india-south-africa-test
india south africa test

. ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന് നാളെ

റാഞ്ചിയിൽ തുടക്കം

. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ, മാനംകാക്കാൻ ദക്ഷിണാഫ്രിക്ക

റാഞ്ചി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം തേടി ഇന്ത്യ ധോണിയുടെ നാടായ റാഞ്ചിയിലിറങ്ങുന്നു. നാളെയാണ് അവസാന ടെസ്റ്റിന് റാഞ്ചിയിലെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ തുടക്കമാകുന്നത്.

ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ തീർത്തും അപ്രസക്തരാക്കിയായിരുന്നു ഇന്ത്യയുടെ വിജയം. വിശാഖപട്ടണത്ത് നടന്ന ആദ്യടെസ്റ്റിൽ വിരാട് കൊഹ്‌ലിയും സംഘവും വിജയിച്ചത് 203 റൺസിനാണ്. പൂനെ ടെസ്റ്റിലെ വിജയം ഇന്നിംഗ്സിനും 137 റൺസിനും. ബാറ്റിംഗിലും ബൗളിംഗിലും വിക്കറ്റ് കീപ്പിംഗിലും വരെ ദക്ഷിണാഫ്രിക്കയെക്കാൾ ബഹുദൂരം മുന്നിലായിരുന്നു വെള്ളക്കുപ്പായത്തിലെ ഇന്ത്യൻ പട.

വിശാഖപട്ടണത്ത് ശ്രദ്ധമുഴുവൻ ഒാപ്പണറായി ഇറങ്ങിയ രോഹിത് ശർമ്മയിലായിരുന്നു ആദ്യ ഇന്നിംഗ്സിൽ 176 റൺസും രണ്ടാം ഇന്നിംഗ്സിൽ 127 റൺസും നേടി രോഹിത് ടെസറ്റ് ഒാപ്പണിംഗ് അരങ്ങേറ്റം ഭംഗിയാക്കി. എന്നാൽ തന്റെ ആദ്യ ഹോംടെസ്റ്റ് മാച്ചിൽത്തന്നെ ഇരട്ട സെഞ്ച്വറികൊണ്ട് ഒാപ്പണർ മായാങ്ക് അഗർവാൾ ടീമിലെ തന്റെ സ്ഥാനം സുരക്ഷിതമാക്കുന്നതിനും വിശാഖപട്ടണം സാക്ഷ്യം വഹിച്ചു. ആദ്യ ഇന്നിംഗ്സിൽ ഡീൻ എൽഗാറും (160) ക്വിന്റൺ ഡികോക്കും (111) ചെറുത്തുനിന്നത് മാത്രമായിരുന്നു ഇൗ ടെസ്റ്റിലെ ദക്ഷിണാഫ്രിക്കയുടെ ആശ്വാസം. സ്പിന്നർമാരും പേസർമാരും ഒരേപോലെ മികവ് കാട്ടിയത് വിശാഖപട്ടണത്ത് ഇന്ത്യൻ ബൗളിംഗിനും ആവേശം പകർന്നു. ആദ്യ ഇന്നിംഗ്സിൽ സ്പിന്നർ അശ്വിൻ ഏഴ് വിക്കറ്റുകൾ പിഴുതെടുത്തപ്പോൾ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകൾ എറിഞ്ഞിട്ട് ഷമിയാണ് ഹീറോയായത്.

പൂനെയിലേക്ക് എത്തിയപ്പോൾ വിരാടിന്റെ ഇരട്ട സെഞ്ച്വറികളിയുടെ ശിരോലിഖിതമെഴുതി.

ബാറ്റിംഗിൽ രോഹി

തൊഴികെയുള്ളവർക്കെല്ലാം ഫോം കണ്ടെത്താനായി. മായാങ്ക് തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടി. പുജാര, രഹാനെ, ജഡേജ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. ബൗളിംഗിൽ അശ്വിൻ, ജഡേജ, ഷമി, ഉമേഷ് എന്നിവരൊക്കെ സംഭാവനകൾ നൽകി. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ ഡൈവിംഗ് ക്യാച്ചുകൾ സൂപ്പർമാനെന്ന വിശേഷണം നേടിക്കൊടുത്തു. മറുവശത്ത് വാലറ്റക്കാരായ കേശവ് മഹാരാജിന്റെയും വെർനോൺ ഫിലാൻഡറുടെയും ചെറുത്തുനില്പുകളിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ഒതുങ്ങി. ഇന്ത്യൻ ബൗളർമാർ 173 ഒാവറുകൾ ഇരു ഇന്നിംഗ്സുകളിലുമായി എറിഞ്ഞ് 20 വിക്കറ്റുകളും വീഴ്ത്തിയപ്പോൾ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ 156.3 ഒാവറുകൾ എറിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് വീഴ്ത്താനായത് വെറും അഞ്ച് വിക്കറ്റുകൾ മാത്രമായിരുന്നു.

പരമ്പര നേടിക്കഴിഞ്ഞതിനാൽ റാഞ്ചിയിലെ മത്സരത്തെ അപ്രസക്തമായി ഇന്ത്യൻ ടീം കാണുന്നില്ല. കാരണം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഇൗ പരമ്പര എന്നതുതന്നെ. ഒാരോ വിജയവും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിർണായകമാണ്. ഇൗ പരമ്പരയിലെ ഒാരോ വിജയത്തിനും 40 പോയിന്റ് വീതമാണുള്ളത്. ഇപ്പോൾ നാല് ടെസ്റ്റുകളിൽനിന്ന് 200 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡിന് 60 പോയിന്റേയുള്ളൂ.

ടീമിൽ ഇതുവരെ അവസരം ലഭിക്കാത്ത സ്പിന്നർ കുൽദീപ് യാദവിനെ റാഞ്ചിയിൽ കളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. അശ്വിനെ ഒഴിവാക്കിയാകും കുൽദീപിന് അവസരം നൽകുക. കഴിഞ്ഞ കളിയിൽ ഉമേഷിനെ ഉൾപ്പെടുത്താനായി പുറത്തിരിക്കേണ്ടിവന്ന ആൾ റൗണ്ടർ ഹനുമവിഹാരിയും തിരിച്ചെത്താൻ സാദ്ധ്യതയുണ്ട്.

ഒൗട്ടായ നിരാശയിൽ അക്രമം കാട്ടി

മാർക്രമിന്റെ കൈയൊടിഞ്ഞു

പൂനെയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പുറത്തായതിന്റെ നിരാശ ഡ്രസിംഗ് റൂമിൽ തീർത്ത ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്‌മാൻ എയ്ഡൻ മാർക്രമിന്റെ കൈയ്ക്ക് പൊട്ടൽ. ഇതേതുടർന്ന് മൂന്നാം ടെസ്റ്റിൽ കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായ മാർക്രമിനെ നാട്ടിലേക്ക് മടക്കി അയച്ചതായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു.

കൈ കട്ടിയുള്ള വസ്തുവിൽ തട്ടിപ്പരിക്കേറ്റതിനാൽ മാർക്രമിന് റാഞ്ചിയിൽ കളിക്കാൻ കഴിയില്ലെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ഒൗദ്യോഗിക വിശദീകരണം. എന്നാൽ പൂനെയിൽ ഒൗട്ടായി മടങ്ങവേ അരിശം തീർക്കാൻ എവിടെയോ കൈ ആഞ്ഞിടിച്ചതാണ് പ്രശ്നമായതെന്ന് ടീം വൃത്തങ്ങളിൽ നിന്നറിയുന്നു. ഇന്ത്യയിലെത്തി സന്നാഹ മത്സരത്തിൽ സെഞ്ച്വറിയടിച്ച മാർക്രമിന് ആദ്യ രണ്ട് ടെസ്റ്റുകളിലും ഒന്നും ചെയ്യാനായിരുന്നില്ല. ആദ്യടെസ്റ്റിൽ 5, 39 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും ഡക്കാവുകയും ചെയ്തു. ഇതിന്റെ ദേഷ്യം തീർക്കാനാണ് കൈ എവിടെയോ ആഞ്ഞിടിച്ചത്. അത് അടുത്ത ടെസ്റ്റിനുള്ള അവസരം നഷ്ടമാക്കുകയും ചെയ്തു.

മതിലിൽ ഇടിച്ച്

മിച്ചലിന്റെ കൈ പോയി

ആസ്ട്രേലിയയിലെ ഷെഫീൽഡ് ഷീൽഡ് ക്രിക്കറ്റ് ടൂർണമെന്റിൽ ഒൗട്ടായതിന്റെ ദേഷ്യം ഡ്രെസിംഗ് റൂമിന്റെ മതിലിൽ തല്ലിത്തീർന്ന മിച്ചൽ മാർഷിനും പരിക്കേറ്റു. കൈയ്ക്ക് പൊട്ടലേറ്റ് മിച്ചലിന് പാകിസ്ഥാനെതിരായ ആദ്യടെസ്റ്റിൽ കളിക്കാനും കഴിയില്ല. വിഡ്ഡിയെന്നാണ് മിച്ചലിനെ ആസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ വിശേഷിപ്പിച്ചത്.