isl-
isl 2019-20

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ആറാം സീസണിന് ഞായറാഴ്ച കൊച്ചിയിൽ തുടക്കമാവുകയാണ്. കേരളത്തിന്റെ സ്വന്തം ബ്ളാസ്റ്റേഴ്സും എ.ടി.കെയും തമ്മിലാണ് ഉദ്ഘാടന മത്സരം.

അഞ്ച് സീസണുകളിലും കിരീടം നേടാൻ കഴിയാതിരുന്ന കേരള ബ്ളാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ ഏറെ ദാരുണമായ പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ആ ദുരന്തത്തിൽനിന്നൊരു തിരിച്ചുവരവ് കൊതിച്ചാണ് മഞ്ഞപ്പട ഇക്കുറി ഇറങ്ങുന്നത്.

10 ടീമുകളാണ് കെ.എസ്.എല്ലിൽ ഇക്കുറിയും മത്സരിക്കാനുള്ളത്. എന്നാൽ രണ്ട് ടീമുകൾക്ക് മാറ്റമുണ്ട്. സാമ്പത്തിക പരാധീനതയെ തുടർന്ന് അടച്ചുപൂട്ടിയ എഫ്.സി പൂനെ സിറ്റിക്ക് പകരം പുതിയ ഫ്രാഞ്ചൈസി ഹൈദരാബാദ് എഫ്.സി കളിക്കും. ഡൽഹി ഡൈനാമോസ് ഹോം ഗ്രൗണ്ട് ഭുവനേശ്വറിലേക്ക് മാറ്റുകയും ഒഡിഷ എഫ്.സി എന്ന പുതിയ പേരിലിറങ്ങുകയും ചെയ്യും.

ബംഗളൂരു എഫ്.സിയാണ് നിലവിലെ ഐ.എസ്.എൽ ചാമ്പ്യൻമാർ. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്.സി ഫൈനലിൽ എഫ്.സി ഗോവയെ 1-0ത്തിന് തോൽപ്പിച്ചാണ് കിരീടം നേടിയത്.

ഐ.എസ്.എൽ വേദികളിൽ ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ കഴിയുന്നത് കഴിയുന്നത് കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിനാണ്. 80000 ത്തോളം പേർ. കഴിഞ്ഞ സീസണിൽ ബ്ളാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് കൊച്ചിയിലെ ഗാലറി പലപ്പോഴും ശൂന്യമായിരുന്നു. ഇത്തവണ ആദ്യമത്സരത്തിന്റെ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞത് കൊച്ചിയിൽ വീണ്ടും ആരവം നിറയ്ക്കും.

4 പരിശീലകരാണ് ഇൗ സീസണിൽ മാറിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ച നെലോ വിൻഗാഡയ്ക്ക് പകരം എൽക്കോ ഷാറ്റോറി കേരള ബ്ളാസ്റ്റേഴ്സിൽ എത്തിയിട്ടുണ്ട്. നോർത്ത് ഇൗസ്റ്റ് യുണൈറ്റഡ് ഷാറ്റോറിക്ക് പകരം റോബർട്ട് യാനിയെ ഹെഡ് കോച്ചാക്കിയിട്ടുണ്ട്. എ.ടി.കെയിൽ സ്റ്റീവ് കൊപ്പലിന് പകരം അന്റോണിയോ ഹബാസ് തിരിച്ചെത്തി. ജംഷഡ്പൂർ സെസാർ ഫേർണാൻഡോയ്ക്ക് പകരം അന്റോണിയോ ഇറിയോണ്ടോയെ കോച്ചാക്കിയിട്ടുണ്ട്.

ഇംഗ്ളണ്ടുകാരൻ ഫിൽ ബ്രൗണാണ് പുതിയ ക്ളബ് ഹൈദരാബാദ് എഫ്.സിയുടെ പരിശീലകൻ. ബ്രസീലുകാരൻ സ്ട്രൈക്കർ മാഴ്സലീഞ്ഞോയാണ് നായകൻ. ഡൽഹി ഡൈനാമോസിനും പൂനെ സിറ്റിക്കും കളിച്ചിട്ടുള്ള താരമാണ് മാഴ്സലീഞ്ഞോ.

നൈജീരിയൻ സ്ട്രൈക്കർ ബാർത്തലോമിയോ ഒഗുബച്ചെയാണ് ഇക്കുറി കേരള ബ്ളാസ്റ്റേഴ്സിനെ നയിക്കുന്നത്. സന്ദേശ് ജിംഗാനെ മാറ്റിയാണ് നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിൽ നിന്ന് കോച്ച് ഷാറ്റോരിക്കൊപ്പമെത്തിയ ഒഗുബച്ചെയെ ബ്ളാസ്റ്റേഴ്സ് കോച്ചാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിന് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളാണ് ഒഗുബച്ചെ അടിച്ചുകൂട്ടിയിരുന്നത്.

ഗ്രൂപ്പ് റൗണ്ടിൽ ഒരു ടീമിന് ആകെ 18 മത്സരങ്ങളാണുള്ളത്. ഒൻപത് വീതം ഹോം ആൻഡ് എവേ മത്സരങ്ങൾ. ഗ്രൂപ്പ് റൗണ്ടിൽ പോയിന്റ് നിലയിൽ ഒന്നാമതെത്തുന്ന നാല് ടീമുകൾ സെമിയിലെത്തും.

ഐ.എസ്.എൽ ചാമ്പ്യന്മാർ ഇതുവരെ

2014-കൊൽക്കത്ത

2015-ചെന്നൈയിൻ

2016-കൊൽക്കത്ത

2017-/18 -ചെന്നൈയിൻ

2018/19-ബംഗളൂരു