കാട്ടാക്കട: എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ പ്രസിഡന്റിന്റെ വീട് വളഞ്ഞ അക്രമി സംഘം, മാരകായുധങ്ങളുമായി കുടുംബാംഗങ്ങളെ ആക്രമിക്കാനൊരുങ്ങിയതായി പരാതി. കള്ളിക്കാട് അരുവിക്കുഴി കെ.എസ്. ഭവനിൽ വീരണകാവ് സുരേന്ദ്രന്റെ വീട്ടിലാണ് സംഭവം. കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ:
ഇന്നലെ രാത്രി 7മണിയോടെ നൂറോളം വരുന്ന ആളുകൾ മാരകായുധങ്ങളുമായി സുരേന്ദ്രന്റെ വീട്ടിലെത്തി അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഈ സമയം യൂണിയൻ പ്രസിഡന്റിന്റെ ഭാര്യയും വൃദ്ധയും രോഗിയുമായ ഭാര്യാമാതാവും മൂന്ന് വയസായ മകന്റെ കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടിനകത്ത് കയറി ആക്രമണ ഭീഷണി മുഴക്കി, ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പ്രദേശത്തെയാകെ ഭീതിയിലാക്കി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. പന്നിയോട് കേന്ദ്രമാക്കിയുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. സംഘാംഗങ്ങൾ വീരണകാവ് സുരേന്ദ്രന്റെ മകന് നേരെ വധഭീഷണിയും മുഴക്കി.സ്വസ്ഥമായി കഴിയുന്ന തനിക്കും കുടുംബത്തിനും അക്രമ ഭീതി കൂടാതെ ജീവിക്കാനുള്ള അവസരമുണ്ടാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.