ഓഡെൻസ് : ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾക്ക് കൂട്ടത്തോൽവി. വനിതാ സിംഗിൾസിൽ ഇന്നലെ ലോക ചാമ്പ്യൻ പി.വി. സിന്ധു, പുരുഷ സിംഗിൾസിൽ സായ് പ്രണീത്, സമീർ വെർമ്മ എന്നിവരാണ് തോറ്റത്. കഴിഞ്ഞ ദിവസം സൈന നെഹ്‌വാളും ശ്രീകാന്തും തോറ്റിരുന്നു.
ദക്ഷിണ കൊറിയയുടെ 17 കാരിയായ താരം ആൻസെയംഗാണ് സിന്ധുവിനെ ഇന്നലെ പ്രീക്വാർട്ടറിൽ അട്ടിമറിച്ചത്. 21-14, 21-17 എന്ന സ്കോറിനായിരുന്നു കൊറിയൻ താരത്തിന്റെ വിജയം. സൗരഭിനെ 21-12, 21-10ന് ചൈനീസ് ഒളിമ്പിക് ചാമ്പ്യൻ ചെൻലോംഗും സായ് പ്രണീതിനെ ജപ്പാന്റെ കെന്റോ മൊമോട്ടയുമാണ് തോൽപ്പിച്ചത്. 21-6, 21-14നായിരുന്നു മൊമോട്ടയുടെ വിജയം. പുരുഷ ഡബിൾസിലും ഇന്ത്യയുടെ പോരാട്ടം അവസാനിച്ചിരുന്നു.
ആഗസ്റ്റിൽ ലോക ചാമ്പ്യനായശേഷം തുടർച്ചയായ മൂന്നാം ടൂർണമെന്റിലാണ് സിന്ധു ക്വാർട്ടർ കടക്കാതെ പുറത്താകുന്നത്. നേരത്ത ചൈന ഓപ്പണിൽ രണ്ടാം റൗണ്ടിലും കൊറിയ ഓപ്പണിൽ ആദ്യ റൗണ്ടിലും പുറത്തായിരുന്നു.