നേമം: ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് പുന്നമൂട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഭക്ഷ്യ മേള ശ്രദ്ധേയമായി. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുളള വിദ്യാർത്ഥികളാണ് സ്കൂളിൽ വേറിട്ട ഭക്ഷ്യ മേള ഒരുക്കിയത്. വീടുകളിൽ നിന്ന് കുട്ടികൾ കൊണ്ടു വന്ന ഭക്ഷ്യ വിഭവങ്ങൾ സ്കൂളിൽ പ്രദർശിപ്പിക്കുകയും അതു വില്പന നടത്തുകയുമാണ് ഇവർ ചെയ്തത്. ഇതിലൂടെ സ്വരൂപിച്ച പണം സ്കൂളിലെ ലൈബ്രറിയിലേയ്ക്ക് വിനിയോഗിക്കും. മേളയിൽ ഭക്ഷ്യ വിഭവങ്ങളായ കൈതച്ചക്ക, വിവിധതരം അച്ചാറുകൾ, കേസരി, പേട, ഉണ്ണിയപ്പം, ഇലയട, ബീഫ് കറി, കപ്പ, വിവിധ തരം പഴങ്ങൾ തുടങ്ങിയ ഇനങ്ങൾ കുട്ടികൾ അണിനിരത്തി. രാവിലെ തുടങ്ങിയ മേള ഉച്ചവരെ നീണ്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.വി. അനിത, പ്രിൻസിപ്പൽ ആർ.ജെ. റോബിൻ ജോസ്, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.