gold

കൊച്ചി: സംസ്ഥാനം ഞെട്ടിയ 'തൃശൂർ സ്വർണ' വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജില്ലയിലെ കൂടുതൽ വീടുകളും ഓഫീസുകളും കസ്റ്റംസിന്റെ നിരീക്ഷണത്തിൽ. വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന അനധികൃത സ്വർണം വീടുകളിലും ഓഫീസുകളിലും രഹസ്യമായി സൂക്ഷിച്ച് പിന്നീട് ആഭരണങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ സ്വർണം സൂക്ഷിച്ചിരുന്ന ചില വീടുകളിൽ മാത്രമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. പ്രദേശത്തെ കൂടുതൽ വീടുകളിലും സമാനമായി സ്വർണം ഉണ്ടായിരിക്കാമെന്നാണ് കസ്റ്റംസ് കരുതുന്നത്. സംശയം തോന്നാതിരിക്കാനാണ് കള്ളക്കടത്ത് സംഘങ്ങൾ വീടുകളെയും ഓഫീസുകളെയും തിരഞ്ഞെടുക്കുന്നത്. വീടുകളിലെ തറ തുരന്ന് പ്രത്യേകം അറ നിർമ്മിച്ചും എ.സി, ഫ്രിഡ്ജ്, തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കുള്ളിലുമാണ് സ്വർണം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ സ്വർണം കണ്ടെടുത്തത് ഇത്തരം രഹസ്യ കേന്ദ്രങ്ങളിൽ നിന്നാണ്.

അതേസമയം, കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. വിശദമായ അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്. മൂന്ന് മാസം നീണ്ടുനിന്ന ഓപ്പറേഷനൊടുവിലാണ് തൃശൂരിൽ നിന്ന് 123 കിലോ സ്വർണം കേരളത്തിലെ കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിനുപുറമേ രണ്ടുകോടി രൂപയും 1900 യു.എസ്. ഡോളറും കണ്ടെടുത്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ 12 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 17 പേരെയാണ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. സംസ്ഥാനത്തെ മറ്റുചിലയിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് കസ്റ്റംസ് ഒരുങ്ങുന്നത്. വൈകാതെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, റെയ്ഡിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട സംഘത്തിനായി അന്വേഷണം നടക്കുന്നുണ്ട്.
തൃശൂരിലെ ചേർപ്പ്, ഊരകം, വല്ലച്ചിറ, ഒല്ലൂർ, മണ്ണുത്തി എന്നിവിടങ്ങളിലെ 23 വീടുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. രണ്ടുസംഘം കടത്തുകാർക്കു പിന്നാലെയായിരുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരിൽ സ്വർണം വാങ്ങാൻ എത്തിയവരുമുണ്ട്. ഇവർ ആർക്കായാണ് സ്വർണം വാങ്ങാൻ എത്തിയതെന്ന് പ്രത്യേകം അന്വേഷിക്കുന്നുണ്ട്. പരിശോധന നടത്തിയ വീടുകളിൽ നിന്നും കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്കുകൾ, സി.സി ടി.വി കാമറകൾ, രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഒരു വീട്ടിൽ നിന്ന് 30 കിലോഗ്രാം വരെ സ്വർണം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണത്തിന് 50 കോടിയോളം രൂപയാണ് മതിപ്പു വില കണക്കാക്കുന്നത്. രണ്ട് ജോയിന്റ് കമ്മിഷണർമാരും എട്ട് ഡെപ്യൂട്ടി കമ്മിഷണർമാരും 138 കസ്റ്റംസ് ഉദ്യോഗസ്ഥരും ജി.എസ്.ടി ഇന്റലിജൻസിലെ നാല് ഉയർന്ന ഉദ്യോഗസ്ഥരുമുൾപ്പെടെ 177 പേരടങ്ങുന്ന സംഘമാണ് ഒരേസമയം പരിശോധന ആരംഭിച്ചത്.

രണ്ട് സംഘങ്ങൾ തമിഴ്നാട്ടിൽ നിന്ന് ബസിലും ഒരുസംഘം ട്രെയിനിലുമാണ് സ്വർണം കടത്തിയിരുന്നത്. 15 പേരുൾപ്പെട്ട രണ്ട് സംഘങ്ങളിൽ നിന്നായാണ് ആദ്യം 21 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. രണ്ട് വാഹനങ്ങളും പിടികൂടി. ഇതിനുപുറമേ കള്ളക്കടത്ത് സ്വർണം ഒളിപ്പിച്ച 23 കേന്ദ്രങ്ങളെക്കുറിച്ചും വിവരം ലഭിച്ചിരുന്നു. ഇവിടങ്ങളിൽ പരിശോധനയ്ക്കായി 23 സംഘങ്ങൾ രൂപീകരിച്ചു. തുടർന്ന് വീടുകളിലും ആഭരണ നിർമാണശാലകളിലും സ്വകാര്യസ്ഥാപനങ്ങളിലുമായി സൂക്ഷിച്ച 102 കിലോ സ്വർണം കൂടി കണ്ടെടുക്കുകയായിരുന്നു.