിയ വകയിലും 4 കോടി കുടിശികയുണ്ട്.
കഴിഞ്ഞ മാസം ശമ്പള വിതരണം 80 ശതമാനം മാത്രമാണ് നടന്നത്. അതിന്റെ പ്രതിഷേധം ജീവനക്കാർക്കിടയിലുണ്ട്. അത് രൂക്ഷമായാൽ ശബരിമല സ്പെഷ്യൽ സർവീസ് ബഹിഷ്കരിക്കുന്നതുവരെ എത്തിയേക്കുമെന്നും മാനേജ്മെന്റ് ഭയക്കുന്നു.
ഡ്രൈവർ ക്ഷാമം കാരണം പ്രതിദിനം ആയിരം സർവീസുകളിലേറെ മുടങ്ങുന്ന അവസ്ഥയ്ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ദിവസക്കൂലി നൽകി ഡ്രൈവർമാരെ നിയോഗിക്കുന്നുണ്ടെങ്കിലും ചില ഡിപ്പോകളിൽ ഡ്രൈവർമാരെ കിട്ടാത്ത അവസ്ഥയാണ്.
അത്യാവശ്യമായി വേണ്ടത്
സിവിൽ വർക്കിന് 13 കോടി രൂപ
ടയർ, റീത്രെഡിംഗ് കുടിശിക 16 കോടി
ശമ്പളത്തിന് 16 കോടി
ടിക്കറ്റ് മെഷീൻ 6 കോടി
മുഖ്യമന്ത്രിയെ സമീപിക്കും
കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രിയെ സമീപിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. ഉപതിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയുമായി വകുപ്പ്, കെ.എസ്.ആർ.ടി.സി അധികൃതർ ചർച്ച നടത്തും.