നെടുമങ്ങാട് : ഏറെക്കാലമായി തകർന്നു കിടന്ന റോഡ് ആധുനിക രീതിയിൽ നവീകരിച്ചതോടെ ''വെളുക്കാൻ തേച്ചത് പാണ്ടായെന്ന"" അവസ്ഥയിലാണ് തെക്കുംകര മുക്കോലയ്ക്കൽ സൗപർണിക റസിഡന്റ്‌സ് അസോസിയേഷൻ പരിധിയിലെ മുന്നൂറോളം കുടുംബങ്ങൾ. നഗരഹൃദയത്തിലെ ഒന്നരക്കിലോമീറ്റർ ദൈർഘ്യമുള്ള മുക്കോലയ്ക്കൽ-കല്ലിംഗൽ റോഡ് സൗപർണിക നഗറിലൂടെയാണ് കടന്നു പോകുന്നത്.
നഗരസഭ റിംഗ് റോഡ് എന്ന് അറിയപ്പടുന്ന ഈ പാത ആര്യനാട്, പഴകുറ്റി, കരുപ്പൂർ പ്രധാന റോഡുകളിൽ നിന്ന് താലൂക്കാസ്ഥാനമായ കച്ചേരിനടയിൽ പ്രവേശിക്കാനുള്ള എളുപ്പ വഴിയാണ്. അടുത്തകാലം വരെ സഞ്ചാര യോഗ്യമല്ലാതെ കിടന്ന റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് സമരരംഗത്തെത്തിയവരാണ് റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ.
സി. ദിവാകരൻ എം.എൽ.എ മുൻകൈ എടുത്ത് 10 ലക്ഷത്തോളം രൂപ ചെലവിട്ട് നൂതന സാങ്കേതിക വിദ്യയിലാണ് റിംഗ് റോഡ് പുനർ നിർമ്മിച്ചത്.
പക്ഷേ, ഇപ്പോൾ പ്രദേശവാസികൾക്ക് മനസമാധാനത്തോടെ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. അമിതവേഗതത്തിൽ പായുന്ന വാഹനങ്ങൾ ഇടിച്ചിടുന്ന വഴിയാത്രികരുടെ എണ്ണം പെരുകുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും റോഡ് മുറിച്ചു കടക്കണമെങ്കിൽ പരസഹായം കൂടിയേ തീരൂ.
എതിരെ വരുന്ന വാഹനങ്ങൾ തടഞ്ഞു നിറുത്തി റോഡിന്റെ മറു ഭാഗത്ത് എത്തുകയേ തരമുള്ളു. ഇരുൾ വീണാൽ ചില സംഘങ്ങൾ വാഹനങ്ങളിലെത്തി അലമുറയിടലും അട്ടഹാസവും അസഭ്യവും പതിവാണ്. വീടുകളിൽ നുഴഞ്ഞു കയറി താമസക്കാരെ വിരട്ടുന്ന സംഘങ്ങളും പെരുകുന്നു. അസോസിയേഷൻ അംഗം വിമൽകുമാറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ 1.15 ഓടെ അപരിചിതൻ കടന്നു കയറിയതിന്റെ ആഘാതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. വീട്ടുകാർ ബഹളം വച്ച് ആളെക്കൂട്ടിയതോടെ അക്രമി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നേരത്തെ ഫാൻസി സ്റ്റോർ ഉടമയുടെ വീടിന് നേരെ പടക്കമേറും നടന്നിട്ടുണ്ട്. സ്വകാര്യ പുരയിടങ്ങളിലും വീട്ടുമുറ്റങ്ങളിലും കക്കൂസ് മാലിന്യം വലിച്ചെറിഞ്ഞ് മുങ്ങുന്ന സംഘങ്ങളുമുണ്ട്. തലസ്ഥാന നഗരത്തിലെ ചില ഫ്‌ളാറ്റുകളിൽ നിന്ന് സെപ്ടിക് ടാങ്ക് മാലിന്യം ശേഖരിച്ച് ഇവിടെ, റോഡുവക്കിലെ നീരുറവയിൽ നിക്ഷേപിക്കാനെത്തിയ സംഘത്തെ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ കൈയോടെ പൊക്കിയത് അടുത്തിടെയാണ്.
നഗരത്തിന്റെ പ്രവേശന ഭാഗമായ പഴകുറ്റി, കല്ലിംഗൽ, പറണ്ടോട്, മുക്കോലയ്ക്കൽ ഭാഗങ്ങളിൽ നിന്ന് എത്തുന്ന അജ്ഞാത സംഘങ്ങളാണ് റസിഡന്റ്‌സ് മേഖലയുടെ സ്വൈര്യത നഷ്ടപ്പെടുത്തിയിരിക്കുന്നത്. കല്ലിംഗൽ ജംഗ്‌ഷനിൽ ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നുണ്ട്. മദ്യവില്പനശാല ലക്ഷ്യമിട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവരും മദ്യം വാങ്ങി മടങ്ങുന്നവരും റിംഗ് റോഡിലെ വിജന പ്രദേശങ്ങളിൽ തമ്പടിച്ച് മദ്യപാനവും ബഹളവും നിത്യസംഭവമാണ്. അക്രമം തടയാൻ പറണ്ടോട് ക്ഷേത്രത്തിന് സമീപം പൊലീസ് ബീറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സേവനം കാര്യക്ഷമമല്ലെന്നാണ് പരാതി. രാത്രികാല പട്രോളിംഗ് ഊർജിതമല്ലെന്ന പരാതിയും ശക്തമാണ്. റിംഗ് റോഡിൽ പ്രധാന കവലകളിൽ ഹംബ് സ്ഥാപിക്കാനും സുരക്ഷാവരയും സിഗ്നൽ ബോർഡുകളും ക്രമീകരിക്കാനും നടപടിയുണ്ടായിട്ടില്ല. അഞ്ച് ഇടറോഡുകൾ സംഗമിക്കുന്ന റിംഗ് റോഡിൽ ഹെവി വാഹനങ്ങൾ കടത്തി വിടുന്നത് റോഡ് തകർച്ചയ്ക്കും ഗതാഗത കുരുക്കിനും ഇടയാക്കുന്നുണ്ട്.