പാറശാല: നെയ്യാറ്റിൻകര താലൂക്കിലെ കുളത്തൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമാകുന്നു. സംസ്ഥാന സർക്കാർ, വിവിധ ഏജൻസികൾ എന്നിവയിൽ നിന്ന് അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് ഈ വിദ്യാലയത്തെ മികവിലേക്ക് ഉയർത്തുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ 22 ക്ലാസ് മുറികളെ ഹൈടെക് ആക്കി. ജില്ലാ പഞ്ചായത്തിൽ നിന്നും സ്കൂൾ കവാടം നിർമ്മിക്കാൻ അഞ്ച് ലക്ഷം രൂപയും പാചകപ്പുര നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയും ലഭിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്തിൽ നിന്നു യൂറിനൽ കോംപ്ലക്സ് നിർമ്മാണത്തിനായി 10 ലക്ഷം രൂപയും കെ.ആൻസലൻ എം.എൽ.എയുടെ ശ്രമഫലമായി 3.63 ലക്ഷം രൂപയും ഹയർ സെക്കൻഡറി സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഒരു കോടി രൂപയും ലഭിച്ചു.
സംസ്ഥാന കായികക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'കിക്കോഫ് ' ഫുട്ബാൾ പരിശീലന പരിപാടിയിൽ 25 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഇതിലേക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ 1553 വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 180 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. ഈ അദ്ധ്യയന വർഷത്തിൽ സമ്പൂർണ വിജയം നേടാനാണ് ശ്രമമെന്ന് പി.ടി.എ പ്രസിഡന്റ് ആർ.മധുസൂദനൻ നായർ പറഞ്ഞു. എല്ലാ ക്ലാസ് മുറിയിലും ക്ലാസ് റൂം വായനശാലകൾ ക്രമീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി ഹെഡ്മിസ്ട്രസ് എൻ.കെ.തങ്കം പറഞ്ഞു. സ്കൂൾ മികവിനായി എസ്.എം.സി ചെയർമാൻ മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.