തിരുവനന്തപുരം: കേരളം അതിജീവിച്ച പ്രളയദുരന്തം പശ്ചാത്തലമാക്കി ജയരാജ് സംവിധാനം ചെയ്ത 'രൗദ്രം 2018" ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആദരം. റിലീസിന് മുന്നോടിയായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദർശനത്തിലാണിത്. ചിത്രം ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. തൈക്കാട് ഗണേശം പ്രിവ്യൂ തിയേറ്ററിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾക്കൊപ്പം സംവിധായകൻ ജയരാജും ചിത്രത്തിൽ മേരിക്കുട്ടിയെന്ന കേന്ദ്ര കഥാപാത്രം ചെയ്ത കെ.പി.എ.സി ലീലയും അണിയറപ്രവർത്തകരും പങ്കെടുത്തു. പൂന്തുറയിൽ നിന്നു രക്ഷാപ്രവർത്തനത്തിന് പോയ മത്സ്യത്തൊഴിലാളികളെ സംവിധായകൻ ജയരാജ് പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
ദുരന്തം നേരിട്ട് അനുഭവിച്ചവന്റെ വേദനയും നിസഹായരായ മനുഷ്യ ജീവന്റെ നൊമ്പരവുമാണ് രൗദ്രം പകർത്തിയിരിക്കുന്നതെന്ന് ജയരാജ് പറഞ്ഞു. ചിത്രം പൂർത്തിയായപ്പോൾ ആദ്യം മനസിൽ ഓടിയെത്തിയത് രക്ഷകരായ മത്സ്യത്തൊഴിലാളികളുടെ മുഖമായിരുന്നു. ചിത്രത്തിന്റെ ലാഭ വിഹിതത്തിൽ നിന്നുള്ള നിശ്ചിത ശതമാനം തുക പ്രളയ ദുരന്തത്തിൽപ്പെട്ടവർക്ക് നൽകുമെന്നും ജയരാജ് പറഞ്ഞു.
ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം. പ്രളയസമയത്ത് മദ്ധ്യതിരുവിതാംകൂറിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ വൃദ്ധദമ്പതികളെ അവതരിപ്പിക്കുന്നത് രഞ്ജിപണിക്കരും കെ.പി.എ.സി ലീലയുമാണ്.