തിരുവനന്തപുരം: പ്രളയകാലത്ത് നന്മയുടെ പ്രതീകമെന്ന് കേരളം വിശേഷിപ്പിച്ച എറണാകുളം ബ്രോഡ്‌വേയിലെ തുണിക്കച്ചവടക്കാരൻ നൗഷാദ് വട്ടിയൂർക്കാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് വോട്ട് അഭ്യർത്ഥിച്ചാണ് നൗഷാദ് എത്തിയത്. 'ഞാൻ ചെയ്തത് വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്തിക്കുമായി ചെയ്തതുമല്ല. ദുരന്തമുഖത്ത് എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, സ്ത്രീകൾ. ഇവരുടെയല്ലാം മുഖം കാണുമ്പോൾ എങ്ങനെയാ നമുക്ക് സഹായിക്കാതിരിക്കാനാവുക. പ്രളയകാലത്ത് ദുരന്തത്തിൽ വിറങ്ങലിച്ചവരെ കൈപിടിച്ചുയർത്താനായി എത്ര ലോഡ് സ്‌നേഹമാണ് മേയർ ബ്രോ ഇവിടെ നിന്ന് അയച്ചത്. ഈ കുഞ്ഞ് മനുഷ്യൻ വട്ടിയൂർക്കാവിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങാനായത് എന്റെ ഭാഗ്യമാണ്. എല്ലാവരും നമ്മുടെ ബ്രോയ്ക്ക്, വി.കെ. പ്രശാന്തിന് വോട്ട് ചെയ്യണം. അദ്ദേഹത്തെ ജയിപ്പിക്കണം.' വട്ടിയൂർക്കാവ് കാവല്ലൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.കെ. പ്രശാന്തിനെ ചേർത്തുപിടിച്ച് നൗഷാദിന്റെ വാക്കുകൾ. പ്രളയകാലത്തെ നന്മകൾ ഓർമ്മിപ്പിച്ച നൗഷാദിന്റെ വാക്കുകൾ കേട്ടപ്പോൾ സ്ഥാനാർത്ഥിയും വികാരഭരിതനായി. തനിക്കുവേണ്ടി എറണാകുളത്തുനിന്ന് നൗഷാദ് പ്രചാരണത്തിന് എത്തിയതിലെ സന്തോഷവും നന്ദിയും പ്രശാന്ത് വാക്കുകളിലൂടെ പ്രകടിപ്പിച്ചു. പ്രശാന്തിന്റെ പര്യടന വാഹനത്തിനൊപ്പം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് നൗഷാദ് ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു.